ഏറ്റെടുക്കല്‍ അവസാനിക്കുന്നില്ല, വീണ്ടുമൊരു കുപ്പിവെള്ള കമ്പനിയെ സ്വന്തമാക്കാന്‍ റിലയന്‍സ്

പത്തോളം ബ്രാന്‍ഡുകളില്‍ സോഫ്റ്റ് ഡ്രിങ്ക്/ കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഏറ്റെടുക്കും

Update:2023-01-04 12:17 IST

Pic Courtesy : Canva

എംഎഫംസിജി മേഖലയില്‍ ഏറ്റെടുക്കലുകളും നിക്ഷേപവും തുടര്‍ന്ന് റിലയന്‍സ് റീറ്റെയ്ല്‍ (Reliance Retail). സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ ഗുജറാത്തി കമ്പനി സോസ്യോ ഹജൂരി ബെവറേജസിലാണ് (Sosyo Hajoori Beverages) റിലയന്‍സിന്റെ പുതിയ നിക്ഷേപം. സ്വാതന്ത്ര്യ സമര കാലത്ത് സ്വദേശി പ്രക്ഷോഭങ്ങളുടെ ഭാഗമായി തുടങ്ങിയ, 100 വര്‍ഷത്തോളം പഴക്കമുള്ള കമ്പനിയാണ് സോസ്യോ.

റിലയന്‍സ് റീറ്റെയ്‌ലിന് കീഴിലുള്ള റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് വഴി സോസ്യോയുടെ 50 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ബാക്കിയുള്ള ഓഹരികള്‍ പ്രൊമോട്ടര്‍മാരായ ഹജൂരി കുടുംബത്തിന്റെ കൈവശമായിരിക്കും. റിലയന്‍സുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാകും ഇനി മുതല്‍ സോസ്യോ പ്രവര്‍ത്തിക്കുക. അതേ സമയം എത്ര രൂപയ്ക്കാണ് റിലയന്‍സ് ഓഹരികള്‍ ഏറ്റെടുത്തത് എന്ന് വ്യക്തമല്ല.

പത്തോളം ബ്രാന്‍ഡുകളില്‍ സോഫ്റ്റ് ഡ്രിങ്ക്/ കുപ്പിവെള്ളം വില്‍ക്കുന്ന സോസ്യോയുടെ പ്ലാന്റ് ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലും മറ്റ് സമീപ സംസ്ഥാനങ്ങളിലുമായാണ് ഇന്ത്യയിലെ വില്‍പ്പന. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്. കഴിഞ്ഞ ആഴ്ച പ്രമുഖ ചോക്കളേറ്റ് കമ്പനിയായ ലോട്ടസിന്റെ (Lotus Chocolate Company Ltd) 51 ശതമാനം ഓഹരികള്‍ 74 കോടിക്ക് റിലയന്‍സ് ഏറ്റെടുക്കുമെന്ന് അറിച്ചിരുന്നു.

സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാംപ കോളയെ റിലയന്‍സ് ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷമാണ്. എഫ്എംസിജി മേഖലയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ഏറ്റെടുക്കലുകളിലൂടെ കമ്പനി. ഏതാനും ദിവസം മുമ്പ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് പാക്കേജ് ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ബ്രാന്‍ഡും അവതരിപ്പിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ ലഹോരി സീര, ബിന്ദു ബിവറേജസ്, ഗാര്‍ഡന്‍സ് എന്നിവയെയും റിലയന്‍സ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

Similar News