ചില്ലറ പണപ്പെരുപ്പം വർധിക്കുന്നതിൽ ആശങ്ക, 7.3 % എത്തുമെന്ന് പ്രവചനം

ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില കുത്തനെ ഉയർന്നു, പാവപെട്ട-മധ്യ വർഗ കുടുംബങ്ങളെ കൂടുതൽ ബാധിക്കും

Update: 2022-10-10 12:15 GMT

രാജ്യത്ത് ചില്ലറ പണപ്പെരുപ്പം വർദ്ധിക്കുന്നതിൽ ആശങ്ക. മൂന്ന് മാസങ്ങൾക്ക് മുൻപ് ധന മന്ത്രി നിർമല സീതാരാമൻ പണപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഒക്ടോബർ 12 ന് പുറത്തിറങ്ങുന്ന കണക്കുകളിൽ ചില്ലറ പണപ്പെരുപ്പം 7.30 ശതമാനമായി വർധിക്കുമെന്ന് റോയിട്ടേഴ്‌സ് വാർത്ത ഏജൻസി ധന ശംസ്ത്രജ്ഞർക്കിടയിൽ നടത്തിയ സർവേയിൽ വ്യക്തമാകുന്നു.

ഇത് കൂടാതെ 6052 വീടുകളിൽ സെപ്റ്റംബറിൽ നടത്തിയ അഭിപ്രായ സർവേയിൽ 85 % ജനങ്ങളും പണപ്പെരുപ്പം വര്ധിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതിൽ 85.3 % ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില വർധനവ് ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. ഭക്ഷ്യേതര ഉൽപ്പന്നങ്ങളുടെ പണപ്പെരുപ്പം വർധിക്കുമെന്ന് 82.3 % കരുതുന്നു. 19 നഗരങ്ങളിൽ നടത്തിയ സർവേ ഫലമാണ് റിസർവ് ബാങ്ക് പ്രസിദ്ധപ്പെടുത്തിയത്.

റിസർവ് ബാങ്ക് ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ നിറുത്താനാണ് ലക്ഷ്യമിടുന്നത്.

റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ 47 ൽ 43 സാമ്പത്തിക വിദഗ്ദ്ധരും പണപ്പെരുപ്പം 7 ശതമാനത്തിൽ അധികമാകുമെന്ന് വിശ്വസിക്കുന്നു.

പണ നയത്തിന് മാത്രം പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാവില്ലെന്ന് ക്രിസിൽ റേറ്റിംഗ്‌സ് എക്കൊണോമിസ്റ് ധർമകീർത്തി ജോഷി അഭിപ്രായപ്പെട്ടു. ധന നയത്തിൽ മാറ്റം വരുത്തിയും, ഉൽപ്പന്നങ്ങളുടെ ലഭ്യത വർധിപ്പിച്ചും പണപ്പെരുപ്പം ഫലപ്രദമായി തടയാൻ സാധിക്കും.

ജൂലായിൽ 6.7 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പം ആഗസ്റ്റിൽ 7 ശതമാനമായി വർധിച്ചു, സെപ്റ്റംബറിലിൽ 7.30 ശതമാനമായി ഉയർന്നിരിക്കാം.

യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കും. നാലു പ്രാവശ്യമായി റീപോ നിരക്കുകൾ 1.90 % വർധിപ്പിച്ച ആർ ബി ഐ തുടർന്നും നിരക്ക് വർധനവ് നടത്താൻ പ്രേരിതരാകും


Tags:    

Similar News