ആമസോണിന് തിരിച്ചടി ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് ഇടപാട് അംഗീകരിച്ച് സിസിഐ

ഫ്യൂച്ചര്‍ റീറ്റെയ്‌ലിനെ റിലയന്‍സിന് വിറ്റ നടപടി കരാര്‍ ലംഘനമാണെന്ന് കാട്ടിയാണ് ആമസോണ്‍ പരാതി നല്‍കിയത്

Update: 2020-11-21 06:12 GMT

ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ ആസ്തികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വിറ്റ നടപടിക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. വില്‍പ്പന വിശ്വാസവഞ്ചനയാണെന്ന് കാട്ടി നിയമനടപടികളിലേക്ക് തിരിഞ്ഞ ഇ കൊമേഴ്‌സ് വമ്പനായ ആമസോണിന് വലിയ തിരിച്ചടിയാണ് ഏറ്റെടുക്കലിന് ലഭിച്ച അംഗീകാരം. ഫ്യൂച്ചറും ആമസോണും തമ്മിലുണ്ടാക്കിയ കരാറിന് വിരുദ്ധമാണ് ഫ്യൂച്ചര്‍ റീറ്റെയ്ല്‍ വില്‍പ്പനയെന്നു കാട്ടി ആമസോണ്‍ സിസിഐയെയും സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെയും സമീപിച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍, ഹോള്‍സെയ്ല്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് ബിസിനസുകള്‍ റിലയന്‍സില്‍ ലയിപ്പിച്ച നടപടിയെ അംഗീകരിക്കുന്നതായി സിസിഐ ട്വീറ്റും ചെയ്തിട്ടുണ്ട്.

കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ വിവിധ ആസ്തികള്‍ 24713 കോടി രൂപയ്ക്കാണ് കഴിഞ്ഞ ഓഗസ്റ്റില്‍ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ ഒരു പ്രമോട്ടറായ ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരിയുള്ള ആമസോണ്‍ ഏറ്റെടുക്കലിനെതിരെ രംഗത്തു വരികയും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ(എസ്‌ഐഎസി) സമീപിക്കുകയും ചെയ്തിരുന്നു.

ആമസോണുമായുള്ള കരാര്‍ പ്രകാരം ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് തങ്ങളുടെ ആസ്തി റിലയന്‍സിന് വില്‍ക്കാനാവില്ലെന്നാണ് വാദം. പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 25 ന് എസ്‌ഐഎസി വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ 1430 കോടി രൂപ മുടക്കി ഫ്യൂച്ചര്‍ കൂപ്പണ്‍സിന്റെ 49 ശതമാനം ഓഹരികളും അതുവഴി ഫ്്യൂച്ചര്‍ റീറ്റെയ്‌ലില്‍ 9.82 ശതമാനം വോട്ടിംഗ് അവകാശവും നേടിയത്.

ഫ്യൂച്ചര്‍ റീറ്റെയ്‌ലില്‍ ഓഹരിയില്ലാത്ത ആമസോണിന് വില്‍പ്പന തടയാന്‍ അവകാശമില്ലെന്ന വാദവുമായി, എസ്‌ഐഎസി ഉത്തരവിനെതിരെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Tags:    

Similar News