ഡണ്‍ഹില്‍ മുതല്‍ ഫുട് ലോക്കര്‍ വരെ, കൂടുതൽ ആഗോള ബ്രാൻഡുകൾ ഇന്ത്യയിലേക്ക്
വാലന്റീനോ, മക്‌ലാരന്‍, ബലെന്‍സിയാഗ തുടങ്ങി ഒരു ഡസനോളം കമ്പനികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തി
ഈ വര്‍ഷം രാജ്യത്ത് പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ തയ്യാറെടുപ്പിലാണ് രണ്ട് ഡസണ്‍ ആഗോള ബ്രാന്‍ഡുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമാണ് ഇത്രയും ബ്രാന്‍ഡുകള്‍ ഒരു വര്‍ഷം ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
2020 ല്‍ ഒരു ആഗോളബ്രാന്‍ഡ് മാത്രം രാജ്യത്തേക്ക് എത്തിയപ്പോള്‍ 2021 ല്‍ മൂന്നും 2022 ല്‍ അത് പതിനൊന്നും ആയി. കോവിഡ് വ്യാപനത്തിനു മുന്‍പ് പ്രതിവര്‍ഷം 12-15 ബ്രാന്‍ഡുകളാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. കോവിഡ് കാലത്തിനുശേഷം വീണ്ടും ഉപഭോഗം ഉയര്‍ന്ന് തുടങ്ങിയതാണ് ആഗോള ബ്രാന്‍ഡുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
ഫാഷന്‍ മുതല്‍ കോഫീ വരെ
ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ റോബർട്ടോ കാവല്ലി, ബ്രിട്ടീഷ് ആഡംബര ഉത്പന്ന ബ്രാന്‍ഡായ ഡണ്‍ഹില്‍, അമേരിക്കന്‍ സ്‌പോര്‍ട്‌സ് വെയര്‍ ആന്‍ഡ് ഫുട് വെയര്‍ റീറ്റെയ്ല്‍ സ്ഥാപനമായ ഫുട് ലോക്കര്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുന്നത്.
കൂടാതെ ഇറ്റാലിയന്‍ കോഫീ ശൃംഖലകളായ ലവാസ, അർമാനി കഫേ, യു.എസിലെ ജാംബ, ഓസ്‌ട്രേലിയയിലെ ദി കോഫി ക്ലബ് തുടങ്ങിയവയും ഈ വര്‍ഷം ഇന്ത്യയിലെത്തും.
വാലന്റീനോ, മക്‌ലാരന്‍, ബലെന്‍സിയാഗ തുടങ്ങി ഒരു ഡസനോളം കമ്പനികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ വരവറിയിച്ചു. പോട്ടെറി ബാണ്‍, പ്രെറ്റ് എ മാംഗർ, ടിം ഹോർട്ടൺസ്, പോപ്‌ഐസ് എന്നിവയും ഉടനെത്തും.
ഇന്ത്യന്‍ കമ്പനികളുമായി കൂട്ട് ചേര്‍ന്ന്
ഇതുകൂടാതെ നിരവധി ഇന്ത്യന്‍ കമ്പനികള്‍ ആഗോള ബ്രാന്‍ഡുകളെ ഇന്ത്യയിലേക്കെത്തിക്കുന്നുമുണ്ട്. ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീറ്റെയ്ല്‍ ലക്ഷ്വറി ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും തുറക്കാനായി ഗാലറിസ് ലഫയെറ്റുമായി അടുത്തിടെ കൈകോര്‍ത്തു. ചൈനയുടെ 'ഷീന്‍' ഫാഷന്‍ ബ്രാന്‍ഡിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് റീറ്റെയ്ല്‍.
ലീ, റാംഗ്‌ളര്‍, ടോയ്‌സ് 'ആര്‍' അസ്, ബേബീസ് 'ആര്‍' അസ് തുടങ്ങിയ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വില്‍പ്പക്കാരായ ഏയ്‌സ് ടര്‍ട്ടില്‍ അടുത്തിടെ പ്രമുഖ വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ഡോക്കേഴ്‌സുമായും കൈകോര്‍ത്തിരുന്നു.