വോഡഫോണ്‍ ഐഡിയയുടെ 5ജി ആറ് മാസത്തിനകം കേരളത്തിലും; ഹിറ്റായി ഗ്യാരന്റി പ്ലാൻ

കമ്പനിയുടെ ഏറ്റവും വലിയ വിപണി കേരളം

Update:2024-05-29 15:55 IST

Image : Vi and Canva

പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ 5ജി സേവനം ആറുമാസത്തിനകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. കേരളത്തിലടക്കം നിലവില്‍ പരീക്ഷണം നടക്കുകയാണ്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ കേരളം സ്വാഭാവികമായും 5ജി സേവനത്തിന്റെ ആദ്യഘട്ടത്തിൽ ഉള്‍പ്പെട്ടേക്കുമെന്ന് വോഡഫോണ്‍ ഐഡിയ (Vi) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.
നിലവില്‍ 3ജി സേവനത്തിന് പ്രയോജനപ്പെടുത്തുന്ന 900 മെഗാഹെട്‌സിന് മുകളിലുള്ള ബാന്‍ഡുകള്‍ കമ്പനി കേരളത്തില്‍ 4ജി സേവനത്തിനായും പ്രയോജനപ്പെടുത്തുന്നുണ്ട്. അടുത്ത 30-60 ദിവസത്തിനകം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം വീയില്‍ നിന്ന് ലഭ്യമാകാന്‍ ഇത് സഹായിക്കും.
4ജി ഉപയോക്താക്കള്‍ക്കും 5ജി സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും മികവുറ്റ സേവനം ഉറപ്പാക്കുന്ന വീ ഗ്യാരന്റി പ്ലാന്‍ (Vi Guarantee) കഴിഞ്ഞദിവസം കമ്പനി അവതരിപ്പിച്ചിരുന്നു. 239 രൂപയ്ക്കുമുകളിലുള്ള ഡേറ്റാ പ്ലാനുകളിന്മേല്‍ ഓരോ 28 ദിവസം കൂടുമ്പോഴും 10 ജിബി വീതം അധിക ഡേറ്റ അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്ന ഈ പ്ലാനിന് കേരളത്തിലും സ്വീകാര്യതയുണ്ട്.
തുടര്‍ച്ചയായി 13 തവണ ഇത്തരത്തില്‍ 10 ജിബി വീതം ഡേറ്റ ലഭിക്കും. അതായത് 130 ജിബി അധിക ഡേറ്റ ഒരുവര്‍ഷക്കാലയളവില്‍ ഇത്തരത്തില്‍ നേടാമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വലിയ വിപണി
വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും വലുതും ഏറ്റവുമധികം പ്രവര്‍ത്തനലാഭം നല്‍കുന്നതുമായ വിപണിയാണ് കേരളമെന്ന് അഭിജിത് കിഷോര്‍ പറഞ്ഞു. 1.36 കോടി വരിക്കാരാണ് കമ്പനിക്ക് കേരളത്തിലുള്ളത്. കേരള ജനസംഖ്യയുടെ 38 ശതമാനം വരുമിത്.
കേരളത്തിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വര്‍ക്കും വീയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കമ്പനി 2,700 കോടിയിലധികം രൂപയുടെ വിപുലീകരണം കേരളത്തിൽ നടത്തിയിട്ടുണ്ട്. 40,000 റീചാര്‍ജ് ലൊക്കേഷനുകളും കമ്പനിക്ക് കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടിയേക്കും നിരക്കുകള്‍
നിലവില്‍ ഓരോ ഉപയോക്താവില്‍ നിന്നും കമ്പനി നേടുന്ന ശരാശരി വരുമാനം (ARPU) 146 രൂപയാണ്. 200-250 രൂപ നിലവില്‍ വേണ്ടിടത്താണ് 146 രൂപയുള്ളത്. എന്നാല്‍, 250 രൂപവരെയായി എ.ആര്‍.പി.യു ഉയര്‍ന്നാലും കമ്പനിക്ക് പ്രവര്‍ത്തനനഷ്ടം ഒഴിവാക്കാനാവില്ല. വിപുലീകരണത്തിനും വികസനത്തിനും അനുസൃതമായി എ.ആര്‍.പി.യുവും ഉയരേണ്ടതുണ്ടെന്ന് അഭിജിത് കിഷോര്‍ പറഞ്ഞു.
Tags:    

Similar News