ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിനൊരുങ്ങി സൊമാറ്റോ

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 750 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് ഫുഡ് ഡെലിവറി ആപ്പ് ഒരുങ്ങുന്നത്

Update: 2021-04-17 10:43 GMT

ഫുഡ്‌ടെക് ഭീമനായ സൊമാറ്റോ സ്വകാര്യ കമ്പനിയില്‍ നിന്ന് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറാനൊരുങ്ങുന്നു. ഈ വര്‍ഷം തന്നെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 750 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് ഫുഡ് ഡെലിവറി ആപ്പ് ഒരുങ്ങുന്നത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ബന്ധപ്പെട്ട സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യാന്‍ തയാറാണെന്ന് സൊമാറ്റോ റെഗുലേറ്ററി ഫയലിംഗുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റി ബാങ്ക്, ക്രെഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് ഐപിഒയുടെ പ്രധാന മര്‍ച്ചന്റ് ബാങ്കര്‍മാരായി സോമാറ്റോ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം 6699: 1 അനുപാതത്തില്‍ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് 247.6 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ ബോണസ് ഷെയറുകളായി നല്‍കാനുള്ള മറ്റൊരു പ്രത്യേക പ്രമേയം കമ്പനി പാസാക്കിയിട്ടുണ്ട്. ഫിഡിലിറ്റി ഗ്രൂപ്പ്, ഇസോപ്പ് ട്രസ്റ്റ്, ടെമസെക്, ഇന്‍ഫോ എഡ്ജ്, സൊമാറ്റോ സഹസ്ഥാപകരായ ദീപീന്ദര്‍ ഗോയല്‍, പങ്കജ് ചദ്ദ എന്നിവരുള്‍പ്പെടെ 17 ഓഹരി ഉടമകള്‍ക്ക് ഓഹരി അലോട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്.

സൊമാറ്റോയെ കൂടാതെ, ഓമ്‌നിചാനല്‍ റീട്ടെയിലര്‍ നൈകയും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോം പോളിസിബസാറും ഈ വര്‍ഷം തന്നെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിനൊരുങ്ങുന്നുണ്ട്.

Tags:    

Similar News