ബൈജൂസിന്റെ കണക്കുകള്‍ പൊള്ളയോ? പറഞ്ഞതിന്റെ പാതിപോലുമില്ല വരുമാനം

ബൈജൂസിന്റെ നഷ്ടവും കുതിച്ചുയര്‍ന്നു; ഉപകമ്പനിയായ ഗ്രേഡ്അപ്‌ ലാഭത്തിലേക്ക്

Update:2023-12-20 14:46 IST

ബൈജു രവീന്ദ്രന്‍

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് പുറത്ത്. എന്‍.ഡി.ടിവി പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ പ്രവര്‍ത്തന വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 5,015 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2,280 കോടി രൂപയായിരുന്നു. എന്നാല്‍ കമ്പനിയുടെ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി ഉയര്‍ന്നു.

ബൈജൂസ് പറഞ്ഞത് കള്ളക്കണക്കോ?

2021-22ല്‍ മൊത്തവരുമാനം (Gross Revenue) നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്ന് ബൈജൂസ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് പ്രകാരം 5,000 കോടി രൂപ മാത്രമാണ് വരുമാനം. എന്നാല്‍ വരുമാനത്തിലെ ഈ വ്യത്യാസത്തെ സംബന്ധിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്ന് വ്യക്തത ഉണ്ടാകുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.
കെ-12 ബിസിനസ് 150 ശതമാനം വളര്‍ന്നതായും ബൈജൂസ് ഏറ്റെടുത്തതിനു ശേഷം ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവയുടെ വരുമാനം ഇരട്ടിയായതായും നേരത്തെ ബൈജൂസ് പറഞ്ഞിരുന്നു.
എന്നാല്‍ കമ്പനിയുടെ സംയോജിത വാര്‍ഷിക റിപ്പോര്‍ട്ടുകളെ കുറിച്ച് ബൈജൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് നടക്കുന്ന എ.ജി.എമ്മില്‍ ബൈജൂസ് 2022 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുമെന്നാണ് കമ്പനിയുടെ നോട്ടീസില്‍ പറയുന്നത്.
ബൈജൂസിന്റെ മാത്രം നഷ്ടം
19 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ നവംബറിലാണ് ബൈജൂസ് മുഖ്യ പ്രവര്‍ത്തനഫലം (core operations) പുറത്തുവിട്ടത്. അതനുസരിച്ച് 2,253 കോടി രൂപയുടെ എബിറ്റ്ഡ നഷ്ടമാണ് ബൈജൂസ് രേഖപ്പെടുത്തിയത്. നികുതി, പലിശ തുടങ്ങിയവയ്ക്ക് ശേഷമുള്ള നഷ്ടം 2020-21 ലെ 2,406 കോടി രൂപയില്‍ നിന്ന് 6.30 ശതമാനം കുറഞ്ഞു. പക്ഷെ 2,000 കോടി രൂപയ്ക്ക് മേല്‍ നഷ്ടം തുടരുകയാണ് ചെയ്തത്.
വരുമാനം 2.3 മടങ്ങ് ഉയര്‍ന്ന് 3,569 കോടി രൂപയുമായിരുന്നു. ബൈജൂസിന്റെ വരുമാനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ്, വൈറ്റ്ഹാറ്റ് ജൂനിയര്‍ തുടങ്ങി പ്രതാപകാലത്ത് ബൈജൂസ് ഏറ്റെടുത്ത സ്ഥാപനങ്ങളുടെ കണക്കുകള്‍ 
ഒഴികെയാണിത്.

ഏറ്റെടുക്കലുകള്‍ പ്രയോജനപ്പെടുത്താനായില്ല
ആകാശ് ഉള്‍പ്പെടെ എട്ട് പ്രമുഖ കമ്പനികളെയാണ് 2021-22ല്‍ ബൈജൂസ് ഏറ്റെടുത്തത്. ആ വര്‍ഷം 80 കോടി ഡോളര്‍ (ഏകദേശം 6,500 കോടി രൂപ) നിക്ഷേപവും സ്വന്തമാക്കിയ ബൈജൂസ് 2,200 കോടി ഡോളറിന്റെ (1.82 ലക്ഷം കോടി രൂപ) മൂല്യവും നേടിയിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി മാറിയ ബൈജൂസിന്റെ വീഴ്ച പെട്ടെന്നായിരുന്നു.
കൊവിഡിനു ശേഷമുള്ള കാലയളവില്‍ പഴയ വളര്‍ച്ച നിലനിര്‍ത്താനാകാതെ വന്നതോടെയാണ് കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇതിനിടെ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പയുടെ പലിശ തിരിച്ചടയ്ക്കാനാവാതെ വന്നത് നിയമനടപടികളിലേക്കും വഴിവച്ചു.
ഗ്രേഡ്അപ്പിന് ലാഭം

ബൈജൂസിന്റെ കീഴിലുള്ള പരീക്ഷ പരിശീലനത്തിനുള്ള സ്റ്റാര്‍ട്ടപ്പായ ഗ്രേഡ്അപ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15.2 കോടി രൂപ ലാഭം രേഖപ്പെടുത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 133 കോടി രൂപയുട നഷ്ടത്തില്‍ നിന്നാണ് ഈ കുതിപ്പ്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 49.1 കോടി രൂപയില്‍ നിന്ന് 214 ശതമാനം ഉയര്‍ന്ന് 154.1 കോടി രൂപയായും ഉയര്‍ന്നു. വിദ്യാഭ്യാസവും അനുബന്ധവുമായ മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ട്. മാതൃകമ്പനിയായ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസില്‍ നിന്നാണ് ഗ്രേഡ്അപ്പിന്റെ മുഖ്യ വരുമാനം.

Tags:    

Similar News