ബൈജൂസിനെ നന്നാക്കാന്‍ ₹2,500 കോടി തരണം; നിക്ഷേപകരോട് അപേക്ഷിച്ച് ബൈജു രവീന്ദ്രന്‍
ബോര്‍ഡില്‍ മാറ്റം വരുത്തണമെന്ന മുറവിളിയുമായി നിക്ഷേപകരും
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബൈജൂസിനെ രക്ഷിക്കാന്‍ അത്യാവശ്യമായി 2,500 കോടി രൂപ (30 കോടി ഡോളര്‍) നല്‍കാന്‍ നിക്ഷേപകരോട് ആവശ്യപ്പെട്ട് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബൈജു രവീന്ദ്രന്‍. ബൈജൂസിന്റെ ബോര്‍ഡില്‍ കാര്യമായ മാറ്റം വരുത്തണമെന്ന നിക്ഷേപകരുടെ ആവശ്യത്തിനിടെയാണ് ബൈജു രവീന്ദ്രന്റെ പുതിയ നീക്കം.
വിവിധ നിക്ഷേപകരില്‍ നിന്നായി ബൈജൂസ് ഇതുവരെ 580 കോടി ഡോളര്‍ (ഏകദേശം 48,000 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്.
എതിര്‍പ്പുമായി നിക്ഷേപകര്‍
കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ (AGM) ബൈജൂസിന്റെ നടത്തിപ്പിനെ കുറിച്ച് നിക്ഷേപകര്‍ കുറ്റപ്പെടുത്തിയിരുന്നു. ബോര്‍ഡില്‍ മാറ്റം വരുത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കൃത്യവുമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. എന്നാല്‍ സ്ഥാപനത്തില്‍ കൂടുതല്‍ നിയന്ത്രണാവകാശം നല്‍കാമെന്നും 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുമാണ് ബൈജു രവീന്ദ്രന്‍ തിരിച്ച് നിക്ഷേപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപകരുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേ കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
പണം സമാഹരിക്കാനായാല്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വായ്പക്കാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബൈജൂസിന് സാധിക്കും.
കൃത്യത വേണം
കമ്പനിയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായും വ്യക്തമായും ഓഹരി ഉടമകളെ അറിയിക്കണമെന്നും സാമ്പത്തിക കണക്കുകളില്‍ സുതാര്യത വേണമെന്നും പ്രവര്‍ത്തനഫലം കാലതാമസമില്ലാതെ പുറത്തുവിടണമെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന പൊതുയോഗത്തില്‍ നിക്ഷേപകര്‍ ബൈജു രവീന്ദ്രനോട് ആവശ്യപ്പെട്ടത്. 60 ഓളം ഓഹരിയുടമകള്‍ മീറ്റിംഗില്‍ പങ്കെടുത്തു. 2021-22 സാമ്പത്തിക വര്‍ഷത്ത പ്രവര്‍ത്തനഫലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പൊതുയോഗം അനുമതി നല്‍കി.
കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്തേക്ക് എം.എസ്.കെ.എ ആന്‍ഡ് അസോസിയേറ്റ്‌സിനെ (ബി.ഡി.ഒ ഇന്ത്യ) നിയമിക്കാനും യോഗം അനുമതി നല്‍കി. എന്നാല്‍ ഓഡിറ്റര്‍ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ യോഗത്തിന് ആദ്യം എത്താതിരുന്നതില്‍ നിക്ഷേപകര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് മീറ്റിംഗ് അവസാനിക്കും മുന്‍പ് പ്രതിനിധികളെത്തി നിക്ഷേപകരുമായി സംവദിച്ചതായി ബൈജൂസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
കമ്പനിയുടെ ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനെ കുറിച്ചും പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്നതിനെ കുറിച്ചുമൊക്കെ കമ്പനിയുടെ പുതുതായി ചുമതലയേറ്റെടുത്ത ഇന്ത്യാ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹനും നിക്ഷേപകരുമായി സംസാരിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം ബൈജൂസ് പുറത്തുവിട്ടത്. ഇതുപ്രകാരം കമ്പനിയുടെ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി കൂടിയിരുന്നു. നഷ്ടം കുറച്ച് സുസ്ഥിര വളര്‍ച്ചയിലേക്ക് എത്തുകയെന്നത് ബൈജൂസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.