ഒടുവില്‍ കണക്കുകള്‍ 'ഭാഗികമായി' വെളിപ്പെടുത്തി ബൈജൂസ്, 'ഭീമന്‍ നഷ്ടം' തുടരുന്നു
19 മാസമായി പുറത്തുവിടാതിരുന്ന കണക്കുകളാണ് ബൈജൂസ് പ്രസിദ്ധീകരിച്ചത്, വൈകാതെ ലാഭപാതയിലേക്ക് തിരിച്ചെത്തുമെന്ന് ബൈജു രവീന്ദ്രന്‍
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന ബൈജൂസ് ഒടുവില്‍ 19 മാസത്തെ 'ഇടവേളയ്ക്ക്' ശേഷം പ്രവര്‍ത്തനഫലം പുറത്തുവിട്ടു. വിദ്യാഭ്യാസ ടെക്‌നോളജി (EdTech) സ്ഥാപനമായ ബൈജൂസ് 2021-22 വര്‍ഷത്തെ പ്രവര്‍ത്തനഫലമാണ് സമ്മര്‍ദ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ പുറത്തുവിട്ടത്.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭം (EBITDA) ഏറെക്കാലമായി നെഗറ്റീവാണ്. അതായത്, എബിറ്റ്ഡ നഷ്ടമാണ് (EBITDA Loss) അഥവാ പ്രവർത്തന നഷ്ടമാണ് ബൈജൂസിനുള്ളത്. ഇത് 2020-21ലെ 2,406 കോടി രൂപയില്‍ നിന്ന് 2021-22ല്‍ 6.36 ശതമാനം താഴ്ന്ന് 2,253 കോടി രൂപയായെന്ന് ബൈജൂസ് വ്യക്തമാക്കി. എങ്കിലും 2,000 കോടി രൂപയ്ക്കുമേൽ എബിറ്റ്ഡ നഷ്ടം തുടർന്നു എന്നത് തിരിച്ചടിയാണ്.
കണക്കുകൾ അപൂർണം!
ബൈജൂസിന്റെ മുഖ്യ പ്രവര്‍ത്തനത്തിലെ (Core operations) കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2021-22ലെ അറ്റ നഷ്ടം (Net Loss) ഇപ്പോഴും പുറത്തുവിടാന്‍ ബൈജൂസ് തയ്യാറായിട്ടില്ല. വെളിപ്പെടുത്തിയതാകട്ടെ എബിറ്റ്ഡ നഷ്ടവും വരുമാനവും മാത്രമാണ്.
2021-22ലെ വരുമാനം 2.3 മടങ്ങ് ഉയര്‍ന്ന് 3,569 കോടി രൂപയായി. ബൈജൂസിന്റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന അകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ്, വൈറ്റ്ഹാറ്റ് ജൂനിയര്‍ തുടങ്ങി പ്രതാപകാലത്ത് ബൈജൂസ് ഏറ്റെടുത്ത സ്ഥാപനങ്ങളുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ട പ്രവര്‍ത്തനഫലത്തില്‍ ഉള്‍പ്പെടുന്നില്ല.
4,558 കോടി രൂപയായിരുന്നു തൊട്ടുമുന്‍ വര്‍ഷത്തെ മൊത്ത നഷ്ടം. 2019-20ലെ 262 കോടി രൂപയില്‍ നിന്നാണ് നഷ്ടം കുതിച്ചുയര്‍ന്നത്. കമ്പനിയുടെ ലാഭക്ഷമത (മാര്‍ജിന്‍) നെഗറ്റീവാണ്. 2020-21ലെ 155 ശതമാനത്തില്‍ നിന്ന് 2021-22ല്‍ ഇത് 63 ശതമാനത്തിലേക്കെത്തി. വരുമാനം 2021-22ല്‍ നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്ന് ബൈജൂസ് നേരത്തേ അവകാശപ്പെട്ടിരുന്നു.
വൈകി ഉദിച്ച പ്രവര്‍ത്തനഫലം
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബൈജൂസില്‍ നിന്ന് അടുത്തിടെ ഉന്നതര്‍ രാജിവയ്ക്കുന്നത് തുടര്‍ക്കഥയായിരുന്നു. പ്രവര്‍ത്തനഫലം പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ഓഡിറ്റര്‍ പദവി ഡെലോയിറ്റ് ഒഴിഞ്ഞിരുന്നു.
ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുക്ത ദീപക്, അന്താരാഷ്ട്ര ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ ചെറിയാന്‍ തോമസ് എഎന്നിവരും രാജിവച്ചിരുന്നു. പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കേ കഴിഞ്ഞമാസം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) അജയ് ഗോയലും രാജിവച്ചു.
ഈ വര്‍ഷം തന്നെ ലാഭത്തിലേറുമെന്ന് ബൈജു
നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ബൈജൂസ് ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് സ്ഥാപകനും സി.ഇ.ഒയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. മൊത്തം പ്രവര്‍ത്തനഫലവും ഏറ്റെടുത്ത കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ഉള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ കണക്കുകള്‍ മൂന്നാഴ്ചയ്ക്കകം കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നാണ് ബൈജൂസ് വ്യക്തമാക്കിയിട്ടുള്ളത്.
ആകാശ് ഉള്‍പ്പെടെ എട്ട് പ്രമുഖ കമ്പനികളെയാണ് 2021-22ല്‍ ബൈജൂസ് ഏറ്റെടുത്തത്. ആ വര്‍ഷം 80 കോടി ഡോളര്‍ (6,500 കോടി രൂപ) നിക്ഷേപവും (Funding) സ്വന്തമാക്കിയ ബൈജൂസ് 2,200 കോടി ഡോളറിന്റെ (1.82 ലക്ഷം കോടി രൂപ) മൂല്യവും (Valuation) നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടമാണ് ഇതിലൂടെ ബംഗളൂരു ആസ്ഥാനമായ മലയാളി സംരംഭമായ ബൈജൂസ് സ്വന്തമാക്കിയതും.
കടക്കെണിയില്‍ തിരിച്ചടി
അതിവേഗം വളരുകയും എതിരാളികളായ നിരവധി കമ്പനികളെ ഏറ്റെടുത്ത് മുന്നേറുകയും ചെയ്‌തെങ്കിലും കണക്കുകളില്‍ ബൈജൂസിന് അടിതെറ്റി. വിദേശ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പയുടെ തിരിച്ചടവ് കൃത്യമായി പാലിക്കാനായില്ല. ഇത് കോടതി നടപടികള്‍ക്കും വഴിവച്ചു.
6 മാസത്തിനകം വായ്പ പൂര്‍ണമായി തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം കഴിഞ്ഞ സെപ്റ്റംബറില്‍ ബൈജൂസ് മുന്നോട്ടുവച്ചിരുന്നു. മൂന്ന് മാസത്തിനകം 30 കോടി ഡോളര്‍ (2,500 കോടി രൂപ) തിരിച്ചടയ്ക്കും; ബാക്കി അടുത്ത മൂന്ന് മാസത്തിനകവും എന്നാണ് വാഗ്ദാനം.
ഇതിന്റെ ഭാഗമായി ഉപസ്ഥാപനങ്ങളായ ഗ്രേറ്റ് ലേണിംഗ്, അമേരിക്കയിലെ എപിക് (Epic) എന്നിവയെ ബൈജൂസ് വിറ്റൊഴിഞ്ഞേക്കും. ബൈജൂസിന്റെ നിലവിലെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ആകാശ എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ഭൂരിഭാഗം ഓഹരികളും വില്‍ക്കുന്നതും ആലോചിക്കുന്നുണ്ടെന്നാണ് സൂചനകള്‍.
കടം വീട്ടാനുള്ള തുക തേടി മണിപ്പാല്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈയുമായി ബൈജൂസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആകാശില്‍ 25-30 കോടി ഡോളറിന്റെ (2,000-2,500 കോടി രൂപ) നിക്ഷേപം രഞ്ജന്‍ പൈ നടത്തിയേക്കുമെന്നാണ് സൂചനകള്‍.