ബൈജു രവീന്ദ്രനോട് 'കടക്ക് പുറത്തെന്ന്' ഓഹരിയുടമകള്‍; പാപ്പരത്ത അപേക്ഷയുമായി അമേരിക്കന്‍ യൂണിറ്റ്

അസാധാരണ പൊതുയോഗം വേണമെന്ന് ആവശ്യം

Update:2024-02-02 12:07 IST

സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ നേതൃനിരയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ മുഖ്യ ഓഹരി ഉടമകള്‍. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജൂ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ബോര്‍ഡില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഓഹരിയുടമകള്‍ ആവശ്യമുന്നയിച്ചിരിക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനിയുടെ പ്രധാന നിക്ഷേപകരായ ജനറല്‍ അറ്റ്‌ലാന്റിക്, പ്രോസസ് വെഞ്ച്വേഴ്‌സ്, പീക്ക് എക്‌സ്‌വി, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ് എന്നിവയാണ് അസാധാരണ പൊതുയോഗം വിളിക്കണമെന്നും കമ്പനിയുടെ ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. അസാധാരണ പൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിലും ഡിസംബറിലും നോട്ടീസ് അയച്ചിരുന്നെങ്കിലും 
ബോര്‍ഡ് ഇത് നടത്താന്‍
 പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ആവശ്യമുന്നയിച്ചിരിക്കുന്നത്. ബൈജൂസിന്റെ വക്താക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
തുടർച്ചയായ തിരിച്ചടി
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ബൈജൂസിന്റെ മാനേജ്‌മെന്റിനെ സംബന്ധിച്ച് പുതിയ നീക്കം തിരിച്ചടിയാണ്. ബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരികളിറക്കി 20 കോടി ഡോളര്‍ സമാഹരിക്കുന്നതായി ഈ ആഴ്ച ആദ്യം ബൈജൂസ് പറഞ്ഞിരുന്നു. കമ്പനിയുടെ വാല്വേഷന്‍ വെറും 22.5 കോടി ഡോളര്‍ ആയികണക്കാക്കിയാണ് നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരികളിറക്കി പണം സമാഹരിക്കുന്നത്. 2021ല്‍ 2,200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്നതാണ് 
(ഏകദേശം 1.8 ലക്ഷം കോടി രൂപ) ഇപ്പോള്‍ 99 ശതമാനത്തിലധികം കുറഞ്ഞിരിക്കുന്നത്.

ആയിരക്കണക്കിന് ജീവനക്കാരെ പറഞ്ഞുവിട്ടും കമ്പനി ലാഭക്ഷമത ഉറപ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു. 

പാപ്പരത്ത അപേക്ഷയുമായി യു.എസില്‍
ഇതിനിടെ യു.എസ് യൂണിറ്റിനെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി ബൈജൂസ് യു.എസ് കോടതിയെ സമീപിച്ചതായും വാര്‍ത്തകളുണ്ട്. 100 കോടി ഡോളര്‍ മുതല്‍ 1,000 കോടി ഡോളര്‍ വരെയാണ് ബൈജൂസിന്റെ അമേരിക്കന്‍ കമ്പനിയായ ആല്‍ഫയുടെ ബാധ്യത.  ആസ്തി ഏകദേശം 50 കോടി ഡോളര്‍ മുതല്‍ 100 കോടി ഡോളര്‍ വരെയാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് കോടതിയില്‍ ഹാജരാക്കിയിരുന്ന രേഖകള്‍ കാണിക്കുന്നത്.
കൊവിഡനന്തരം ബിസിനസ് വളര്‍ച്ച കുറഞ്ഞതും ഏറ്റെടുത്ത കമ്പനികളില്‍ പലതും പ്രതീക്ഷിച്ച വളര്‍ച്ച നേടാത്തതും കമ്പനിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു. വിദേശ വായ്പകളില്‍ തിരിച്ചടവ് വീഴ്ച വന്നതോടെ കമ്പനിയെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വായ്പാദാതാക്കള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
Tags:    

Similar News