ബൈജൂസില്‍ നിന്ന് 'മുതലാളി' പുറത്തേക്കോ? ഈയാഴ്ച അറിയാം ബൈജുവിന്റെ തലവര!

അവകാശ ഓഹരി വില്‍പനയ്ക്ക് മികച്ച പ്രതികരണം

Update: 2024-02-19 07:10 GMT

Image courtesy Byju's

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസില്‍ നിന്ന് സ്ഥാപക സി.ഇ.ഒ ബൈജു രവീന്ദ്രന്‍ പുറത്താകുമോ? ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും.
ദിവ്യ ബൈജുവിന്റെ ഭാര്യയും റിജു സഹോദരനുമാണ്. ബൈജൂസിലെ 26 ശതമാനം ഓഹരികള്‍ മൂവരുടെയും കൈവശമാണ്.
വോട്ടിംഗ് ബൈജുവിന്റെ നേതൃത്വത്തില്‍!
ബൈജു രവീന്ദ്രന്റെ തന്നെ നേതൃത്വത്തിലാണ് വോട്ടിംഗ് നടക്കുക. അദ്ദേഹം പുറത്താക്കുന്നതിനെതിരെ വോട്ട് ചെയ്യും. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ബൈജൂസില്‍ നിന്ന് ബൈജു അടക്കമുള്ള സഹസ്ഥാപകര്‍ മാറിനില്‍ക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നുമാണ് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടത്.
കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ ജനറല്‍ അറ്റ്‌ലാന്റിക്, പ്രൊസസ് വെഞ്ച്വേഴ്‌സ്, പീക്ക് എക്‌സ്‌വി, ചാന്‍ സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്‌സ് എന്നിവയാണ് അസാധാരണ പൊതുയോഗം (EGM) വിളിച്ച് വോട്ടിംഗ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് 25 ശതമാനം ഓഹരി പങ്കാളിത്തം ബൈജൂസിലുണ്ടെങ്കിലും വോട്ടിംഗ് അവകാശമില്ല. ഇവര്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നുമില്ല.
വോട്ടിംഗില്‍ ഫലം ബൈജുവിനും സഹസ്ഥാപകര്‍ക്കും അനുകൂലമായാല്‍ നിക്ഷേപകര്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചേക്കും.
അവകാശ ഓഹരിക്ക് നല്ല പ്രതികരണം
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ സംഘടിപ്പിക്കുന്ന അവകാശ ഓഹരി വില്‍പനയ്ക്ക് (Rights Issue) മികച്ച പ്രതികരണം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനകം 30 കോടി ഡോളറിന്റെ (ഏകദേശം 2,500 കോടി രൂപ) വാഗ്ദാനം ഇഷ്യൂവിന് ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെയാണ് അവകാശ ഓഹരി വില്‍പന.
പ്രതാപകാലത്ത് 2,200 കോടി ഡോളര്‍ (1.83 ലക്ഷം കോടി രൂപ) മൂല്യം ബൈജൂസിനുണ്ടായിരുന്നു. പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മൂല്യം കുത്തനെ ഇടിഞ്ഞു. നിലവില്‍ 22-25 കോടി ഡോളറാണ് കല്‍പ്പിക്കുന്ന മൂല്യം (ഏകദേശം 2,000 കോടി രൂപ). ഈ മൂല്യം അടിസ്ഥാനമാക്കിയാണ് അവകാശ ഓഹരി വില്‍പനയും.
Tags:    

Similar News