'നല്ല നടപ്പ്' പഠിക്കാന്‍ ബൈജൂസ്; ഉപദേശക സമിതിയെ വയ്ക്കും
പ്രതിസന്ധികളുടെ കാരണം നഷ്ടത്തിപ്പിലെ പോരായ്മയാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു
കമ്പനി നടത്തിപ്പിന്റെ പേരില്‍ വിവിധയിടങ്ങളില്‍ നിന്ന് പഴികേള്‍ക്കേണ്ടി വന്ന പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക (EdTech/എഡ്‌ടെക്) സ്ഥാപനമായ ബൈജൂസ് ബോര്‍ഡ് അഡ്വൈസറി കമ്മിറ്റിയെ(BAC) നിയമിക്കാനൊരുങ്ങുന്നു. കമ്പനിയുടെ നടത്തിപ്പ്, ബോര്‍ഡിന്റെ ഘടന എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയാണ് ബി.എ.സിയുടെ ദൗത്യം.
വിശ്വസനീയമായ പശ്ചാത്തലമുള്ള സ്വതന്ത്ര ഡയറക്ടര്‍മാരടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പായിട്ടായിരിക്കും ബി.എ.സിയുടെ പ്രവര്‍ത്തനം. വൈവിധ്യമാര്‍ന്ന കോര്‍പ്പറേറ്റ് മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവരെയാണ് പരിഗണിക്കുന്നതെന്ന് ഓഹരി ഉടമകളുമായി നടന്ന മീറ്റിംഗില്‍ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ജൂലൈ നാലിനാണ് ഓണ്‍ലൈനായി അസാധാരണ പൊതുയോഗം(Extraordinary General Meeting/EGM) നടത്തിയത്. 75 ലധികം ഓഹരി ഉടമകള്‍ മീറ്റിംഗില്‍ പങ്കെടുത്തതായി ബൈജൂസ് സി.ഇ.ഒ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന അടുത്ത ഇ.ജി.എമ്മില്‍ ബി.എ.സി അംഗങ്ങളെയും അതിന്റെ ഘടനയേയും കുറിച്ച് ചര്‍ച്ച ചെയ്യും.
വിശ്വാസം തിരിച്ചു പിടിക്കാന്‍
ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റ് പിന്‍മാറിയതും മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചതും നിക്ഷേപകരുടെ വിശ്വാസം നഷ്ടമാക്കിയ സമയത്താണ് സി.ഇ.ഒ അജയ് ഗോയല്‍ ഓഹരി ഉടമകളുമായി ആശയവിനിമയം നടത്തിയത്.
2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തിറക്കുന്നതില്‍ 18 മാസത്തെ കാലതാമസമുണ്ടായതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിവിധ നിക്ഷേപകരില്‍ നിന്നായി നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 41,000 കോടി രൂപ സമാഹരിച്ച ബൈജൂസിന്റെ വിപണി മൂല്യം പല സ്ഥാപനങ്ങളും അടുത്തിടെ കുറച്ചതും ബൈജൂസിന് തിരിച്ചടിയായി. നെതര്‍ലാന്‍ഡ് ആസ്ഥാനമായ വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ പ്രോസസ് 2,200 കോടി ഡോളറില്‍ നിന്ന് 510 കോടി ഡോളറായാണ് ബൈജൂസിന്റെ മൂല്യം കഴിഞ്ഞ മാസം കുറച്ചത്. കമ്പനിയുടെ പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 2015 മുതല്‍ ഏകദേശം 3,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രവര്‍ത്തനഫലം സെപ്റ്റംബറില്‍
യു.എസ് വായ്പാദാതാക്കളില്‍ നിന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാത്തതും ഇ.ജി.എം ചര്‍ച്ച ചെയ്തു. ഇരുകൂട്ടര്‍ക്കും പ്രശ്‌നമില്ലാതെ നിയമനടപടികള്‍ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നു ബൈജൂസ് ഓഹരിയുടമകളോട് പറഞ്ഞതായാണ് അറിയുന്നത്. പണം തിരിച്ചടയ്ക്കാതെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ബൈജൂസ് വായ്പാദാതാക്കള്‍ക്കെതിരെ അമേരിക്കയില്‍ കേസ് കൊടുത്തിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് സെപ്റ്റംബര്‍ അവസാനത്തോടെയും 2023 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് ഡിസംബറില്‍ അവതരിപ്പിക്കുമെന്നാണ് ബൈജൂസ് സി.ഇഒ ഓഹരിയുടമകളോട് വ്യക്തമാക്കിയിരിക്കുന്നത്. ഡിലോയിറ്റിന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന് പുതിയ ഓഡിറ്ററായി ബി.ഡി.ഒയെ നിയമിച്ചിരുന്നു.