സാമ്പത്തിക പ്രതിസന്ധി: ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്; 'പുറത്താക്കല്‍' വോട്ടെടുപ്പ് 23ന്
അവകാശ ഓഹരി വില്‍പ്പനയ്ക്ക് 100 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ചെലവു കുറയ്ക്കാന്‍ ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയുന്നു. പ്രസ്റ്റീജ് ടെക് പാര്‍ക്കിലുള്ള ഓഫീസിന്റെ പാട്ടക്കരാര്‍ (Lease Agreement) ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നു. ഡെപ്പോസിറ്റ് തുക വാടക കുടിശിക നല്‍കാനായി വിനിയോഗിക്കും. മാസം നാല് കോടി രൂപ വാടകയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ മൂന്നര വര്‍ഷം മുമ്പ് പ്രസ്റ്റീജ് ഗ്രൂപ്പുമായി പാട്ടക്കരാര്‍ ഒപ്പുവച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 30 കോടി ഡോളര്‍ (ഏകദേശം 2,500 കോടി രൂപ) സമാഹരിക്കുന്നതിനായി അവകാശ ഓഹരി വില്‍പ്പന നടക്കുന്നതിനിടെയാണ് പുതിയ നീക്കം. നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരി വില്‍പ്പനയ്ക്ക് 100 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം വരെയാണ് അവകാശ ഓഹരി വില്‍പ്പന. പ്രതാപകാലത്ത് 2,200 കോടി ഡോളര്‍ (1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ബൈജൂസിന് നിലവില്‍ നിക്ഷേപകര്‍ കല്‍പ്പിക്കുന്ന മൂല്യം 22-25 കോടി ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) മാത്രമാണ്. ഈ മൂല്യം അടിസ്ഥാനമാക്കിയാണ് അവകാശ ഓഹരി വില്‍പ്പന നടക്കുന്നത്.