ഇന്ത്യന്‍ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന
മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം റെസ്റ്റോറന്റ് മാര്‍ക്കറ്റുകള്‍ക്കും ഇ-ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ്
ഇന്ത്യന്‍ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4.6 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചു. അഗ്ഫണ്ടര്‍, ഓംനിവോര്‍ എന്നീ വെന്‍ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷികാടിസ്ഥാനത്തില്‍ 119 ശതമാനം റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഏഷ്യ- പസഫിക് മേഖലയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
റിപ്പോര്‍ട്ട് പ്രകാരം ഫാംടെക് സ്റ്റാര്‍ട്ടപ്പുകള്‍ 140 ഇടപാടുകളിലൂടെ 1.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 185 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇന്ത്യന്‍ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകളിലെ മൊത്തം നിക്ഷേപത്തിന്റെ 38 ശതമാനം സമാഹരിച്ചത് സ്വിഗ്ഗിയാണ്. 1.2 ബില്യണ്‍ ഡോളറാണ് കമ്പനിക്ക് ലഭിച്ച നിക്ഷേപം. സ്വിഗ്ഗിയാണ് ഈ സുപ്രധാന വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം റെസ്റ്റോറന്റ് മാര്‍ക്കറ്റുകള്‍ക്കും ഇ-ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ്. ഏകദേശം 3 ബില്യണ്‍ ഡോളറാണ് ഇവിടെ ലഭിച്ച നിക്ഷേപം. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 189 ഇടപാടുകളെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക ഇടപാടുകള്‍ 234 എണ്ണമായി ഉയര്‍ന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിലെ 1.77 ബില്യണ്‍ ഡോളറില്‍ നിന്ന് 115 ശതമാനം വര്‍ധനവോടെ ഡൗണ്‍സ്ട്രീം സ്റ്റാര്‍ട്ടപ്പുകള്‍ 3.8 ബില്യണ്‍ ഡോളര്‍ നേട്ടമുണ്ടാക്കി. ഇ ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 42 ഇടപാടുകളിലായി 934 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25 ഇടപാടുകളില്‍ നിന്ന് 244 മില്യണ്‍ ഡോളറായിരുന്നു സമാഹരിച്ചത്.