അടിപതറി ബൈജൂസ്; അമിത വളര്‍ച്ച തിരിച്ചടിയായോ?

2021-2022 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് സെപ്റ്റംബറിനു മുമ്പായും 2022-2023 ലേത് ഡിസംബറോടെയും പുറത്തിറക്കുമെന്ന് നിക്ഷേപകരോട് ബൈജൂസ്

Update:2023-06-26 13:15 IST

ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്

ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ(എഡ്‌ടെക്/EdTech) മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി മാറിയ ബൈജുസ് ഒന്നിന് പുറകെ ഒന്നായി പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പിന്നാലെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ശേഷിക്കുന്നത് സ്ഥാപക കുടുംബാംഗങ്ങള്‍ മാത്രമാണ്. ബൈജുസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരാണ് ബൈജൂസ് ബോര്‍ഡില്‍  അവശേഷിക്കുന്നതെന്ന് ഡി.എന്‍.എ ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.
രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധിയില്‍
രണ്ടുവര്‍ഷം മുമ്പ് തന്നെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. പിന്നീടുള്ള രണ്ടു സാമ്പത്തിക വര്‍ഷത്തിലെയും പ്രവര്‍ത്തനഫലങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവും കൂടുതല്‍ നടന്ന കൊറോണകാലത്തു പോലും കമ്പനിക്ക് ലാഭമുണ്ടാക്കാനായില്ലെന്നതാണ് വാസ്തവം.
സാമ്പത്തിക ഫലങ്ങള്‍ സെപ്റ്റബറില്‍
ഡിലോയിറ്റ് പിരിഞ്ഞു പോയതിന് പിന്നാലെ ബി.ഡി.ഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്‌സ്) സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായി നിയമിച്ച ബൈജൂസ് 2021-2022 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് സെപ്റ്റംബറിനു മുമ്പായും 2022-2023 ലേത് ഡിസംബറോടെയും ഫയല്‍ ചെയ്യുമെന്ന് നിക്ഷേപകരെ അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ലഭ്യമാക്കുന്നില്ല എന്ന് ആരോപിച്ചു ഡിലോയിറ്റുമായി 2022 മുതല്‍ പ്രശ്‌നങ്ങളുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അന്തിമമാക്കാനും 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ആരംഭിക്കാനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിലോയിറ്റ് ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് പിന്മാറിയത്.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പിരിഞ്ഞു പോയതിനെ കുറിച്ച് കമ്പനി ഔദ്യോഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഡയറക്ടര്‍മാരെ നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീക്ക് എക്‌സ് വി പാര്‍ട്‌ണേഴ്‌സ് എം.ഡി ജി.വി രവിശങ്കര്‍, ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസല്‍ ഡ്രീസെന്‍സ്റ്റോക്, ചാന്‍ സക്കര്‍ബര്‍ഗില്‍ നിന്നുള്ള വിവിയന്‍ വു എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചത്.
ഏറ്റെടുക്കലുകള്‍ നഷ്ടത്തില്‍, കടം കൂടി
2021 ല്‍ ആഗോളതലത്തില്‍ വലിയ ഏറ്റെടുക്കലുകള്‍ ആണ് ബൈജൂസ് നടത്തിയത്. ആകാശ് എഡ്യൂക്കേഷന്‍ സര്‍വീസസ് ഉള്‍പ്പെടെ ഇരുപതോളം കമ്പനികളെ ഇക്കാലയളവില്‍ ഏറ്റെടുത്തു. എന്നാല്‍ ഇതില്‍ മിക്കവയും വന്‍ നഷ്ടത്തിലാണെന്നാണ് സൂചനകള്‍. ഇതാണ് കമ്പനിയെ കടക്കെണിയിലേക്ക് നയിച്ചത്. 1.2 ബില്യണ്‍ ഡോളറാണ്(9,800 കോടി രൂപ) ബൈജൂസിന്റെ അമേരിക്കയിലെ മാത്രം കടം. ഈ മാസം ആദ്യം നാല് കോടി രൂപ പലിശയിനത്തില്‍ അമേരിക്കന്‍ വായാപാ ദാതാക്കള്‍ക്ക് നല്‍കേണ്ടതായിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കുന്നതിനു പകരം വായ്പക്കാര്‍ കാലാവധിയെത്തും മുന്‍പു തന്നെ പണം തിരിച്ചാവശ്യപ്പെട്ട് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്നെന്നു കാട്ടി ബൈജൂസ് കേസ് ഫയല്‍ ചെയ്യുകയാണുണ്ടായത്.
തിരിച്ചടിയായി റെയഡും മൂല്യം കുറയ്ക്കലും
ഇതിനിടെ വിദേശ വിനിമയം ചട്ടം (FEMA) അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തിയതും കമ്പനിയെ കുറിച്ചുള്ള ആശങ്ക വര്‍ധിക്കാനിടയാക്കി. 2011 മുതല്‍ ഇതുവരെ 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും 9,754 കോടി രൂപ വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി വ്യക്തമാക്കിയത്. എന്നാല്‍ കൃത്യമായി പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാത്തതു മൂലം ബാങ്കുകള്‍ക്ക് ഇവ പരിശോധിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇ.ഡി റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചതും ക്ഷീണമുണ്ടാക്കി. എട്ടു മാസത്തിനിടെ രണ്ടു തവണയാണ് ബ്‌ളാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം കുറച്ചത്. 2,200 കോടി ഡോളറില്‍(1.81 ലക്ഷം കോടി രൂപ) നിന്ന് 840 കോടി ഡോളറായാണ്(69,450 കോടി രൂപ) മൂല്യം കുറച്ചത്. അതിനു തൊട്ടു മുന്‍പ് ബൈജൂസ് 2,200 കോടി ഡോളര്‍ മൂല്യം കണക്കാക്കി യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജറായ ഡേവിഡ്‌സണ്‍ കെംപ്‌നര്‍ ക്യാപിറ്റില്‍ മാനേജ്‌മെന്റില്‍ നിന്ന് 25 കോടി രൂപ വായ്പയെടുത്തിരുന്നു.
ഓഡിറ്റഡ് പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ സമയത്ത് പുറത്തുവിടേണ്ടത് വായ്പാദാതാക്കളുടേയും നിക്ഷേപകരുടേയും ആത്മവിശ്വാസം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും അത് പാലിക്കാനാകാത്തതാണ് ബൈജൂസിന്റെ തകര്‍ച്ചയുടെ മുഖ്യകാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താനായില്ല
2011 ലാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന തിങ്ക് ആന്‍ഡ് ലേണ്‍ എന്ന സ്ഥാപനം ആരംഭിക്കുന്നത്. പിന്നീട് 2015 ല്‍ ബൈജൂസ് ലേണിംഗ് ആപ്പുമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസമേഖലയിലേക്കും കടന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിദേശ വിപണികളിലേക്കും കമ്പനി ചുവടുച്ചു. ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂലധന നിക്ഷേപം നടത്തിയ ഏഷ്യയിലെ തന്നെ ആദ്യ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. ഇതു കൂടാതെ സെക്വേയ ക്യാപിറ്റല്‍, ബോണ്ട്, സില്‍വര്‍ലെയ്ക്ക്, ബ്ലാക്ക് റോക്ക്, സൊഫീന, വെര്‍ലിന്‍വെസ്റ്റി, ജനറല്‍ അറ്റ്‌ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങളും ബൈജൂസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഫോബ്‌സിന്റെ റിയല്‍ടൈം വരുമാന സൂചികയനുസരിച്ച് ബൈജൂസിന്റെ വ്യക്തിഗത ആസ്തി 2022 മാര്‍ച്ചിലെ 2.9 ബില്യണ്‍ ഡോളറില്‍ നിന്ന് 1.3 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
Tags:    

Similar News