പ്രൊഫ. ജെ.ഫിലിപ്പ്; മികവിന്റെ കേന്ദ്രങ്ങള്‍ കെട്ടിപ്പടുത്ത മാനേജ്‌മെന്റ് ഗുരു

Update:2020-07-02 16:24 IST

ഗിരിഷ് എ എസ്

പ്രായം വെറും സംഖ്യയാണ്, പ്രത്യേകിച്ച് ഊര്‍ജ്ജത്തിന്റെ നിലവറയായ മനസ്സും നവീന ചിന്താശേഷിയുമുള്ളവര്‍ക്ക്. സംശയമുണ്ടെങ്കില്‍ പ്രൊഫ. ജെ ഫിലിപ്പിനോടൊന്ന് സംവദിക്കാം. പ്രൊഫഷണല്‍ കരിയറില്‍ ജൂലൈ മൂന്നിന് ആറ് പതിറ്റാണ്ട് തികയ്ക്കുന്ന, 84 കാരനായ, ഇന്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ ഈ കുലഗുരു ഇന്നും തിരക്കിലാണ്. താന്‍ ബീജാവാപം നടത്തി, ഇന്ന് രാജ്യത്തെ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മുന്‍നിര ഇന്‍സ്റ്റിറ്റിയൂട്ടായി മാറിയ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പില്‍ (XIME) ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് ചുക്കാന്‍ പിടിച്ചും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാവി പദ്ധതികള്‍ ആവിഷ്‌കരിച്ചും ഓരോ നിമിഷവും നിറവോടെ ചെലവിടുകയാണ് പ്രൊഫ. ജെ ഫിലിപ്പ്. XIME തങ്ങളുടെ സൃഷ്ടാവിന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലും.

അപൂര്‍വ്വ മിശ്രിതം

അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയാണ് പ്രൊഫ. ജെ ഫിലിപ്പ്. മാനേജ്‌മെന്റ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പഠിപ്പിക്കാനുള്ള ഒരു വിഷയം മാത്രമല്ല. മറിച്ച് പ്രായോഗികമായി നേടിയ പരിജ്ഞാനം കൂടിയാണ്. രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് നേടിയ അനുഭവ സമ്പത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തന പരിചയവും വിദ്യാഭ്യാസരംഗത്തെ സമുന്നത ചിന്തകളും ഒരുപോലെ പ്രൊഫ. ജെ ഫിലിപ്പില്‍ സമ്മേളിക്കുന്നു.

1960 ജൂലൈ മൂന്നിന് ജാംഷെഡ്പൂര്‍ XLRIയിലാണ് പ്രൊഫ. ജെ ഫിലിപ്പ് പ്രൊഫഷണല്‍ ഇന്നിംഗ്‌സിന് തുടക്കമിടുന്നത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം ഒരിടത്ത് മാത്രം ഒതുങ്ങാന്‍ തയ്യാറായിരുന്നില്ല. XLRI യില്‍ നിന്ന് SAIL ലേക്കും പിന്നീട് ഒബ്‌റോയ് ഗ്രൂപ്പിലേക്കും അദ്ദേഹം മാറി. 1985ല്‍ ഐഐഎം ബാംഗ്ലൂരില്‍ ഡയറക്റ്ററായി ചുമതലയേറ്റു.

ഐഐഎം ബാഗ്ലൂരില്‍ അദ്ദേഹം ചെലവിട്ട 1985 മുതല്‍ 1991വരെയുള്ള കാലം അങ്ങേയറ്റം സംഭവബഹുലമായിരുന്നു. കാംപസിലെ എംപ്ലോയി  ഇന്‍ഡസ്ട്രിയല്‍ ബന്ധത്തില്‍ വലിയ ഉലച്ചില്‍ തട്ടിയിരുന്നു. എന്നാല്‍, 1991ല്‍, അവിടം വിടും മുമ്പേ രാജ്യത്തെ മുന്‍നിര ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ പട്ടികയിലേക്ക് ഐഐഎം ബാംഗ്ലൂരിലെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

ക്രാന്തദര്‍ശിയായ അദ്ദേഹം ഒരിക്കലും സ്വന്തം നേട്ടങ്ങളില്‍ സംതൃപ്തിയടഞ്ഞിരുന്നില്ല. അതിനിടെ, വ്യക്തിപരമായി വലിയൊരു ദുരന്തത്തെയും അദ്ദേഹം മുഖാമുഖം കണ്ടു. 1986 സെപ്തംബര്‍ 30ന് മകള്‍ മരിയ ഒരു അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. പക്ഷേ, അതിന് മുമ്പ് മകള്‍ ഒരു സ്വപ്‌നം പിതാവിന്റെ മനസില്‍ വിതച്ചിരുന്നു.

1986ല്‍ ബാംഗ്ലൂര്‍ ഐഐഎം സേവനമനുഷ്ഠിക്കുന്ന കാലത്ത് അതുപോലൊരു സ്ഥാപനം സൃഷ്ടിക്കണമെന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നത്തെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പ്രൊഫ. ജെ ഫിലിപ്പ് തയ്യാറായിരുന്നില്ല. റിട്ടയര്‍മെന്റിന് ശേഷം നിരവധി സ്ഥലങ്ങളില്‍ നിന്ന് ഉന്നത ഉദ്യോഗം സ്വീകരിക്കാന്‍ ക്ഷണമുണ്ടായെങ്കിലും അവയെല്ലാം നിരസിച്ച് 1991ല്‍ അദ്ദേഹം XIMEന് തുടക്കമിട്ടു. അങ്ങേയറ്റം എളിയനിലയിലായിരുന്നു XIMEന്റെ ആരംഭം. ബാംഗ്ലൂരിലെ സെന്റ് മാര്‍ത്താസ് ഹോസ്പിറ്റലിലെ ആസ്ബറ്റോസ് മേഞ്ഞ ബില്‍ഡിംഗില്‍ നിന്ന് പിന്നീട് ബാംഗ്ലൂരിലെ തന്നെ സേവാസദനിലേക്ക് മാറി.

ആയിടെയാണ് ആകസ്‌കിമായി പ്രൊഫ. ഫിലിപ്പിന്റെ സുഹൃത്ത് മറ്റൊരു പ്രമുഖനുമൊത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കുന്നത്. തികച്ചും അപരിചിതനായ ആ പ്രമുഖ വ്യക്തി XIME ന് കര്‍ണാടക വ്യവസായ വികസന ബോര്‍ഡില്‍ നിന്ന് സ്ഥലം അനുവദിച്ചു കിട്ടാന്‍ നിര്‍ണായക പങ്കുവഹിച്ചു. പിന്നീടുള്ള യാത്രകളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അപ്പോഴെല്ലാം പിന്തുണയുമായി സുഹൃത്തുക്കളും ബന്ധുക്കളും കൂടെ നിന്നു. നോ ക്വോട്ട, നോ കാപ്പിറ്റേഷന്‍, നൊ ഡോണേഷന്‍ എന്നിവയിലൂന്നിയ പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് പ്രൊഫ. ജെ ഫിലിപ്പ് ശ്രമിച്ചത്.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിശ്വാസ്യത കേരളത്തില്‍ നി്ന്നുള്ള പല പ്രമുഖ ബിസിനസുകാരുടെ പിന്തുണ പോലും ആകര്‍ഷിച്ചു. XIME ടീമിന്റെ ആത്മാര്‍പ്പണം, ടാറ്റയില്‍ നിന്നും ഒബ്‌റോയിയില്‍ നിന്നും അത്യാവശ്യമായ പശ്ചാത്തല സൗകര്യവികസനത്തിനുള്ള പിന്തുണ ഉറപ്പാക്കാന്‍ സഹായിച്ചു. സ്വന്തം കാംപസ് എന്ന XIME ന്റെ സ്വപ്‌നം 2002 മാര്‍ച്ച് 10ന് സാക്ഷാത്കരിച്ചു.

അവിടെയും തന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രൊഫ. ഫിലിപ്പ് തയ്യാറായില്ല. കേരളത്തിലെത്തി 2013ല്‍ XIME ന്റെ കൊച്ചി കാംപസിന് തുടക്കമിട്ടു. 2017ല്‍ ചെന്നൈയിലും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍സിന്റെ (എഐഎംഎസ്) സ്ഥാപക പ്രസിഡന്റാണ് പ്രൊഫ. ജെ ഫിലിപ്പ്. അസോസിയേഷന്‍ ഓഫ് BRICS ബിസിനസ് സ്‌കൂള്‍സിന്റെ (ABBS) ആദ്യ പ്രസിഡന്റുമായിരുന്നു.

എല്ലാ അര്‍ത്ഥത്തിലും ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡറാണ് പ്രൊഫ. ജെ ഫിലിപ്പ്. അതും ക്വാളിറ്റി എഡ്യൂക്കേഷന്‍ എന്ന ഏകശിലയില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ.

ഗിരിഷ് എ എസ്

(ലേഖകന്‍ ഗിരിഷ് എ എസ് അപ്പോളോ ടയേഴ്‌സിന്റെ മുന്‍ എച്ച് ആര്‍ അഡൈ്വസറാണ്)

Similar News