നികുതി ലാഭിക്കാന്‍ ഇതാ ആറു വഴികള്‍

കൃത്യമായ ആസൂത്രണത്തിലൂടെ വരുമാന നികുതി ലാഭിക്കാന്‍ കഴിയും

Update:2021-10-13 07:15 IST

നികുതിബാധകമായ വരുമാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ വരുമാന നികുതി അടയ്ക്കണം. വലിയ തുക ഇത്തരത്തില്‍ കൈയില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാന്‍ വഴിയുണ്ട്. കൃത്യമായ ആസൂത്രണം നടത്തുന്നതിലൂടെ കുറേ പണം ലാഭിക്കാനാവും. മാത്രമല്ല, അതിനായി നടത്തുന്ന ചില നിക്ഷേപങ്ങള്‍ വലിയ നേട്ടവും തരും. ഇതാ ചില മാര്‍ഗങ്ങള്‍...

റിട്ടയര്‍മെന്റിനായി സമ്പാദ്യം ആരംഭിക്കാം
നികുതി ലാഭിക്കാന്‍ നേരത്തേ തന്നെ റിട്ടയര്‍മെന്റ് കാലത്തേക്കായി സമ്പാദ്യം തുടങ്ങാം. ചില നിക്ഷേപങ്ങള്‍ക്ക്് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് നല്‍കുന്നുണ്ട്. പിപിഎഫ്, എന്‍പിഎസ്, ഇപിഎഫ്, ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം തുടങ്ങിയവയിലെ നിക്ഷേപാവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തിയാല്‍ 1.5 ലക്ഷം രൂപ വരെ ലാഭിക്കാനാവും.
മെഡിക്കല്‍ ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുക
നിങ്ങളുടെ മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകള്‍ സൂക്ഷിച്ചു വെക്കുക. അവയിന്മേല്‍ സെക്ഷന്‍ 80 ഡി പ്രകാരമുള്ള നികുതിയിളവ് ലഭിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ അടയ്ക്കുക.
നികുതി രസീത് സൂക്ഷിച്ചു വെക്കാം
നിങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ നികുതി രസീതും റെന്റ് എഗ്രിമെന്റും ഉപയോഗിച്ച് എച്ച്ആര്‍എ നികുതി ഒഴിവ് നേടാം. വാര്‍ഷിക വാടക ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ കെട്ടിട ഉടമയുടെ പാന്‍ നമ്പര്‍ കൂടി വേണ്ടി വരുമെന്ന് മാത്രം.
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക
നിങ്ങളുടെയും കുടുംബത്തിന്റെയും പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക. സെക്ഷന്‍ 80 സി, 80 ഡി പ്രകാരം നികുതിയിളവിന് ഇതിലൂടെ അര്‍ഹതയുണ്ടാകും.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം
നികുതി ലാഭിക്കാന്‍ സഹായിക്കുന്ന നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ (ഇഎല്‍എസ്എസ്) ഉണ്ട്. നിക്ഷേപത്തിന്മേലുള്ള നേട്ടത്തിനൊപ്പം സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതിയിളവും ലഭിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. ഇത്തരത്തില്‍ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് നേടാനാകും.
എന്നിരുന്നാലും സെക്ഷന്‍ 80 സി പ്രകാരം കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള മറ്റു സ്‌കീമുകളിലെ നിക്ഷേപങ്ങള്‍ അടക്കം 1.5 ലക്ഷം രൂപയുടെ കിഴിവേ ലഭിക്കുകയുള്ളൂ. ഈ സെക്ഷന്‍ പ്രകാരം എല്ലാം നിക്ഷേപങ്ങള്‍ക്കും കൂടി 1.5 ലക്ഷം രൂപയേ കിഴിവ് ലഭിക്കൂ.
എന്‍പിഎസില്‍ നിക്ഷേപിക്കാം
എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിലൂടെ സെക്ഷന്‍ 80 സിസിഡി(1ബി) പ്രകാരമുള്ള 50000 രൂപയുടെ നികുതിയിളവ് നേടാനാകും. 80 സി പ്രകാരമുള്ള കിഴിവിന് പുറമേയാണിത്. നിങ്ങളുടെ തൊഴില്‍ദാതാവിന് നിങ്ങളുടെ പേരില്‍ എന്‍പിഎസിലേക്ക് നിക്ഷേപിക്കാനാകും. ഇതിനും അടിസ്ഥാന ശമ്പളം, ഡിഎ എന്നിവയുടെ 10 ശതമാനം വരെ നികുതിയിളവ് ലഭിക്കും.


Tags:    

Similar News