ജി.എസ്.ടി വന്നിട്ട് 6 വര്‍ഷം; പ്രതിമാസ വരുമാനം 1.5 ലക്ഷം കോടി രൂപ

ജി.എസ്.ടി 2017 ജൂലൈ 1 നാണ് നിലവില്‍ വന്നത്

Update:2023-06-30 17:34 IST

ഇന്ത്യയില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കി ആറ് വര്‍ഷം പിന്നിടുമ്പോള്‍ പ്രതിമാസ ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി രൂപയിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. നികുതിക്ക് മേല്‍ നികുതി എന്ന രീതി ഒഴിവാക്കാനാണ് 2017 ജൂലൈ 1ന് ചരക്ക് സേവന നികുതി മുന്നോട്ട് വച്ചത്.  

ജി.എസ്.ടി വന്നത്

കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ ജി.എസ്.ടി കൗണ്‍സില്‍ 2016 സെപ്റ്റംബറില്‍ സ്ഥാപിതമായതു മുതല്‍ 49 തവണ യോഗം ചേര്‍ന്നു. കേന്ദ്ര ധനമന്ത്രാലയത്തിലെ സഹമന്ത്രിയോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. 17 പ്രാദേശിക നികുതികള്‍ക്കും 13 സെസ്സുകള്‍ക്കും പകരമായി രാജ്യവ്യാപകമായി ജി.എസ്.ടി 2017 ജൂലൈ 1 നാണ് നിലവില്‍ വന്നത്.ജി.എസ്.ടിക്ക് കീഴില്‍ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളാണുള്ളത്. കൂടാതെ സ്വര്‍ണം, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയ്ക്ക് 3% എന്ന പ്രത്യേക നിരക്കുമുണ്ട്. കൂടാതെ കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്രങ്ങള്‍ക്ക് 1.5% പ്രത്യേക നിരക്കുമുണ്ട്.

പ്രത്യേക നടപടി 

പ്രതിമാസ വരുമാനം തുടര്‍ച്ചയായി വര്‍ധിക്കുകയും 2023 ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.87 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തതോടെ, തട്ടിപ്പുകാരെ പിടികൂടാനും നികുതി വെട്ടിപ്പ് തടയാനുമുള്ള ശ്രമങ്ങള്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ശക്തമാക്കുകയാണ്. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ തിരിച്ചറിയുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിനുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) രണ്ട് മാസത്തെ പ്രത്യേക നടപടി ആരംഭിച്ചു.

ഡ്രൈവിന്റെ ആദ്യ മാസത്തില്‍, 15,000 കോടിയിലധികം രൂപയുടെ വെട്ടിപ്പ് ഉള്‍പ്പെട്ട 11,140 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ നികുതി അധികാരികള്‍ കണ്ടെത്തി. മൊത്തത്തില്‍, 2022-23 ല്‍ 14,000 ജിഎസ്ടി വെട്ടിപ്പ് കേസുകള്‍ കണ്ടെത്തി.  ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവ തടയുന്നതിനും നികുതി ഉദ്യോഗസ്ഥര്‍ ഡേറ്റ അനലിറ്റിക്‌സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News