ഓണ്‍ലൈന്‍ വില്‍പ്പനയിലെ നികുതി വെട്ടിപ്പു തടയാന്‍ പ്രീപെയ്ഡ് ടാക്‌സ് വരും

Update: 2020-02-10 10:08 GMT

കസ്റ്റംസ് തീരുവയും ജിഎസ്ടിയും ഒഴിവാക്കി വിദേശ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ നിലവില്‍ ഇന്ത്യയില്‍ നടത്തിവരുന്ന വില്‍പ്പന അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഇടപാടുകള്‍ക്കായി പ്രീപെയ്ഡ് ടാക്‌സ് സംവിധാനം അവതരിപ്പിക്കുന്നതോടെ വിദേശ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വില 50 ശതമാനം വരെ ഉയരുമെന്നാണു റിപ്പോര്‍ട്ട്.

ചൈനീസ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിലൂടെ രാജ്യത്തിനു വന്‍ നികുതി നഷ്ടം സംഭവിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രീപെയ്ഡ് കസ്റ്റംസ് ആന്‍ഡ് ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ്) മോഡല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ബന്ധപ്പെട്ടവരോട് സര്‍ക്കാര്‍ ശുപാര്‍ശകള്‍ തേടിയിരിക്കുകയാണ്.കസ്റ്റംസിന് സ്വന്തമായി പേയ്മെന്റ് ഇന്റര്‍ഫേസ് തുറക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

'ഒന്നിലധികം വിദേശ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വാണിജ്യ ഇടപാടുകള്‍ക്കായി ഇന്ത്യയുടെ പോസ്റ്റല്‍ ഗിഫ്റ്റ് ചാനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ആഭ്യന്തര ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും നഷ്ടമുണ്ടാക്കുന്നു.ഈ സാഹചര്യത്തില്‍ പ്രീപെയ്ഡ് മോഡല്‍ സൃഷ്ടിക്കുന്നത് ഉപയോക്താക്കള്‍ക്കും വിദേശ വിതരണക്കാര്‍ക്കും കൂടുതല്‍ സുതാര്യത ഉറപ്പാകാന്‍ സഹായകമാകും. തുറമുഖങ്ങളില്‍ പാക്കേജുകള്‍ അനാവശ്യമായി കെട്ടിക്കിടക്കുന്നതും അവസാനിക്കും. അതോടൊപ്പം കസ്റ്റംസ് തീരുവയും ഐജിഎസ്ടിയും ഒഴിവാക്കുന്നത് കുറയ്ക്കാനുമിടയാക്കും'- സോഷ്യല്‍ മീഡിയ ആയ ലോക്കല്‍ സര്‍ക്കിള്‍സിന്റെ ചെയര്‍മാന്‍ സച്ചിന്‍ തപാരിയ പറഞ്ഞു. ലോക്കല്‍ സര്‍ക്കിള്‍സില്‍ നിന്നും സര്‍ക്കാര്‍ ശിപാര്‍ശ തേടിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News