ബജറ്റില്‍ മൂലധന നേട്ട നികുതി കൂട്ടി; മ്യൂചല്‍ ഫണ്ട്, ഓഹരി നിക്ഷേപങ്ങളെ ബാധിക്കുന്നത് ഇങ്ങനെ
പ്രതിവർഷം 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല മൂലധന നേട്ടം നികുതിയില്‍ നിന്ന് ഒഴിവാക്കി
മൂലധന നേട്ടങ്ങളുടെ നികുതി യുക്തിസഹമാക്കാനും ലളിതമാക്കാനും സഹായിക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. രണ്ട് ഹോൾഡിംഗ് കാലയളവുകൾ മാത്രമാണ് ഇനി ഉണ്ടാകുക. ബോണ്ടുകൾ, കടപ്പത്രങ്ങൾ, സ്വർണ്ണം എന്നിവയുടെ ഹോൾഡിംഗ് കാലയളവ് 36 മാസത്തില്‍ നിന്ന് 24 മാസമായി കുറച്ചിട്ടുണ്ട്. നേരത്തെ, വിവിധ മൂലധന ആസ്തികൾക്ക് ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ടങ്ങള്‍ ലഭിക്കുന്നതിന് വ്യത്യസ്ത ഹോൾഡിംഗ് കാലയളവുകൾ ഉണ്ടായിരുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത ബോണ്ടുകളിൽ നിന്നുള്ള നേട്ടങ്ങൾ 36 മാസത്തിൽ കൂടുതൽ കൈവശം വെച്ചാലാണ് ദീർഘകാലമായി പരിഗണിച്ചിരുന്നത്. നികുതിദായകർക്ക് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടൽ എളുപ്പമാക്കുന്നതാണ് പുതിയ മാറ്റങ്ങള്‍.
ഒരു വർഷത്തിൽ താഴെ കൈവശം വച്ചിരിക്കുന്ന ഇക്വിറ്റികളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി (എസ്.ടി.സി.ജി) കണക്കാക്കുന്നു, ഇതിനുളള നികുതി 15 ശതമാനത്തിൽ നിന്ന് 20 ശതമാനായി കൂട്ടി. ഒരു വർഷത്തിൽ കൂടുതലുള്ള ഇക്വിറ്റികളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭം ദീർഘകാല മൂലധന നേട്ടമായി (എൽ.ടി.സി.ജി) പരിഗണിക്കുന്നു. ഇതിനുളള നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായും ബജറ്റില്‍ ഉയർത്തി.
ആസ്തികളിൽ നിന്ന് ഉണ്ടാകുന്ന മൂലധന നേട്ടം ഹ്രസ്വകാലമോ ദീർഘകാലമോ എന്ന് നിർണ്ണയിക്കാൻ 12 മാസം, 24 മാസം എന്നിങ്ങനെ രണ്ട് ഹോള്‍ഡിംഗ് കാലാവധികളും ബജറ്റില്‍ പറയുന്നു. ലിസ്റ്റുചെയ്ത എല്ലാ ആസ്തികൾക്കും ദീർഘകാല മൂലധന നേട്ടമായി പരിഗണിക്കാന്‍ ഹോൾഡിംഗ് കാലയളവ് 12 മാസമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ലിസ്‌റ്റഡ് സ്റ്റോക്കുകൾ, ലിസ്‌റ്റഡ് ബോണ്ടുകൾ, ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ബോണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ എന്നിവയ്ക്ക് ഇത് ബാധകമാണ്.
മറ്റെല്ലാ ആസ്തികൾക്കും ദീർഘകാല മൂലധന നേട്ടമായി യോഗ്യത നേടുന്നതിന് ഹോൾഡിംഗ് കാലയളവ് 24 മാസമായിരിക്കും. ഇതിൽ റിയൽ എസ്റ്റേറ്റ്, സ്വർണം, ലിസ്‌റ്റ് ചെയ്യാത്ത ഓഹരികൾ (വിദേശത്ത് ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഓഹരികളും ലിസ്‌റ്റ് ചെയ്യപ്പെടാത്തവയായി കണക്കാക്കും), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, 2023 മാർച്ച് 31 നോ അതിനുമുമ്പോ വാങ്ങിയ ഡെറ്റ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, വിദേശ ഇക്വിറ്റി ഫണ്ടുകൾ എന്നിവ ഉള്‍പ്പെടുന്നു. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ, ദീർഘകാല ആസ്തിയായി യോഗ്യത നേടുന്നതിനുള്ള ഹോൾഡിംഗ് കാലയളവ് 36 മാസം എന്നത് 24 മാസമായി ബജറ്റില്‍ കുറച്ചിട്ടുണ്ട്.
പ്രതിവർഷം 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല മൂലധന നേട്ടം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നേരത്തേ ഇത് ഒരു ലക്ഷം രൂപയായിരുന്നു.