വിദേശ രാജ്യങ്ങളിൽ കള്ളപ്പണം പൂഴ്ത്തുന്നതുൾപ്പെടെയുള്ള നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെയുള്ള നിയമ നടപടികൾ കർശനമാക്കി കേന്ദ്ര സർക്കാർ. പ്രത്യക്ഷ നികുതി വകുപ്പ് ഇതു സംബന്ധിച്ച പുതുക്കിയ ചട്ടങ്ങൾ (Compounding of offences under the direct tax laws) വെള്ളിയാഴ്ച പുറത്തിറക്കി.
ജൂൺ 17 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് ഈ ചട്ടങ്ങൾ. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന എല്ലാ കോംപൗണ്ടിങ് ആപ്ലിക്കേഷനുകനുകൾക്കും നിയമം ബാധകമായിരിക്കും. ഇതോടെ 2014 ഡിസംബറിലെ ചട്ടങ്ങൾ അസാധുവാകും.
മുൻപത്തെ ചട്ടങ്ങൾ അനുസരിച്ച് വെളിപ്പെടുത്താത്ത വിദേശ ബാങ്ക് അക്കൗണ്ടുകളോ ആസ്തികളോ കണ്ടെത്തിയാൽ നികുതി അടച്ച് രക്ഷപ്പെടാമായിരുന്നു. 2015-ലെ ആന്റി ബ്ലാക്ക് മണി ആക്ട് ഈ നിയമം കൂടുതൽ കർക്കശമാക്കി. അതനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ 30 ശതമാനം നികുതിയും പിഴയും അടച്ചാൽ മാത്രമേ ശിക്ഷ ഒഴിവാക്കാനാകൂ.
എന്നാൽ പുതുക്കിയ ചട്ടങ്ങൾ നികുതി വെട്ടിപ്പുകാർക്ക് കാര്യങ്ങൾ കൂടുതൽ ശ്രമകരമാക്കി. ഇനി ആന്റി ബ്ലാക്ക് മണി ആക്ട് നിയമത്തിന് കീഴിലുള്ള കേസുകളായാലും മറ്റ് വിദേശ സ്വത്തുസംബന്ധിച്ച കുറ്റകൃത്യങ്ങളായാലും തീർപ്പാക്കൽ (കോംപൗണ്ടിങ് ) അനുവദിക്കില്ല.
എന്നാൽ നികുതി അടക്കാൻ വൈകിയാൽ, നികുതി വകുപ്പ് അത് കണ്ടെത്തുന്നതിന് മുൻപ് കോംപൗണ്ടിങ്ങിന് അപേക്ഷിക്കുകയാണെകിൽ മാസം 2 ശതമാനം നിരക്കിൽ കോംപൗണ്ടിങ് ഫീസ് നൽകിയാൽ മതിയാകും.