ഡിജിറ്റല്‍ ആസ്തികള്‍ സമ്മാനമായി ലഭിക്കുന്നവര്‍ നികുതി നല്‍കണം
ആസ്തികളുടെ മൂല്യത്തിന്റെ 30% ലഭിക്കുന്ന അവസരത്തില്‍ നല്‍കേണ്ടി വരും. ജിഎസ്ടി നിയമഭേദഗതി വിശദാംശങ്ങള്‍.
ഡിജിറ്റല്‍ അല്ലെങ്കില്‍ ക്രിപ്‌റ്റോ ആസ്തികള്‍ സമ്മാനമായി ലഭിക്കുന്നവര്‍ അത് ലഭിക്കുന്ന വേളയില്‍ ആസ്തിയുടെ മൂല്യത്തിന്റെ 30 % നികുതിയായി നല്‍കണം. ഇത് സംബന്ധിക്കുന്ന ഭേദഗതി ആദായ നികുതി നിയമം 56 (2 )ല്‍ വരുത്തിയതായി കേന്ദ്ര ഡയറക്ട് ബോര്‍ഡ് ഓഫ് ടാക്‌സ് അധ്യക്ഷന്‍ ജെ ബി മൊഹാപാത്ര അറിയിച്ചു.
ഡിജിറ്റല്‍ ആസ്തികള്‍ വിറ്റതിന് ശേഷം അത് ആദായ നികുതി വകുപ്പിനെ അറിയിക്കുന്ന സംവിധാനമല്ല നടപ്പില്‍ വരുത്തുന്നത്. മതിയായ പരിഗണനയോ പരിഗണ തീര്‍ത്തും ഇല്ലാതെ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ആസ്തി ലഭിക്കുമ്പോള്‍ ലഭിക്കുന്ന വേളയില്‍ തന്നെ നികുതി ഈടാക്കാനാണ് നിയമ ഭേദഗതി കൊണ്ടുവന്നത്.
കേന്ദ്ര ധന മന്ത്രി നിര്‍മലാ സീതാരാമന്‍ 2022-23 ലേക്കുള്ള ബജറ്റ് പ്രസംഗത്തില്‍ ക്രിപ്‌റ്റോ/ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് നടക്കുന്ന വേളയില്‍ ആസ്തി സ്വീകരിക്കുന്ന വ്യക്തി 30 % നികുതി നല്‍കേണ്ടി വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ കേന്ദ്ര ഡയറക്ട് ബോര്‍ഡ് ഓഫ് ടാക്‌സസ് പ്രസ്തുത നികുതി എങ്ങനെ ഈടാക്കുമെന്നതിനെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുന്നു. പുതിയ നികുതി സംവിധാനം നടപ്പിലാവുന്നതോടെ ഇത്തരം ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ്)ആന്‍ഡ് കസ്റ്റംസിനും (സി ബി ഐ സി ) കൈമാറും.
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ കമ്മീഷന്‍ ലഭിക്കുന്നതും, ഇടപാടുകള്‍ നടത്താനുള്ള സേവനം നല്കുന്നതിനാലും അത് ജി എസ് ടി യുടെ പരിധിയില്‍ വരും. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയില്‍ സേവനം നല്‍കുന്നതും ജി എസ് ടി യുടെ പരിധിയില്‍ പെടും.