ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്റെ വീട്ടില്‍ ഇ.ഡി, കുരുക്ക് മുറുകുന്നു; ഓഹരി വില ഇടിഞ്ഞു
പണം തിരിമറി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡിയുടെ റെയ്ഡ്
ഹീറോ മോട്ടോകോര്‍പ്പ് (Hero Motocorp) എക്‌സിക്യുട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പവന്‍ മുഞ്ജാലിന്റെ വസതിയിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി/ED) റെയ്ഡ് നടത്തുന്നു. പണം തിരിമറി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ വസതികളിലാണ് റെയ്ഡ്. കമ്പനിയിലെ മറ്റ് ചിലരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് സൂചന. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ/DRI) പരാതിയിന്മേല്‍ പണം തിരിമറി തടയല്‍ നിയമപ്രകാരമാണ് (പി.എം.എല്‍.എ/PMLA) റെയ്ഡ്.
റെയ്ഡിന് പിന്നില്‍
കടലാസ് കമ്പനികള്‍ (shell companies) സ്ഥാപിച്ച് കണക്കില്‍പ്പെടാത്ത വിദേശ കറന്‍സികള്‍ കടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. വിഷയത്തില്‍ ഹീറോ മോട്ടോകോര്‍പ്പിനെതിരെ കഴിഞ്ഞമാസം കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസും അന്വേഷണം നടത്തിയിരുന്നെങ്കിലും വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ രംഗപ്രവേശം.
നികുതി വെട്ടിപ്പ് സംശയങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. അന്ന്, 800 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ നികുതി വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇ.ഡിയും അന്വേഷണം ശക്തമാക്കിയതോടെ പവന്‍ മുഞ്ജാലിനെതിരെ കുരുക്ക് മുറുകുകയാണെന്നാണ് സൂചനകള്‍.
ഒപ്പം സഞ്ചരിച്ചയാളുടെ ബാഗില്‍ നിന്ന് 81 ലക്ഷം രൂപയ്ക്ക് തുല്യമായ കണക്കില്‍പ്പെടാത്ത വിദേശ കറന്‍സികള്‍ കണ്ടെത്തിയതിനെ തുടർന്ന് 2018 ഓഗസ്റ്റിൽ ന്യൂ ഡൽഹി വിമാനത്താവളത്തില്‍ വിമാനത്തിൽ നിന്ന് പിടിച്ചിറക്കിയിരുന്നു.
ഓഹരികളില്‍ തകര്‍ച്ച
റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ ഇന്ന് ഒരുവേള അഞ്ച് ശതമാനത്തിനുമേല്‍ ഇടിഞ്ഞ് 3,032 രൂപവരെയെത്തി. നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2001ല്‍ ലോകത്തെ ഏറ്റവും വലിയ ടൂ-വീലര്‍ നിര്‍മ്മാണക്കമ്പനിയെന്ന പട്ടംചൂടിയ ഹീറോ, 20 വര്‍ഷക്കാലം ആ നേട്ടം നിലനിറുത്തി. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിലായി 40 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള കമ്പനിയാണ് ഹീറോ മോട്ടോകോര്‍പ്പ്.