ജിഎസ്ടി: കച്ചവടക്കാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
കണക്കുകള്‍ക്ക് അങ്ങേയറ്റം പ്രാധാന്യമുള്ള, റിട്ടേണ്‍ സമര്‍പ്പണം കൃത്യമായ നടത്തേണ്ട കാലത്തില്‍ കച്ചവടം നടത്തുമ്പോള്‍ അറിയേണ്ട 10 കാര്യങ്ങള്‍ ജിഎസ്ടി വിദഗ്ധന്‍ അഡ്വ. കെ എസ് ഹരിഹരന്‍ വിശദീകരിക്കുന്നു
നിലവില്‍ കച്ചവടം നടത്തുന്നവരും ഈ രംഗത്തേക്ക് കടന്നുവരുന്നവരും അറിയേണ്ട പത്ത് കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
1. പരമ്പരാഗതമായി കച്ചവടം നടത്തുന്നവര്‍ക്ക് വലിയ ഭീഷണിയാണ് ഇപ്പോള്‍ ഇ കോമേഴ്‌സ്, സോഷ്യല്‍ മീഡിയ, വഴിയോര കച്ചവടക്കാര്‍. ഇവര്‍ക്ക് ജിഎസ്ടി ഒന്നും ബാധകമല്ലേ?
സ്വന്തമായ കെട്ടിടത്തിലോ വാടക കെട്ടിടത്തിലോ നിയമാനുസൃതമായ എല്ലാ കാര്യങ്ങളും പാലിച്ച്് നികുതി അടച്ച് ജീവനക്കാരെ നിയമിച്ച് കച്ചവടം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ഭീഷണിയാണ് വന്‍കിട ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും പ്രാദേശിക തലത്തില്‍ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ വഴിയും വഴിയോരത്തും വെച്ചുമുള്ള കച്ചവടങ്ങള്‍. എന്തും ഏതും ഇപ്പോള്‍ ഇങ്ങനെ വില്‍പ്പന നടക്കുന്നുണ്ട്.
ഇ കോമേഴ്‌സ്, വാട്‌സാപ്പ്, ഡിജിറ്റല്‍ മീഡിയ വഴി കച്ചവടം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ഇവര്‍ക്ക് ജി എസ് ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മാത്രമല്ല, ഇവരുടെ വിറ്റുവരവ് എത്ര തന്നെയായാലും അവര്‍ ജിഎസ്ടി രിജിസ്‌ട്രേഷന്റെ പരിധിയില്‍ വരും. കളക്ഷന്‍ കളക്ഷന്‍ അറ്റ് സോഴ്‌സ് (ടിസിഎസ്) മുഖാന്തിരമാണ് നികുതി പിരിക്കുന്നത്. സാധാരണ നിലയില്‍ 40 ലക്ഷം രൂപ വരെ വിറ്റുവരവ് ഉള്ള കച്ചവടക്കാര്‍ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നില്ലെങ്കില്‍, ഇ കോമേഴ്‌സ് കച്ചവടക്കാര്‍ക്ക് ഈ പരിധി ബാധകമല്ല. മാത്രമല്ല, കളക്ഷന്‍ അറ്റ് സോഴ്‌സിലൂടെ അടയ്ക്കുകയും വേണം. നികുതി നല്‍കാതെ, ഒരു തരത്തിലുമുള്ള കച്ചവടം സാധ്യമല്ലെന്ന് ചുരുക്കം.
2. ഏത് തരത്തിലുള്ള ജി എസ് ടി രജിസ്‌ട്രേഷനാണ് എടുക്കേണ്ടത്? നോര്‍മല്‍ രജിസ്‌ട്രേഷന്‍ വേണോ അതോ കോമ്പോസിഷന്‍ രജിസ്‌ട്രേഷനോ?
രണ്ടുതരത്തിലുള്ള ജിഎസ്ടി രജിസ്‌ട്രേഷനുണ്ട്. നോര്‍മലും കോമ്പോസിഷന്‍ രജിസ്‌ട്രേഷനും. കോമ്പോസിഷന്‍ രജിസ്‌ട്രേഷന്‍ എടുത്ത കച്ചവടക്കാര്‍ക്ക് പ്രതിവര്‍ഷം ഒന്നരക്കോടിയാണ് വിറ്റുവരവ് പരിധി. ഇവര്‍ അവരുടെ ബില്ലിലും നെയിം ബോര്‍ഡിലും എല്ലാം പ്രത്യേകം കോമ്പോസിഷന്‍ ജിഎസ്ടി നമ്പര്‍ കുറിക്കണം. അപ്പോള്‍ തന്നെ ആര്‍ക്കും മനസ്സിലാകും അവര്‍ ഒന്നരക്കോടിയില്‍ താഴെ മാത്രം വിറ്റുവരവുള്ള ഡീലറാണെന്ന്. മാത്രമല്ല ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. ചെറിയ രീതിയിലെ ഇവര്‍ക്ക് കച്ചവടം നടത്താനാവൂ.
3. ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കുന്നത് ലളിതമായ കാര്യമാണ്. പക്ഷേ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. ടാക്‌സ് കളക്ഷന്‍ അറ്റ് സോഴ്‌സ് (ടിസിഎസ്) നിങ്ങള്‍ക്ക് ബാധമാണോ എന്നത് നോക്കണം. ജിഎസ്ടി എന്നത് ഒരു സെല്‍ഫ് അസസ്‌മെന്റ് നികുതിയാണ്. അതുകൊണ്ട് തന്നെ നമുക്ക് ഉത്തരവാദിത്തം കൂടുതലാണ്. നമ്മള്‍ എന്തെങ്കിലും കാര്യങ്ങള്‍ വിട്ടുപോയാല്‍ അത് ചൂണ്ടിക്കാട്ടി തിരുത്താന്‍ ആവശ്യപ്പെട്ട് എഎസ്എംടി 10 നോട്ടീസ് ലഭിക്കും. ഇതിന് 15 ദിവസത്തിനുള്ളില്‍ മറുപടി കൊടുക്കണം. നാലുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നീക്കുപോക്കില്ലെങ്കില്‍ സാധാരണഗതിയില്‍ കച്ചവടക്കാര്‍ ബുദ്ധിമുട്ടിലാകും. അതൊരു ഓര്‍ഡര്‍ പോലാകും. ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഇവര്‍ക്കും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തവര്‍, റിട്ടേണുകള്‍ സമയാസമയം സമര്‍പ്പിച്ചിരിക്കണം. തുടര്‍ച്ചയായി രണ്ട് റിട്ടേണുകള്‍ സമര്‍പ്പിക്കാതെ വന്നാല്‍ ഇ വെ ബില്‍ ബ്ലോക്ക് ചെയ്യപ്പെടും. നികുതി അടക്കാത്തതിന്റെ പേരിലും പലിശയ്ക്കും പിഴയ്ക്കും പുറമേയാണ് സാധന കൈമാറ്റം കൂടി തടസ്സപ്പെടുന്നത്. 50,000 രൂപയില്‍ കൂടുതലുള്ള സാധനങ്ങളുടെ കൈമാറ്റത്തിന് ഇ വെ ബില്‍ വേണം. അത് ക്രിയേറ്റ് ചെയ്യാന്‍ പറ്റാതെ വരുന്നത് കച്ചവടം നടത്താന്‍ പറ്റാത്ത അവസ്ഥയാക്കും.
ഇതിന്റെ കൂടെ മറ്റ് ചില കാര്യങ്ങള്‍ കൂടി. ഇന്‍വോയ്‌സും ബില്ലും തമ്മിലുള്ള വ്യത്യാസം എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നോര്‍മല്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തവരാണ് ഇന്‍വോയ്‌സ് നല്‍കുന്നത്. കോമ്പോസിഷന്‍ ജിഎസ്ടിയോ അല്ലെങ്കില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാത്തവരോ ആണെങ്കിലാണ് ബില്‍ നല്‍കുന്നത്. ജിഎസ്ടി നിയമത്തില്‍ ബില്‍ ഒരു ചെറിയ കാര്യവും ഇന്‍വോയ്‌സാണ് നല്ലൊരു കച്ചവടക്കാരനാണ് എന്ന സൂചന നല്‍കുന്ന കാര്യവും. ഇന്‍വോയ്‌സില്‍ ടാക്‌സ് എത്രയെന്ന് വേറെ കാണിക്കണം. സ്‌റ്റോക്ക് രജിസറ്റര്‍, ഡേ ബുക്ക്, ലെഡ്ജര്‍ തുടങ്ങിയ എല്ലാ രേഖകളും, ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തവര്‍, ബിസിനസ് സ്ഥാപനത്തില്‍ കൃത്യമായി സൂക്ഷിച്ചിരിക്കണം. ഇക്കാര്യത്തില്‍ ഒരു അലംഭാവവും പാടില്ല. പതിനായിരം കൂടുതലുള്ള രൂപയുടെ കൈമാറ്റം ചെക്ക് വഴിയേ നടത്താന്‍ പാടുള്ളൂ. ഇന്‍കം ടാക്‌സ് നിയമവും ജിഎസ്ടി നിയമവും കൈകോര്‍ത്താണ് പോകുന്നത്. അതുകൊണ്ട് എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.
4. സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും എന്തെല്ലാം രേഖകള്‍ സൂക്ഷിക്കണം?
ഇത് പലപ്പോഴും, പൊതുവേ പുതുതായി കച്ചവട രംഗത്തേക്ക് വരുന്നവര്‍ ശ്രദ്ധിക്കാറില്ല. സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും അടിസ്ഥാനപരമായ രേഖ ഇന്‍വോയ്‌സോ അല്ലെങ്കില്‍ ബില്‍ ഓഫ് പേയ്‌മെന്റോ ആണ്. ബി എന്ന കച്ചവടക്കാരന്‍ എ എന്ന ആളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍, അവര്‍ തരുന്ന ഇന്‍വോയ്‌സില്‍ ബി യുടെ ജിഎസ്ടി നമ്പര്‍ കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കണം. ജിഎസ്ടി, ജിഎസ്ടി നെറ്റ് വര്‍ക്കില്‍ അടച്ചോയെന്നും നോക്കണം. ഒരു ഹോള്‍സെയ്ല്‍ കച്ചവടക്കാരന്‍ റീറ്റെയ്ല്‍ കച്ചവടക്കാരന് 50,000 രൂപയില്‍ കൂടുതലുള്ള സാധനങ്ങള്‍ കയറ്റി അയച്ചാല്‍ അതുമായി ബ്ന്ധപ്പെട്ട ഇ വെ ബില്‍ ഉള്‍പ്പടെ എല്ലാ രേഖകളും സൂക്ഷിച്ചുവെയ്ക്കണം.
5. എന്താണ് ഇന്‍പുട്ട് ടാക്‌സ്?
ജിഎസ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കല്‍ കൊടുത്ത നികുതി അടുത്ത ഘട്ടത്തില്‍ കിഴിവായി ലഭിക്കും എന്നതാണ്. ഉദാഹരണത്തിന് എ എന്ന കച്ചവടക്കാരന്‍ ബി എന്ന ഹോള്‍സെയ്‌ലറില്‍ നിന്ന് 10,000 രൂപയുടെ സാധനങ്ങള്‍ വാങ്ങി. അതിന് 18 ശതമാനം നികുതിയായ 1800 രൂപയും കൊടുത്തു. ബി കണക്കെഴുതുമ്പോള്‍ പര്‍ച്ചേസ് എക്കൗണ്ടില്‍ 10,000 രൂപയും ജിഎസ്ടി ഇനത്തില്‍ 1800 രൂപയുമായാണ് എഴുതുക. 10,000 രൂപയുടെ സാധനം ബി 1000 രൂപ കൂട്ടി 11,000 രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍, അധികമായി ലഭിച്ച തുകയ്‌ക്കേ നികുതി അടക്കേണ്ടതുള്ളൂ. അതായത് 1000 രൂപയുടെ 18 ശതമാനമായ 180 രൂപ.
എ എന്ന ഹോള്‍സെയ്‌ലര്‍ ബിയില്‍ നിന്ന് വാങ്ങിയ നികുതി സര്‍ക്കാരിലേക്ക് അടച്ചാല്‍ മാത്രമേ ബിയ്ക്ക് ഇന്‍പുട്ട് ടാക്‌സ് എടുക്കാന്‍ പറ്റൂ. ഈ ഇന്‍പുട്ട് ടാക്‌സാണ് ജിഎസ്ടിയുടെ ഏറ്റവും ആകര്‍ഷണീയമായ ഘടകം.
കോമ്പോസിഷന്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്ത ആളാണെങ്കില്‍ ഒരു ശതമാനം നികുതി സ്വന്തം കൈയില്‍ നിന്ന് എടുത്ത് അടക്കണം. മാത്രമല്ല, ഇയാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് എടുക്കാനും സാധിക്കില്ല. കോമ്പോസിഷന്‍ ജിഎസ്ടി രജിസ്‌ട്രേഷനെ അനാകര്‍ഷകമാക്കുന്ന കാര്യവും അതാണ്.
6. ഇന്‍പുട്ട് നികുതി ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
ഇന്‍വോയ്‌സ് വേണം. നികുതി അതില്‍ കാണിച്ചിരിക്കണം. നികുതി റിട്ടേണില്‍ ഈ ഇന്‍വോയ്‌സ് അപ്്‌ലോഡ് ചെയ്തിരിക്കണം. മാത്രമല്ല, വാങ്ങിയ ആള്‍ മൊത്തം പേയ്‌മെന്റ്, വില്‍്പ്പന നടത്തിയ ആള്‍ക്ക് 180 ദിവസത്തിനുള്ളില്‍ നല്‍കിയിരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കൂ. ആറുമാസത്തിനുള്ളില്‍ മൊത്തം പേയ്‌മെന്റ് നല്‍കിയില്ലെങ്കില്‍ റിവേഴ്‌സ് ഇന്‍പുട്ട് ടാക്‌സായി, ലഭിച്ച ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സര്‍ക്കാരിലേക്ക് തിരിച്ച് അടക്കേണ്ടി വരും.
7. എന്താണ് നികുതി റിട്ടേണുകള്‍?
സാധാരണ നിലയില്‍ ഒരു മാസത്തെ ഇടപാടുകളുടെ സംക്ഷിപ്ത രൂപമായ GSTR - 3Bയും GSTR-1 ഉം ജിഎസ്ടി നെറ്റ് വര്‍ക്കില്‍ അപ് ലോഡ് ചെയ്യണം. കൃത്യമായി ഇവ സമര്‍പ്പിച്ചില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കും. ഒരു റിട്ടേണിനും 10,000 രൂപ വരെ ലേറ്റ് ഫീ ഈടാക്കാം. ഈ ലേറ്റ് ഫീസ് ഒരു ഉദ്യോഗസ്ഥനും എഴുതിതള്ളാനുമാവില്ല. പുതുക്കിയ ജിഎസ്ടി ചട്ട പ്രകാരം അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി. എന്നാല്‍ എല്ലാ മാസവും നികുതി നല്‍കണം. ഇതുകൂടാതെ വാര്‍ഷികാടിസ്ഥാനത്തില്‍ സമര്‍പ്പിക്കേണ്ട രേഖകളും വീഴ്ച വരുത്താതെ സമര്‍പ്പിക്കണം.
8. റിട്ടേണ്‍ സമര്‍പ്പണത്തില്‍ വീഴ്ച വരുത്തിയാല്‍ എന്തു സംഭവിക്കും?
റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഓരോ ദിവസവും വൈകിയാല്‍ പ്രതിദിനം 100 ഉം 200 ഉം രൂപ കണക്കില്‍ പരമാവധി 10,000 രൂപ വരെ ലേറ്റ് ഫീസ് ഈടാക്കാന്‍ വകുപ്പുണ്ട്. ഈ ലേറ്റ് ഫീ ഒരു ഉദ്യോഗസ്ഥനും എഴുതി തള്ളാനാകില്ല.
9. ജിഎസ്ടിയില്‍ കണക്കെഴുത്തിന്റെ പ്രാധാന്യമെന്താണ്?
സെയ്ല്‍സ് രജിസ്റ്ററും പര്‍ച്ചേസ് രജിസ്റ്ററുമൊക്കെ ഒരു വ്യാപാരി സൂക്ഷിച്ചാല്‍ മതിയെന്ന കാലഘട്ടം ജിഎസ്ടി വന്നപ്പോള്‍ മാറി. കണക്കിന്റെ നിയമമാണ് ജിഎസ്ടി. കണക്കെഴുതിയോ പറ്റൂ. മാത്രമല്ല ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കണക്കുകള്‍ ആറുവര്‍ഷത്തോളം സൂക്ഷിക്കാന്‍ ബാധ്യതയുണ്ട്. ഇത് ഫിസിക്കല്‍ രൂപത്തിലോ ഇലക്ട്രോണിക്‌സ് രൂപത്തിലോ ആകാം. പ്രത്യേക സാഹചര്യത്തില്‍ കണക്കുകള്‍ അതില്‍ കൂടുതല്‍ കാലവും സൂക്ഷിക്കേണ്ടിയിരിക്കുന്നു.
10. ജിഎസ്ടി നെറ്റ് വര്‍ക്കിനെ വെട്ടിച്ച് കച്ചവടം നടത്താന്‍ ഇനി പറ്റില്ല എന്നാണോ പറയുന്നത്?
തീര്‍ച്ചയായും അതേ. ഇനി കച്ചവടം സുതാര്യമായി തന്നെ വേണം. അതിവിദൂരമല്ലാത്ത കാലത്ത് ജിഎസ്ടിയുടെ ഒരു ലിങ്കില്‍ തന്നെ ഇന്‍വോയ്‌സ് അടിക്കുന്ന രീതി തന്നെ വന്നേക്കാം. കച്ചവടക്കാര്‍ തട്ടിപ്പ് കാണിച്ച് കണക്കുകള്‍ രേഖപ്പെടുത്താതെ ഇരുന്നാലും അത് പിടിക്കപ്പെടും വിധം ഇന്റലിജന്‍സ് സംവിധാനം ജിഎസ്ടിക്കുണ്ട്. സ്റ്റാറ്റിറ്റിക്‌സ് വകുപ്പുമായി ചേര്‍ന്ന് സാധനങ്ങളുടെ പോക്ക് വരവുകള്‍ പരിശോധിച്ച് എല്ലാം ക്രോസ് ചെക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നു. വ്യാപാരികള്‍ക്ക് ഇനി ഒന്നും ഒളിക്കാനാവില്ല. എത്രമാത്രം സുതാര്യമായും നിയമാനുസൃതമായും കച്ചവടം നടത്തുന്നുവോ അത്രമാത്രം മനഃസമാധാനം ലഭിക്കും. ബിസിനസ് വളരും. പിഴയൊന്നും ഒടുക്കേണ്ടി വരില്ല. കച്ചവട രംഗത്തേക്ക് വരുന്നവര്‍ ഇതെല്ലാം മനസ്സിലാക്കി ജിഎസ്ടി നെറ്റ് വര്‍ക്കിനെ കുറിച്ച് അറിഞ്ഞ്, പഠിച്ച് ബിസിനസ് ചെയ്യുക.