നിക്ഷേപം കൂടാതെ തന്നെ നികുതി ലാഭിക്കാന്‍ അഞ്ചു വഴികള്‍

Update: 2020-03-30 10:59 GMT

ബാങ്കിലെ സ്ഥിര നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി നികുതി ലാഭിക്കാനുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാജ്യം ലോക്ക് ഡൗണിനെ തുടര്‍ന്ന് സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ കൈയിലുള്ള പണം അത്യാവശ്യത്തിനായി കൈയില്‍ സൂക്ഷിക്കാനാകും പലരുടെയും ശ്രമം. അപ്പോള്‍ നികുതി ഭാരത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാനാകും?
1961 ലെ ആദായ നികുതി നിയമം മറ്റു ചില വഴികളെ കുറിച്ചും പറയുന്നുണ്ട്. നിങ്ങള്‍ ചെലവിട്ട പണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ലാഭിക്കുനുള്ള വഴികളുണ്ട്.
ഇതാ അതിനുള്ള അഞ്ചു വഴികള്‍

1. കുട്ടികളുടെ പഠനത്തിനായുള്ള ഫീസ്

രാജ്യത്തിനകത്തുള്ള സ്‌കൂളുകള്‍, കോളെജുകള്‍, യൂണിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളുടെ പഠന ചെലവിനായി ചെലവിട്ട തുകയ്‌ന്മേല്‍ നികുതിയിളവിന് അപേക്ഷിക്കാം. ഒരു വ്യക്തിയുടെ രണ്ടു കുട്ടികളുടെ വരെ പഠന ചെലവിന്മേല്‍ ഇത്തരത്തില്‍ ആനുകൂല്യം ലഭിക്കും. എന്നാല്‍ വികസന ഫണ്ട്, സംഭാവന എന്നീ രീതികളില്‍ നല്‍കിയ പണത്തിന് ആനൂകൂല്യം ലഭിക്കില്ല. നഴ്‌സറി ക്ലാസ്, പ്രീ നഴ്‌സറി, പ്ലേ സ്‌കൂള്‍ അടക്കമുള്ള ഏതു സ്ഥാപനങ്ങളിലെയും ഫുള്‍ടൈം കോഴ്‌സുകളുടെ ഫീസുകളിലും ഇളവുണ്ട്. സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നികുതി ലാഭിക്കാനാകും.

2. സംഭാവന

സാമൂഹ്യ സേവനത്തിനായി ചാരിറ്റബ്ള്‍ സംഘടനകള്‍ക്ക് നല്‍കിയ സംഭാവനയില്‍ സെക്ഷന്‍ 80 ജി പ്രകാരം ഇളവിന് അര്‍ഹതയുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് 50 മുതല്‍ 100 ശതമാനം നികുതിയിളവ് ഇതിലൂടെ ലഭിക്കാം. സംഭാവന തുക, സംഭാവന സ്വീകരിച്ചവരുടെ പേര്, വിലാസം, പാന്‍ നമ്പര്‍ എന്നിവ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്‍കണം.

3. വാടക

സെക്ഷന്‍ 10 (13 എ) പ്രകാരം വീട്ടു വാടകയിന്മേല്‍ നികുതിയിളവ് ലഭിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഹൗസ് റെന്റ് അലവന്‍സ് ലഭിക്കുന്ന ജീവനക്കാര്‍ക്കാണിത്. ഹൗസ് റെന്റ് അലവന്‍സ് ലഭിക്കാത്ത മറ്റുള്ള നികുതിദായകര്‍ക്ക് സെക്ഷന്‍ 80 ജിജി പ്രകാരം പ്രതിമാസം 5000 രൂപ വരെയുള്ള വാടകയ്ക്ക് നികുതിയിളവ് ലഭിക്കാം.

4. മെഡി ക്ലെയിം

മിക്ക ആളുകളും നിശ്ചിത തുക ഓരോ വര്‍ഷവും ആരോഗ്യ ഇന്‍ഷുറന്‍സിനായി ചെലവഴിക്കുന്നവരാണ്. സെക്ഷന്‍ 80 ഡി പ്രകാരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ നികുതിയിളവ് ലഭിക്കും. നികുതി ദായകന്റെ മാത്രമല്ല അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലും നിശ്ചിത തുക ഇളവ് ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ ഒഴിച്ചുള്ളവരുടെ പ്രീമിയത്തിന്മേല്‍ 25,000 രൂപ വരെ ഇളവ് ലഭിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അല്ലാത്ത മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ ആശുപത്രി ചെലവിന് ആനുപാതികമായി ഇളവിന് അര്‍ഹതയുണ്ട്.

5. വിദ്യാഭ്യാസ വായ്പയിന്മേല്‍

സ്വന്തമായോ കുടുംബാഗത്തിനോ വേണ്ടി വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പലിശയന്മേല്‍ നികുതിയിളവ് ലഭിക്കും. സെക്ഷന്‍ 80 ഇ പ്രകാരമാണിത്. വായ്പ തിരിച്ചടവ് തുടങ്ങി എട്ടു വര്‍ഷം വരെയോ വായ്പ തിരിച്ചടക്കുന്നതു വരെയോ ഏതാണോ ആദ്യം അതു വരെ ഈ ഇളവിന് അര്‍ഹതയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News