ഓഹരി മൂലധനനേട്ട നികുതി കുറയ്ക്കാന്‍ നി്ര്‍ണായക നടപടി

Update: 2019-10-29 11:22 GMT

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് (ഡിഡിടി) റദ്ദാക്കുന്നതുള്‍പ്പെടെ ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ദീര്‍ഘകാല മൂലധന നേട്ട നികുതികള്‍ ഇളവു ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുശേഷമുള്ള വലിയ പരിഷ്‌കരണമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന വാര്‍ത്ത പുറത്തുവന്നതിനേത്തുടര്‍ന്ന ് ഇന്നുച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്സ് 600 പോയിന്റിലേറെ കുതിച്ചു.

നിലവിലുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി, സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് എന്നിവയില്‍ മാറ്റം വരുത്താന്‍ ധനമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും സംയുക്തമായി നടപടികളാരംഭിച്ചതായാണ് വാര്‍ത്ത. സര്‍ച്ചാര്‍ജും എഡ്യുക്കേഷന്‍ സെസും കൂടിച്ചേരുമ്പോള്‍ ലാഭവിഹിത നികുതിയിന്മേല്‍ 20.35 ശതമാനമാണ് ബാധ്യത.

ഒരു വര്‍ഷത്തിനുമേല്‍ കൈവശംവെച്ച് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് 2018 ബജറ്റില്‍ സര്‍ക്കാര്‍ ആദായ നികുതി ഏര്‍പ്പെടുത്തിയത്. സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള നേട്ടത്തിനാണ് നികുതി ചുമത്തിയത്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്.

ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഈടാക്കുന്നതാണ് സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ്. 2004 ഒക്ടോബര്‍ ഒന്നിനാണ് ഈ നികുതി പ്രാബല്യത്തില്‍ വന്നത്.  കമ്പനികള്‍ ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തിന്മേലുള്ള നികുതിയാണ് നിലവില്‍ 15 ശതമാനം വരുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ്(ഡിഡിടി).

Similar News