ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയില്‍ മാറ്റം

Update: 2018-08-11 09:34 GMT

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തു വിട്ടു. ഇതനുസരിച്ച് 1.5 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള ബിസിനസുകള്‍ തങ്ങളുടെ ജിഎസ്ടി സെയില്‍സ് റിട്ടേണുകള്‍ തൊട്ടടുത്തമാസത്തിലെ 11-ാമത്തെ ദിവസത്തിന് മുന്‍പായി ഫയല്‍ ചെയ്യണം.

ജൂലൈ 2018 നും മാര്‍ച്ച് 2019 നും ഇടയില്‍ ഫയല്‍ ചെയ്യുന്ന ജിഎസ്ടി റിട്ടേണുകള്‍ക്കാണ് ഇത് ബാധകമാവുക. നിലവില്‍ തൊട്ടടുത്തമാസം 10-ാമത്തെ ദിവസത്തിന് മുന്‍പാണ് GSTR-1 ഫയല്‍ ചെയ്യുക.

ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനമനുസരിച്ച് വിറ്റുവരവ് 1.5 കോടി രൂപയോ അതില്‍ കുറവോ ഉള്ള ബിസിനസുകള്‍ മൂന്ന് മാസം കൂടുമ്പോള്‍ (quarterly) റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി.

ഈ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ വരും മാസത്തിലെ അവസാന തീയതിക്ക് മുന്‍പ് GSTR-1 ഫയല്‍ ചെയ്തിരിക്കണം. അതായത്, ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തിലെ റിട്ടേണ്‍ ഒക്ടോബര്‍ 31 ഓടെയും ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ റിട്ടേണ്‍ 2019 ജനുവരി 31 ഓടെയും, 2019 ജനുവരി-മാര്‍ച്ച് പാദത്തിലേത് ഏപ്രില്‍ 30 ഓടെയും ഫയല്‍ ചെയ്യണം.

അതേസമയം GSTR-3B ഫയല്‍ ചെയ്യുന്നതിന്റെയും മാസ നികുതിയടവിന്റേയും അവസാന തീയതി വരും മാസത്തിലെ 20-ാമത്തെ ദിവസമാണ്.

Similar News