ജിഎസ്ടി ഓഡിറ്റ്: പ്രശ്‌നം ഗുരുതരം

Update: 2018-12-25 09:55 GMT

സ്റ്റാൻലി ജെയിംസ്, FCA, ചാർട്ടേർഡ് എക്കൗണ്ടൻറ്, കൊച്ചി   

ജിഎസ്ടി നിലവില്‍ വന്നതു മുതല്‍ മൊത്തം വിറ്റുവരവ് രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ആയാല്‍ ഓരോ വ്യാപാരികള്‍ക്കും CGST സെക്ഷന്‍ 35 (5) പ്രകാരം ജിഎസ്ടി ഓഡിറ്റ് ബാധകമാണ്.

ഒരു ചാര്‍ട്ടേഡ് എക്കൗണ്ടന്റിനോ കോസ്റ്റ് എക്കൗണ്ടന്റിനോ മേല്‍പ്പറഞ്ഞ ഓഡിറ്റ് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആദ്യ വര്‍ഷത്തെ ഓഡിറ്റ് ഒട്ടനവധി സംശയങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും ഇടം നല്‍കിയിരിക്കുകയാണ്.

ഒന്നിലധികം സംസ്ഥാനത്ത് ബിസിനസ് നടത്തുന്ന ഡീലര്‍മാരുടെ രണ്ട് കോടി രൂപ വിറ്റുവരവ് കണക്കിലെടുക്കേണ്ടത് എല്ലാ സംസ്ഥാനത്തേയും കൂടിയുള്ള വിറ്റുവരവ് അടിസ്ഥാനത്തിലാണ്.

അതായത് ഒരു പാന്‍ നമ്പര്‍ ആധാരമായി അഞ്ച് സംസ്ഥാനത്തു നിന്നായി ആറ് കോടി വിറ്റുവരവ് നേടിയാലും 25 ലക്ഷം മാത്രം ടേണ്‍ ഓവര്‍ ഉള്ള സംസ്ഥാനങ്ങളിലേയും ജിഎസ്ടി ഓഡിറ്റുകള്‍ സംസ്ഥാനം തിരിച്ച് ഓഡിറ്റ് ചെയ്യുകയും ഫോം 9C, Reconciliation Statement തുടങ്ങിയവ സമര്‍പ്പിക്കേണ്ടതുമാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓരോ സംസ്ഥാനത്തും പ്രോഫിറ്റ് ആന്‍ഡ് ലോസ് എക്കൗണ്ട്, ബാലന്‍സ് ഷീറ്റ് മുതലായവ തയാറാക്കേണ്ടതാണ്.

ജിഎസ്ടിയിലെ ഈ നിയമപ്രകാരം ആനുവല്‍ റിട്ടേണ്‍ (ഫോം നമ്പര്‍: 9) Recompilation Statement (ഫോം നമ്പര്‍. 9 C) തുടങ്ങിയവ നിര്‍ബന്ധമായും ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാകുന്നു. ഓഡിറ്റ് ചെയ്ത ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഓരോ വരവ്-ചെലവ് കണക്കും അതത് സംസ്ഥാനത്തെ ആനുവല്‍ റിട്ടേണുമായി Reconciliation ചെയ്യുക എന്നുള്ളത് വളരെയധികം ദുഷ്‌കരമായ ഒരു പ്രവൃത്തിയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 200ല്‍ അധികം നോട്ടിഫിക്കേഷനും സര്‍ക്കുലറും വന്നതിന്റെ വെളിച്ചത്തില്‍ വേണം ജിഎസ്ടി ഓഡിറ്റ് നടത്തുവാന്‍. അതുപോലെ തന്നെ റിവേഴ്‌സ് ചാര്‍ജ്, ഗുഡ്‌സിനും സര്‍വീസിനും വേര്‍തിരിച്ച് കണക്കാക്കുകയും സര്‍വീസിന് മുകളിലുള്ള റിവേഴ്‌സ് ടാക്‌സ് മാസം തിരിച്ച് അടയ്‌ക്കേണ്ടതുമാണ്. എന്നിരുന്നാലും വക്കീല്‍
ഫീസും, സ്‌പോണ്‍സര്‍, GTA സേവനം തുടങ്ങിയവയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9 മാസവും ബാധകമാകുന്നു.

സമയപരിധി അപര്യാപ്തം

ബില്‍ഡര്‍മാരും കോണ്‍ട്രാക്റ്റര്‍മാരും അഡ്വാന്‍സ് കിട്ടിയ തുകയില്‍ പോലും ജിഎസ്ടി അടയ്ക്കുവാന്‍ ബാധ്യസ്ഥര്‍ ആണ്. പ്രോഫിറ്റ് & ലോസ് എക്കൗണ്ടില്‍ കാണുന്ന ഓരോ ചെലവിനും ജിഎസ്ടി ബാധകമാണോ, റിവേഴ്‌സ് ചാര്‍ജ് അടയ്‌ക്കേണ്ടതുണ്ടോ, GSTR 3 B, GSTR 2A, Form No: 9 തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുകയും വ്യത്യാസങ്ങള്‍ കണ്ടുപിടിച്ചാല്‍ അതിന് അനുസരിച്ച് GSTR-9Cയില്‍ രേഖപ്പെടുത്തേണ്ടതുമാണ്.

പല വ്യാപാരികള്‍ക്കും ഇന്‍പുട്ട് ടാക്‌സിന്റെ ക്രെഡിറ്റ് സെപ്റ്റംബര്‍ 2018ലെ റിട്ടേണിന്റെ ഒപ്പം എടുക്കുവാന്‍ സാധിച്ചിട്ടില്ല. ഒന്നുകൂടി വ്യക്തമാക്കിയാല്‍ 2017 ജൂലൈ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിട്ടുപോയ ITC എടുക്കുവാനുള്ള അവസാന തിയതി സെപ്റ്റംബര്‍ മാസത്തിലെ GSTR-3B യോടുകൂടിയായിരുന്നു. ഇതുപ്രകാരം ഒക്‌റ്റോബര്‍ 25നകം മേല്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്ത ഡീലര്‍മാര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ഇന്‍കം ടാക്‌സ് ഓഡിറ്റിന്റെ കാലാവധി ഒക്‌റ്റോബര്‍ 31ന് അവസാനിച്ചുവല്ലോ. ഇനിയുള്ള കാലഘട്ടങ്ങളില്‍ ജിഎസ്ടി ഓഡിറ്റും ഇന്‍കം ടാക്‌സ് ഓഡിറ്റും തമ്മില്‍ പല സന്ദര്‍ഭങ്ങളിലും ഒരേസമയം ചെയ്യേണ്ടതായ ആവശ്യകത വര്‍ധിച്ചുവരുന്നു. ജിഎസ്ടി ഓഡിറ്റുകള്‍ നടത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ വിശദമായ വെരിഫിക്കേഷന് ബാധകമാണ് എന്നിരുന്നാലും ആനുവല്‍ റിട്ടേണും മേല്‍പ്പറഞ്ഞ ഓഡിറ്റും റിവൈസ് ചെയ്യുവാനുള്ള സംവിധാനം ഇല്ല.

നികുതി നിരക്കിനുമേല്‍ ഉള്ള വ്യത്യാസങ്ങള്‍, ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍, അഡ്വാന്‍സ് റൂളിംഗ്, ബോണ്ട് പ്രകാരമുള്ള കച്ചവടങ്ങള്‍, സെസ് പ്രദേശത്തുള്ള വ്യാപാരം എക്‌സ്‌പോര്‍ട്ട് നടത്തുമ്പോള്‍ ഫയല്‍ ചെയ്യേണ്ട റീഫണ്ട് സംവിധാനങ്ങള്‍, ജോബ് വര്‍ക്, വര്‍ക്ക്‌സ് കോണ്‍ട്രാക്റ്റ് തുടങ്ങിയ സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ട നടപടിക്രമങ്ങള്‍, ഇ-വേ ബില്‍ അതിന്റെ സമയക്രമീകരണങ്ങള്‍, സ്റ്റോക് ട്രാന്‍സ്ഫര്‍ കേരളത്തിന്റെ ഉള്ളിലും വെളിയിലും നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ജിഎസ്ടി ഓഡിറ്റുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ജിഎസ്ടി ഓഡിറ്റ് നടത്തേണ്ട കാലാവധി ഡിസംബര്‍ 31 എന്നത് തികച്ചും അപര്യാപ്തമാണ്. പ്രത്യേകിച്ച് GSTR-9, 9C, GST Portling ഇതുവരെ പബ്ലിഷ് ചെയ്യാത്ത സന്ദര്‍ഭത്തില്‍. ഓരോ മാസത്തെയും റിട്ടേണുകള്‍ റിവൈസ് ചെയ്യാന്‍ ഉള്ള സംവിധാനം ഇല്ലാത്തതും വ്യാപാര വ്യവസായ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

മാനേജിംഗ് പാര്‍ട്ണര്‍, സാജു & കോ, ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ്


Similar News