ജിഎസ്ടി: ഭയപ്പെടേണ്ട, നേരിടാന് വഴികളുണ്ട്

Update: 2017-11-08 09:20 GMT

ജിഎസ്ടിയുടെ സങ്കീര്‍ണതകളെ മറികടക്കാന്‍ വഴികള്‍ നിര്‍ദേശിക്കുകയാണ് ലേഖകന്‍

ആഗോളമായി ജിഎസ്ടിയുടെ ആശയം തന്നെ ലളിതമായ നികുതി നടപടിക്രമങ്ങള്‍ എന്നായിരുന്നു. നികുതിക്കുമേല്‍ നികുതികള്‍ ഒഴിവാക്കികൊണ്ടുള്ള സുതാര്യമായൊരു പ്രക്രിയ. എന്നാല്‍ നികുതി നിയമങ്ങള്‍ വളരെ ലളിതമായിട്ടുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പോലും അതിലളിതമായ ജിഎസ്ടിയിലേക്ക് ചുവടുറപ്പിക്കുമ്പോള്‍ ലളിതമെന്നു പറഞ്ഞ് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ജിഎസ്ടി നിയമങ്ങളെന്നു പറയേണ്ടി വരുന്നു.

പല കാരണങ്ങള്‍കൊണ്ടാണ് ഇന്ത്യയില്‍ ജിഎസ്ടി ഇത്രയും സങ്കീര്‍ണമായത്. അത് എന്തൊക്കെയാണെന്നു നോക്കാം.

IGST, CGST & SGST നിയമങ്ങള്‍, എന്തിനാണ് പലതരം നികുതി നിയമങ്ങള്‍? നികുതി നിരക്കുകള്‍ താഴെ പറയുന്നു.

1) 0 ശതമാനം, 2) 5 ശതമാനം, 3) 12 ശതമാനം, 4) 18 ശതമാനം, 5) 28 ശതമാനം

ഉദ്യോഗസ്ഥരുടെയും പൊതുജനത്തിന്റെയും Mind set ജിഎസ്ടിയ്ക്ക് അനുഗുണമായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കല്‍.

ഫെഡറല്‍ സംവിധാനത്തിന്റെ പേര് പറഞ്ഞുള്ള കക്ഷിരാഷ്ട്രീയ മുതലെടുപ്പ്.

പൂര്‍ണമായും കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ഒരു മേഖലയിലേക്ക് കടക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകളുടെ അഭാവം.

ബിസിനസ് കണക്കുകള്‍ മുമ്പില്ലാത്തവിധം ഓരോ നികുതിദായകനും പ്രത്യേകം സൂക്ഷിക്കേണ്ടി വരുമെന്ന ബിസിനസുകാരുടെ ആശങ്ക.

സാമ്പത്തികമേഖലയില്‍ ആഗോളതലത്തിലുള്ള മാന്ദ്യസമയത്ത് തന്നെ ജിഎസ്ടി നടപ്പിലാക്കിയത്.

ജിഎസ്ടിയുടെ ബോധവല്‍ക്കരണം എന്ന പേരില്‍ നടപ്പാക്കിയ ട്രെയ്‌നിംഗുകളിലെ അപാകത. ഓഫീസര്‍മാര്‍ പോലും ഈ നിയമത്തെ ഉള്‍ക്കൊണ്ടിട്ടില്ല.

VAT ലും ഇന്‍കംടാക്‌സ് നിയമത്തിലും ലളിതവല്‍ക്കരിച്ച രീതി വര്‍ഷങ്ങളായി നിലനിന്നിരുന്ന ഘട്ടത്തില്‍ നിന്നും ലളിതവല്‍ക്കരിക്കാത്ത കണക്കുകളും രേഖകളും ജിഎസ്ടി നിയമത്തില്‍ സൂക്ഷിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നു എന്ന ബിസിനസുകാരുടെ തോന്നല്‍.

ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍പോലും പലപ്പോഴും ക്രമത്തിലല്ലാതിരിക്കുന്ന ഒരു രാജ്യത്ത് ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിച്ചു ചെയ്യാവുന്ന ഒരു നിയമം സാധാരണ കച്ചവടക്കാര്‍ക്ക് ഭീതിയും ആശങ്കയും വര്‍ധിപ്പിക്കുമെന്ന ധാരണയില്ലായ്മ.

വ്യക്തമായ നിയമബോധവല്‍ക്കരണത്തിന്റെ കുറവ്

GST എന്ന നിയമത്തില്‍ തന്നെ 174 വകുപ്പുകളും നൂറുകണക്കിന് ഉപവകുപ്പുകളും ഉണ്ട്. CGST ചട്ടങ്ങളില്‍ തന്നെ 162 റൂളുകളും ഉപചട്ടങ്ങളും കൂടാതെ ഇതുവരെ അതായത് മൂന്നുമാസം പിന്നിടുമ്പോള്‍ ഒമ്പത് തവണ ഭേദഗതി വരുത്തിയിരിക്കുന്നു. ഓരോ നിയമത്തിലും 50ല്‍ ഏറെ നോട്ടിഫിക്കേഷനുകള്‍, ഓരോ കാര്യത്തിനും ഓരോ സര്‍ക്കുലറുകള്‍ തുടങ്ങി അനേകം സങ്കീര്‍ണതകള്‍ നിറഞ്ഞ തികച്ചും അണ്‍പ്രൊഫഷണല്‍ രീതിയാണ് GSTയുടെ ഇതുവരെയുള്ള അവതരണം.

നോട്ടിഫിക്കേഷനുകള്‍ തന്നെ പരസ്പര വിരുദ്ധമായവ. ഒരേ നമ്പറില്‍ തന്നെ റേറ്റിന്റെ നോട്ടിഫിക്കേഷന്‍ ഒന്ന്, ജനറല്‍ നോട്ടിഫിക്കേഷന്‍ വേറൊന്ന്. ഒരു CAക്കാരനുപോലും അവ്യക്തത മാത്രം പ്രദാനം

ചെയ്യുന്ന സങ്കീര്‍ണതകള്‍ മാത്രം നിറഞ്ഞ ജിഎസ്ടി സംവിധാനം.

വ്യക്തമായ മറുപടി കിട്ടില്ല എന്നത് പോയിട്ട് വ്യക്തമായും ആരെയാണ് കണ്ട് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്നുപോലും ആര്‍ക്കും അറിയാത്ത സ്ഥിതി.

ഉത്തരവാദിത്തബോധത്തോടെ പരിമിതികള്‍ മനസിലാക്കി പരിഹാര നിര്‍ദേശം തരാന്‍ കഴിയാത്ത മൊത്ത സംവിധാനം.

ഇങ്ങനെ നിരവധി കാരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയും. അതുകൊണ്ടൊന്നും പ്രശ്‌നപരിഹാരമാകില്ല.

പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം

ഈയൊരവസ്ഥയില്‍ സാധാരണ ബിസിനസുകാര്‍ക്കും പ്രൊഫഷണല്‍സിനും ഇപ്പോഴുള്ള അവസ്ഥ മനസിലാക്കി ഒരു പോസിറ്റിവ് സമീപനത്തിലൂടെ എങ്ങനെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാം എന്ന് നോക്കാം.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങളില്‍ GST N-ലേക്ക് പ്രവേശിക്കാന്‍ പറ്റിയില്ലെങ്കില്‍ ആ സമയത്തെ 'Screen Shot' സേവ് ചെയ്ത് കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ സൂക്ഷിക്കുക. അത് സമയബന്ധിതമായി ജിഎസ്ടിയുടെ ഹെല്‍പ്പ് ഡെസ്‌കിലേക്ക് മെയ്ല്‍ ചെയ്യുക. എന്തിനാണ് മെയ്ല്‍ ചെയ്യുന്നത് എന്നുകൂടി എഴുതി അറിയിക്കുക. ഭാഷ ഒരു പ്രശ്‌നമാക്കേണ്ട. നിങ്ങള്‍ക്കറിയുന്ന ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ ടൈപ്പ് ചെയ്ത് അയയ്ക്കുക. (helpdesk@gst.gov.in)പറ്റുമെങ്കില്‍ എല്ലാ ഇത്തരം മെയ്‌ലുകളും രജിസ്റ്റേര്‍ഡ് പേഴ്‌സണിന്റെ പരിധിയിലുള്ള കമ്മീഷണറുടെ മെയ്ല്‍ -ഐഡിയിലേക്ക് കൂടി അയയ്ക്കുക.

സാധാരണ നിലയില്‍ ലേറ്റ് ഫീ, പെനാല്‍ട്ടി, പലിശ എന്നിവയാണ് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന ജിഎസ്ടിയുടെ പ്രശ്‌ന ഘടകങ്ങള്‍. അപ് ലോഡ് ചെയ്യുമ്പോള്‍ CGST എന്നുള്ളത് SGST യിലേക്കോ മറിച്ചോ ചിലപ്പോള്‍ IGSTയിലേക്കോ അടച്ച തുക

യുടെ ഹെഡ് മാറിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ ജിഎസ്ടിയില്‍ അടച്ച കാശ് നഷ്ടപ്പെടുമോന്നോര്‍ത്ത് ആരും ഭയപ്പെടേണ്ടതില്ല.

സ്വാഭാവികമായും Head of Accounts മാറിപ്പോയാല്‍ തിരുത്തിക്കിട്ടാന്‍ ആരംഭകാലത്തിലുള്ള വിഷമങ്ങള്‍ സാവധാനം മാറിക്കോളും. Head മാറ്റിക്കിട്ടിയേ പറ്റൂ. രണ്ടു തരത്തില്‍ അത് സാധ്യമാക്കാം. ഒന്നാമത്തെ എളുപ്പവഴി അടക്കേണ്ട പൈസ വീണ്ടും അടച്ച് തെറ്റായി അടച്ച പൈസ റിട്ടേണ്‍ അപ്‌ലോഡ് ചെയ്തതിനുശേഷം റീഫണ്ടു വാങ്ങുക എന്നതാണ്. അതാണെളുപ്പവും. എന്നാല്‍ തുകയെങ്ങാന്‍ കൂടിയാല്‍ ബുദ്ധിമുട്ടാകും. ഹെല്‍പ് ഡെസ്‌കില്‍ നിന്നും മറുപടി കിട്ടുന്നത് പണം രണ്ടാമതും അടച്ച് കൂടുതലുള്ള തുക തിരിച്ചുവാങ്ങിക്കൂ എന്നതാകാം. സ്വാഭാവികമായും മനഃപൂര്‍വമല്ലാത്ത, കുറവുകള്‍ക്കോ കുറ്റങ്ങള്‍ക്കോ ശിക്ഷ അനുഭവിക്കേണ്ടതില്ല. സുപ്രീം കോടതി ഉള്‍പ്പടെയുള്ള കോടതികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമോ എന്ന് നോക്കേണ്ട പ്രധാന കാര്യം തെറ്റു ചെയ്യുമ്പോള്‍ അത് ബോധപൂര്‍വംതന്നെ ദുരുദ്ദേശത്തോടെ ചെയ്യുന്നതാണോ എന്നതാണ്. സാമ്പത്തിക നിയമത്തിലെ ചില പ്രത്യേകതകള്‍ ഇത്തരം കാര്യങ്ങളില്‍ അസസീക്ക് അനുകൂലവുമാണ്. ഹിന്ദുസ്ഥാന്‍ സ്റ്റീലിന്റെ കേസില്‍ സുപ്രീം കോടതി പരാമര്‍ശിച്ച ഒരു കാര്യം ഒരുദ്യോഗസ്ഥന്‍ നിയമപ്രകാരം നിര്‍ബന്ധമായും പെനാല്‍ട്ടി ഇടേണ്ട സന്ദര്‍ഭങ്ങളില്‍പ്പോലും പെനാല്‍ട്ടി ഇടാതിരിക്കാനുള്ള ജാഗ്രത കാട്ടണമെന്നതാണ് (25/STC-211). അതിനാല്‍ വിശദമായ റെപ്രസെന്റേഷന്‍ തയാറാക്കി രേഖകള്‍ സഹിതം ജിഎസ്ടിയുമായി ബന്ധപ്പെട്ട ഓഫീസറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ തീര്‍ച്ചയായും ആ പ്രശ്‌നം പരിഹരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടതായ കാര്യം ഒരു ഇ-മെയ്ല്‍ അയച്ചാല്‍ മാത്രം പോര. നിരന്തരം ഇ-മെയ്ല്‍, ഫോണ്‍കോള്‍ എന്നിവയിലൂടെ ഫോളോഅപ്പ് നടത്തുക.

Late fee - waiver ആണ് അടുത്ത പ്രശ്‌നം. മനഃപൂര്‍വമല്ലാത്ത വീഴ്ചയില്‍ - അതായത് GST Nന്റെ എന്തെങ്കിലും പ്രശ്‌നങ്ങളുടെ പേരില്‍ ജിഎസ്ടി റിട്ടേണുകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ലേറ്റ് ഫീ അടച്ച് ബന്ധപ്പെട്ട അധികാരികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഏറ്റവും കുറഞ്ഞത് 2017 - ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലെയെങ്കിലും ഫീ ഒഴിവായിപ്പോയേക്കുയെങ്കിലും ലേറ്റ് ഫീ ഒഴിവായിപ്പോയേക്കുമെന്നാണ് ലേഖകന്റെ അഭിപ്രായം. അടച്ച പണം ബോധ്യപ്പെടുത്താല്‍ നമ്മുടെ പണം ലെഡ്ജറില്‍ വന്നിരിക്കേണ്ടതാണ്.

സര്‍ക്കുലര്‍

ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഒരു അസസീ താന്‍ പരമാവധി ശ്രമം നടത്തിയിട്ടുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ യഥാസമയം ജിഎസ്ടി അധികാരികളെ ഏറ്റവും കുറഞ്ഞപക്ഷം ഇ-മെയ്ല്‍ ആയി അറിയിച്ച് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുക.

എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകള്‍ ജിഎസ്ടിയില്‍ മാത്രമല്ല മറ്റ് എല്ലാ നിയമകാര്യങ്ങളിലും സൂക്ഷിച്ചാല്‍ അത് ഏറെ ഗുണം ചെയ്യും.

Similar News