ജി.എസ്.ടി: വ്യാജ രജിസ്‌ട്രേഷന്‍ കണ്ടെത്താന്‍ രാജ്യവ്യാപക പരിശോധന, ഓഗസ്റ്റ് 16 മുതല്‍ രണ്ട് മാസം

ഐ.പി.ടിയില്‍ പിടി വീഴുമോ ?

Update:2024-08-13 15:59 IST

ഗുഡ്‌സ് ആന്റ് സര്‍വ്വീസസ് ടാക്‌സ് രജിസ്‌ട്രേഷനുകള്‍ വ്യാജമായി എടുക്കുന്നത് തടയാന്‍ രാജ്യ വ്യാപകമായി പരിശോധന വരുന്നു. കേന്ദ്ര-സംസ്ഥാന ജി.എസ്.ടി വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പരിശോധന ഓഗസ്റ്റ് 16 മുതല്‍ രണ്ട് മാസമാണ്. പരിശോധനയുടെ ഭാഗമായി കേരളത്തില്‍ ഉള്‍പ്പടെ ജി.എസ്.ടി രജിസ്‌ട്രേഷനുകളുടെ നിജസ്ഥിതി വിലയിരുത്തും. ഇന്‍പുട് ടാക്‌സ് സംവിധാനം ഉപയോഗിച്ച് കൂടുതല്‍ നികുതി തിരിച്ചെടുക്കുന്ന രജിസ്‌ട്രേഷന്‍ നമ്പരുകളില്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്നാണ് സൂചനകള്‍. ഇത്തരം രജിസ്‌ട്രേഷനുകള്‍ യഥാര്‍ത്ഥ ഉടമകളുള്ളതാണോ എന്ന് കണ്ടെത്തും. ഐ.പി.ടി ക്രെഡിറ്റുകളിലും നികുതി വെട്ടിപ്പുകളിലും നിയന്ത്രണം കൊണ്ടുവരികയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് കേന്ദ്ര ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി.

കണ്ടെത്തിയത് 24,000 കോടിയുടെ നികുതി വെട്ടിപ്പ്

കഴിഞ്ഞ വര്‍ഷം ജി.എസ്.ടി വകുപ്പ് നടത്തിയ സമാന സ്വഭാവമുള്ള പരിശോധനയില്‍ കണ്ടെത്തിയത് 24,010 കോടി രൂപയുടെ നികുതി വെട്ടിപ്പാണ്. 2023 മെയ് 16 മുതല്‍ ജൂലൈ 15 വരെയാണ് എല്ലാ സംസ്ഥാനങ്ങളിലും പരിശോധന നടന്നത്. സജീവമായി ഇടപാടുകള്‍ നടന്നിരുന്ന 21,791 രജിസ്‌ട്രേഷനുകളില്‍ ബിസിനസുകള്‍ നിലവിലില്ലെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 11,392 എണ്ണം സംസ്ഥാനങ്ങളുടെ പരിധിയിലും 10,399 എണ്ണം കേന്ദ്രത്തിന്റെ പരിധിയിലും രജിസ്റ്റര്‍ ചെയ്തിരുന്നവയാണ്. വലിയ നികുതി വെട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് തുടര്‍ പരിശോധനക്ക് ജി.എസ്.ടി വകുപ്പ് മുന്നോട്ടു വരുന്നത്.

ലക്ഷ്യം ശുദ്ധീകരണം

പൂട്ടിപ്പോയതോ ബിസിനസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോ ആയ സ്ഥാപങ്ങളുടേത് ഉള്‍പ്പടെ ഒട്ടേറെ രജിസ്‌ട്രേഷനുകള്‍ വര്‍ഷങ്ങളായി സജീവമല്ലാതെ കിടക്കുന്നുണ്ട്. നികുതി വെട്ടിപ്പിന് വേണ്ടി മാത്രം എടുക്കുന്ന രജിസ്‌ട്രേഷനുകള്‍ ഉള്ളതായും കഴിഞ്ഞ തവണത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ മേല്‍വിലാസം നല്‍കി എടുക്കുന്ന രജിസ്‌ട്രേഷനുകള്‍ ഐ.പി.ടി ക്രെഡിറ്റിന് വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അന്തര്‍ സംസ്ഥാന വ്യാപാരം നടത്തിയെന്ന് വ്യാജമായി ബില്‍ ചെയ്തും വ്യാജ ഇ-വേ ബില്‍ സൃഷ്ടിച്ചും ഇന്‍പുട് ടാക്‌സ് എടുക്കുന്ന തട്ടിപ്പ് ഏറെ കാലമായി ഈ മേഖലയിലുണ്ട്. ഇത് മൂലം സര്‍ക്കാരിന് പണം നഷ്ടപ്പെടുന്നതിനൊപ്പം വ്യാജ കമ്പനികളുമായി വ്യാപാരം നടത്തുന്നവര്‍ അധികമായി നികുതിയും പിഴയും നല്‍കേണ്ടിയും വരുന്നു. ഇത്തരം വെട്ടിപ്പുകള്‍ കണ്ടെത്തുകയാകും പരിശോധനയുടെ മുഖ്യലക്ഷ്യം. അതോടൊപ്പം, വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുകളും ഇതോടെ റദ്ദാകും.

Tags:    

Similar News