ജിഎസ്ടി നിരക്കുകൾ കുറച്ചു; 28% നികുതി 34 ഉൽപന്നങ്ങൾക്ക് മാത്രം

Update: 2018-12-22 11:43 GMT

നിത്യോപയോഗ സാധനങ്ങളടക്കം നാൽപതോളം ഉൽപന്നങ്ങളുടെ ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്ക് കുറക്കാൻ ഇന്നു ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.

ഇതോടെ ഏറ്റവും ഉയർന്ന ടാക്സ് ബ്രോക്കറ്റിൽ (28 ശതമാനം) 34 ഉൽപന്നങ്ങൾ മാത്രമായി. ആഡംബര വസ്തുക്കളുടെ വിഭാഗത്തിൽ പെടുന്ന ഉൽപന്നങ്ങളാണിവ. ജനുവരി ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി കൗൺസിലിന്റെ തീരുമാനങ്ങൾ അറിയിച്ചു:      

  • സെൻട്രലൈസ്ഡ് അഡ്വാൻസ് റൂളിംഗ് അതോറിറ്റി രൂപീകരിക്കാൻ തീരുമാനമായി.
  • 7  ഉൽപന്നങ്ങളെ 28% നികുതി സ്ലാബിൽ നിന്ന് ഒഴിവാക്കി.  
  • സിമെന്റ് ഒഴികെയുള്ള എല്ലാ ബിൽഡിങ് സാമഗ്രികൾക്കും നിരക്കുകൾ കുറച്ചു. 
  • ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് 2019 മാർച്ച് 31 വരെ സമയം. പിഴ ഈടാക്കുകയില്ല.
  • വീഡിയോ ഗെയിം, ഡിജിറ്റൽ ക്യാമറ : 28% ൽ നിന്ന് 18% ലേക്ക് കുറച്ചു. 
  • 100 രൂപവരെ വിലയുള്ള സിനിമ ടിക്കറ്റുകൾക്ക് ജിഎസ്ടി 18% ൽ നിന്ന് 12% മായി കുറച്ചു. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് നികുതി 28% ൽ നിന്ന് 18% മായി ചുരുക്കി.
  • ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. 
  • ഉപയോഗിച്ച ടയർ, ലീഥിയം ബാറ്ററികൾ, പവർ ബാങ്ക്, വിസിആർ, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാർഡ്സ് ആൻഡ് സ്നൂക്കേർസ് തുടങ്ങിയ സ്പോർട്സ് ഉൽപന്നങ്ങൾക്ക് 28% ൽ നിന്നു 18% ആയി കുറച്ചു. 
  • ഓട്ടോ പാർട്ടുകൾക്ക് നികുതി നിരക്കിൽ മാറ്റമില്ല. 
  • ഭിന്നശേഷിക്കാർക്കുള്ള കാര്യേജ് ആക്‌സെസറികളുടെ നികുതി 5% ആക്കി കുറച്ചു.
  • തീർത്ഥാടകർക്ക് പ്രത്യേക വിമാനത്തിലുള്ള യാത്രയ്ക്ക് ഈടാക്കുന്ന നികുതി കുറച്ചു: ഇക്കോണമി 5%, ബിസിനസ് ക്ലാസ് 12%.  
  • സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കോംപൻസേഷൻ 48,000 കോടി രൂപ നൽകി. ഈ വർഷം 60,000 കോടി രൂപ നൽകും. 
  • നിരക്ക് കുറക്കുന്നതുമൂലം സർക്കാരിനുണ്ടാകുന്ന റവന്യൂ നഷ്ടം 5500 കോടി. 

99% ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെ നികുതി എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Similar News