ജി എസ് ടി വരുമാനം ആദ്യമായി 1.6 ലക്ഷം രൂപ കടന്നു

ഏപ്രില്‍ മാസം സമാഹരിച്ചത് 1.68 ലക്ഷം കോടിരൂപ

Update: 2022-05-02 09:55 GMT

രാജ്യത്ത് ആദ്യമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.5 ലക്ഷംകോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസം മാത്രം ലഭിച്ചത് 1.68 ലക്ഷം കോടി രൂപയാണ്. 2021 ഏപ്രില്‍മാസത്തെക്കാള്‍ 20ശതമാനം അധികമാണിത്.

ജിഎസ്ടി നിരക്കില്‍ ഏപ്രിലില്‍ സര്‍വകാല റെക്കോര്‍ഡ് സമാഹരിച്ചെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് ആണ് സൂചിപ്പിക്കുന്നത്.

25,000 കോടി രൂപയാണ് കഴിഞ്ഞമാസത്തേക്കാള്‍ അധികമായി സമാഹരിക്കാനായത്. 1.42 ലക്ഷം കോടിയായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജിഎസ്ടി വരുമാനം.

പത്താമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ പിന്നിടുന്നത്. കഴിഞ്ഞ മാസവും വരുമാനത്തില്‍ മുന്നേറ്റമുണ്ടായിരുന്നു. സമ്പദ്ഘടനയുടെ മുന്നേറ്റം, കൃത്യസമയത്ത് റിട്ടേണ്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ സഹായിച്ചത്.

ആകെ  സമാഹരിച്ച തുകയില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 33,159 കോടിയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 41,793 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 81,939 കോടിയുമാണ് സമാഹരിച്ചത്. സെസിനത്തില്‍ 10,649 കോടിയും ലഭിച്ചു.

Similar News