ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കേരളത്തിന് കൂടുതല്‍ സമയം

Update: 2018-08-22 08:57 GMT

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലുള്ളവര്‍ക്ക് ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി കേന്ദ്ര ധന മന്ത്രാലയം നീട്ടി. കേരളത്തിന് പുറമെ മാഹി, കുഡഗ് എന്നീ പ്രദേശങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

ജൂലൈ മാസത്തിലേക്കുള്ള ജിഎസ്ടിആര്‍3B (GSTR-3B) ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ല്‍ നിന്ന് ഒക്ടോബര്‍ 5 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തേക്കുള്ള ജിഎസ്ടിആര്‍3B ഒക്ടോബര്‍ 10 ന് മുന്‍പ് ഫയല്‍ ചെയ്താല്‍ മതിയാവും.

ഒന്നര കോടി രൂപയ്ക്ക് താഴെ വിറ്റുവരവുള്ള ബിസിനസുകള്‍ തങ്ങളുടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലേക്കുള്ള ജിഎസ്ടിആര്‍-1 നവംബര്‍ 15 ന് മുന്‍പ് നല്‍കിയാല്‍ മതി. മറ്റുള്ളവര്‍ക്ക് ജൂലൈ മാസത്തിലെ GSTR-1 ഒക്ടോബര്‍ 5 ന് മുന്‍പും ഓഗസ്റ്റിലേത് ഒക്ടോബര്‍ 10 ന് മുന്‍പും ഫയല്‍ ചെയ്താല്‍ മതി.

അതേസമയം, ദുരിതാശ്വാസത്തിനായുള്ള സാധങ്ങളുടെ ഇറക്കുമതിക്കും വിതരണത്തിനുമുള്ള അടിസ്ഥാന കസ്റ്റംസ് തീരുവയും IGST യും സംസ്ഥാന റവന്യു വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്.

Similar News