മൂന്നു വര്‍ഷമായി കയ്യിലുള്ള സ്വർണം വിറ്റാല്‍ 20% നികുതിയോ ?

സമ്മാനമായി കിട്ടിയ സ്വര്‍ണത്തിന് നികുതിയില്ല

Update:2023-08-03 17:48 IST

വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്‍കുന്നത് മലയാളികള്‍ക്ക് പുത്തരിയല്ല. എന്നാല്‍ ഇങ്ങനെ സമ്മാനമായി കിട്ടിയ സ്വര്‍ണമെല്ലാം ലോക്കറില്‍ ആണോ എല്ലാവരും സൂക്ഷിക്കുക? അങ്ങനെ സുരക്ഷിതമായി സ്വര്‍ണാഭരണങ്ങളും വിലപിടിച്ച വസ്തുക്കളും സൂക്ഷിക്കുന്നവരുണ്ടെങ്കിലും പലരും സ്വര്‍ണാഭരണങ്ങള്‍ വീട്ടിലും  സൂക്ഷിക്കാറുണ്ട്. ആവശ്യമുള്ളപ്പോൾ അവ വിൽക്കാറുണ്ട്, വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിക്കാനായി അവ കൊണ്ടു നടക്കാറുമുണ്ട്. എന്നാല്‍ നികുതി നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പിടിവീണേക്കും.

സ്വര്‍ണം കയ്യില്‍ സൂക്ഷിച്ചാല്‍ അത് സമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാനായാല്‍ നികുതി വേണ്ട, ഈ ഇളവ് ആഭരണങ്ങളായി സൂക്ഷിക്കുമ്പോള്‍ മതി. എന്നാല്‍ ഈ സ്വര്‍ണം വില്‍ക്കേണ്ടി വന്നാല്‍ നികുതിയീടാക്കും. കാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ആണ് ഈടാക്കുക.

കയ്യില്‍ സൂക്ഷിക്കാം

ഇന്ത്യയിലെ ആദായ നികുതി നിയമ പ്രകാരം വിവാഹം കഴിഞ്ഞ സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണം രേഖകളില്ലാതെ കയ്യില്‍ വയ്ക്കാന്‍ സാധിക്കും. അവിവാഹിതയ്ക്ക് 250 ഗ്രാമും വീട്ടില്‍ സൂക്ഷിക്കാം. പുരുഷനാണെങ്കില്‍ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 ഗ്രാം മാത്രമാണ്്.

1994 ലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലര്‍ പറയുന്നതിനനുസരിച്ച് വരുമാന സ്രോതസ് തെളിയ്ക്കാന്‍ സാധിക്കുമെങ്കില്‍ കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണാഭരണത്തിന് യാതൊരു നിയന്ത്രണവുമില്ല. സുരക്ഷിതത്വം നോക്കണമെന്നു മാത്രം.

വെല്‍ത്ത് ടാക്സ് റിട്ടേണ്‍

അധികം സ്വര്‍ണം കയ്യില്‍ സൂക്ഷിച്ചാലും വെല്‍ത്ത് ടാക്‌സ് റിട്ടേണില്‍ സ്വര്‍ണാഭരണങ്ങളെ പറ്റി വിശദമാക്കിയിട്ടില്ല എങ്കില്‍ പിടിച്ചെടുക്കാന്‍ നികുതി വകുപ്പിന് അവകാശമുണ്ട്. ബില്ലും മറ്റ് രേഖകളുണ്ടെങ്കിലും സ്വര്‍ണാഭരണങ്ങള്‍ കണ്ടുകെട്ടുകയില്ല. അല്ലാത്ത പക്ഷം സ്വര്‍ണാഭരണത്തിന്റെ വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സെക്ഷന്‍ 69 ബി, സെക്ഷന്‍ 115 ബിബിഇ എന്നിവയില്‍ പറയുന്ന നിരക്ക് അനുസരിച്ച് നികുതി നല്‍കേണ്ടി വരും.

പാരമ്പര്യമായി ലഭിച്ച സ്വര്‍ണം

പാരമ്പര്യമായി കുറെയേറെ സ്വര്‍ണത്തിന് ഇന്‍വോയ്സോ സാമ്പത്തിക ഉറവിടം വ്യക്തമാക്കുന്ന രേഖകളോ സമര്‍പ്പിക്കാന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല. ഇതൊന്നുമില്ലെങ്കിലും പാരമ്പര്യമായി ലഭിച്ച സ്വര്‍ണം സൂക്ഷിക്കാന്‍ നിയമപരമായി തടസ്സമൊന്നുമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരികയാണെങ്കില്‍ പാരമ്പര്യമായി കൈമാറിയതിന്റെ രേഖകളാണ് ഹാജരാക്കേണ്ടി വരിക. ഉദാഹരണത്തിന് ഒരു കുടുംബത്തിലെ സ്വത്തുക്കള്‍ വീതം വെയ്ക്കുന്ന കരാറില്‍ കൈമാറ്റം ചെയ്യുന്ന സ്വര്‍ണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കാണിക്കണമെന്നര്‍ത്ഥം. ഈ കരാര്‍ കൈവശമുണ്ടെങ്കില്‍, കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അളവിലുള്ള സ്വര്‍ണം ധൈര്യമായി സൂക്ഷിക്കാനാവും. ഇതിന് പ്രത്യേകമായി നികുതി അടയ്ക്കേണ്ടി വരില്ല.

നികുതി എങ്ങനെ ?

സ്വര്‍ണാഭരണം, ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് എന്നിവ സമ്മാനമായി സ്വീകരിച്ചാല്‍ നികുതി നല്‍കേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇന്‍കം ഫ്രം അദര്‍ സോഴ്‌സ് എന്ന ഭാഗത്ത് ഉള്‍പ്പെടുത്തും.

അതേസമയം, ചില അവസരങ്ങളില്‍ നികുതി ബാധ്യത ഒഴിവാകുന്നുണ്ട്. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതി നല്‍കേണ്ടതില്ല. കുടുംബാംഗങ്ങളില്‍ നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കില്‍ നികുതി നല്‍കേണ്ടതില്ല.

ജീവിത പങ്കാളി, സാഹോദരി/ സഹോദരന്‍, പങ്കാളിയുടെ സാഹോദരി/ സഹോദരന്‍, രക്ഷിതാവ് തുടങ്ങിയവരില്‍ നിന്ന് സ്വീകരിക്കുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല. കല്യാണ സമയത്ത് ലഭിക്കുന്ന സ്വര്‍ണത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. പാരമ്പര്യമായി സ്വര്‍ണവും നികുതി രഹിതമാണ്.

സ്വര്‍ണം വില്‍ക്കുമ്പോള്‍ ആദായ നികുതി

നിങ്ങളുടെ വരുമാനം ഉപയോഗിച്ച് സ്വര്‍ണം വാങ്ങുകയും 3 വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയും ചെയ്താലും നികുതി നല്‍കേണ്ടി വരും. 3 വര്‍ഷത്തിനുശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ലോംഗ് ടേം കാപിറ്റല്‍ ഗെയിന്‍സ് അഥവാ (LTCG) ആയി 20% നികുതി നല്‍കേണ്ടി വരും. ഗോള്‍ഡ് ബോണ്ടുകള്‍ (SGB) 3 വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോഴും 10% നികുതി നല്‍കേണ്ടി വരും. 3 വര്‍ഷത്തിനുശേഷമാണ് വില്‍ക്കുന്നതെങ്കില്‍ LTCG യായി 20% നികുതി നല്‍കണം. സ്വര്‍ണം സൂക്ഷിക്കുന്നതിന് നികുതിയില്ലെങ്കിലും വില്‍ക്കുമ്പോള്‍ നികുതി നല്‍കണമെന്നര്‍ത്ഥം.

കൊണ്ടുനടക്കാന്‍ ബില്ല്

സംസ്ഥാനത്ത് സ്വര്‍ണം കൊണ്ടു നടക്കുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ പോകുന്നു. നാല് പവന്‍ സ്വര്‍ണം കൈയ്യില്‍ കൊണ്ടു നടക്കണമെങ്കില്‍ പോലും ഇനി അംഗീകൃത രേഖയോ ഇ-വേ ബില്ലോ വേണ്ടി വരും. വെറും 32 ഗ്രാം അഥവാ നാല് പവന്‍ സ്വര്‍ണമാണെങ്കിലും ബില്ലില്ലാതെ (invoice) പിടികൂടിയാല്‍ നികുതി തട്ടിപ്പിന് കേസെടുക്കും.

നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. പുതിയ നിയമം വരുന്നതോടെ സ്വര്‍ണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് കൊണ്ടു പോകുന്നതിന് പോലും ഇ-വേ ബില്‍ ആവശ്യമായി വരും. പൊതുജനങ്ങള്‍ വാങ്ങുന്ന സ്വര്‍ണത്തിന് ജുവലറിയില്‍ നിന്നുള്ള ബില്ലോ-ഇന്‍വോയ്സോ ഉണ്ടായിരിക്കണം. വീടുകളിലും മറ്റും സ്വര്‍ണാഭരങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവരും വ്യക്തമായ രേഖകള്‍ കരുതണം.


Tags:    

Similar News