ചെരുപ്പ് വ്യവസായത്തിലെ ജിഎസ്ടി പരിഷ്‌കരണം; പ്രതിസന്ധി മാറും മുമ്പുള്ള ഇരുട്ടടിയെന്ന് വ്യാപാരമേഖല

'ജനുവരി മുതല്‍ ചെരുപ്പിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കൊപ്പം വ്യാപാരമേഖലയും ഒരുപോലെ പ്രതിസന്ധിയിലാകും.' മേഖലയിലുള്ളവര്‍ പറയുന്നതിങ്ങനെ.

Update: 2021-10-06 12:33 GMT

നികുതി ഘടന പരിഷ്‌കരിക്കുന്നതോടെ 2022 ജനുവരി മുതല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ചെരുപ്പിനും വില വിലവര്‍ധിച്ചേക്കും. വസ്ത്രം, ചെരുപ്പ് എന്നിവയ്ക്കുള്ള ജി.എസ്.ടി അഞ്ച് ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കുന്നതോടെ പ്രതിസന്ധിയില്‍ നിന്നും കരകയറാത്ത സംരംഭകര്‍ക്ക് ഇത് വന്‍ തിരിച്ചടിയായേക്കുമെന്ന് വ്യാപാര മേഖല. സെപ്റ്റംബര്‍ 17 ന് നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ പരിഷ്‌കരണമാണ് മൂന്നുമാസത്തിനുള്ളില്‍ നടപ്പാകുക.

വസ്ത്രം, ചെരുപ്പ് എന്നിവ നിര്‍മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. വ്യാപാരത്തിനാവശ്യമായ വസ്തുക്കളുടെ ഇന്‍പുട് ടാക്സ് ക്രഡിറ്റ് ക്രമീകരണത്തില്‍ അപാകത പരിഹിരിക്കാനാണ് നികുതിഘടന ഏകീകരിക്കാന്‍ സമിതി ശുപാര്‍ശചെയ്തത്. അതേസമയം തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതല്‍ പരിഷ്‌കരിക്കപ്പെടുമ്പോള്‍ ഉത്സവ സീണിനൊപ്പം സ്‌കൂള്‍, കോളെജ് തുറക്കലുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കച്ചവടത്തിന് വിലങ്ങുതടിയായേക്കുമെന്നാണ് ചെറുകിടക്കാര്‍ പറയുന്നത്.
ഇടത്തരം വ്യാപാര മേഖലയില്‍ നിലവില്‍ കോവിഡ് ആശ്വാസ പാക്കേജുകള്‍ പലതും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ആര്‍ക്കും തന്നെ എത്തിയിട്ടില്ല. ഇതിനിടയിലാണ് നികുതി ബാധ്യത കൂടെ തിരിച്ചടിയാകുകയെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
'പുതിയ നികുതി ഘടന അനുസരിച്ച് 1000 രൂപവരെയുള്ള ചെരുപ്പുകള്‍ക്ക് 12 ശതമാനവും അതിനുമുകളിലുള്ളവയക്ക് 18 ശതമാനവും വില വര്‍ധന വന്നേക്കും. അത്‌പോലെ 500 രൂപയ്ക്ക് യൂണിഫോം ഷൂ വാങ്ങുന്ന സ്ഥാനത്ത് 7 ശതമാനത്തോളം അധിക വിലയാകും നല്‍കേണ്ടി വരുക. പെട്ടെന്നുള്ള ഈ വര്‍ധനവ് റീറ്റെയ്ല്‍ വില്‍പ്പനക്കാര്‍ക്ക് വന്‍ തിരിച്ചടിയായേക്കും. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കുമ്പോള്‍ ഭാഗികമായി നിശ്ചലമായിരുന്ന മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിക്കാം. എന്നാല്‍ എംആര്‍പി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കുറയും. മേഖലയില്‍ ഉണര്‍വ് വരുന്നത് വരെ എങ്കിലും ഈ നികുതി പരിഷ്‌കരണം നീട്ടിവയ്ക്കുന്നത് ഗുണകരമായേക്കും.'' ഫൂട്ട്‌വെയര്‍ മാനുഫാക്ചറിംഗ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും നെക്‌സോ ഫൂട്ട്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനുമായ സുകുമാരന്‍ പറയുന്നു.
നടുവൊടിഞ്ഞ് റീറ്റെയ്ല്‍ വിപണി
ലോക്ഡൗണുകളില്‍ സിന്തറ്റിക് ഫൂട്ട്‌വെയര്‍ ഉല്‍പ്പന്നങ്ങളെല്ലാം തന്നെ നശിച്ചുപോയ വ്യാപാരികളുണ്ട്. 40000 വരുന്ന റീറ്റെയ്ല്‍ ചെരുപ്പ് വ്യാപാരികളില്‍ 20 ശതമാനത്തോളം മേഖലയില്‍ നിന്നും പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടവാടക കുടിശ്ശികയും ലോണുകളും സ്‌റ്റോക്ക് നശിച്ച് പോയി വന്ന ഭീമമായ നഷ്ടക്കണക്കുകളുമാണ് ഇവര്‍ക്ക് ആകെ സമ്പത്തായുള്ളത്. ജിഎസ്ടി അടച്ച് സ്‌റ്റോക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോയെങ്കിലും ആശ്വാസനടപടികളൊന്നും എത്തിയിട്ടില്ല. നിര്‍മാണ സാമഗ്രികളുടെ ഉയര്‍ന്ന വിലയാണ് നിലവില്‍ മേഖലയെ കുരുക്കിലാക്കിയിരിക്കുന്നതെന്ന് ഫൂട്ട്‌വെയര്‍ റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ പ്രസിഡന്റുമായ ധനിഷ് ചന്ദ്രന്‍ വ്യക്തമാക്കി.
'മേഖലയിലെ കച്ചവടക്കാര്‍ കരകയറാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ജിഎസ്ടി വര്‍ധനവ് നേരിടേണ്ടി വരുന്നത്. പല വ്യാപാരികള്‍ക്കും കച്ചവടം കുറയുന്നത് പ്രതിസന്ധിയാകും. വായ്പാ കുടിശ്ശികകള്‍ക്ക് ഇളവോ മറ്റോ നല്‍കാതെയാണ് പരിഷ്‌കരണം നടത്തുന്നതെന്ന് വളരെ നിരാശാവഹമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വ്യാപാരം പോലുള്ള അവസരങ്ങളുള്ളപ്പോള്‍ ഇത് റീറ്റെയ്ല്‍ വിപണിക്ക് തീര്‍ച്ചയായും നഷ്ടസാധ്യത വര്‍ധിപ്പിക്കുന്നു. ജിഎസ്ടി പരിഷ്‌കരണ നടപടികളെക്കാള്‍ ദ്രുതഗതിയില്‍ നടപ്പാക്കേണ്ടത് ആശ്വാസ നടപടികളും നഷ്ടപരിഹാരങ്ങളുമാണ്'' ധനിഷ് മേഖലയിലെ പ്രശ്‌നങ്ങള്‍ വിശദമാക്കി.


Tags:    

Similar News