'വിവാദ് സേ വിശ്വാസ് 'പദ്ധതി: ബോധവല്‍ക്കരണ ശ്രമവുമായി ആദായനികുതി വകുപ്പ്

Update: 2020-03-05 07:41 GMT

കോടതികളില്‍ കെട്ടിക്കിടക്കുന്ന നികുതി തര്‍ക്ക കേസുകള്‍ മാര്‍ച്ച് 31 ന് മുന്‍പായി ഒത്തുതീര്‍ക്കാന്‍ മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച 'വിവാദ് സേ വിശ്വാസ് 'പദ്ധതി പ്രയോജനപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ആദായനികുതി വകുപ്പ് ഇതുവരെ സമീപിച്ചത് 5,627 സ്ഥാപനങ്ങളെയും വ്യക്തികളെയും. ഒട്ടേറെ വലിയ നികുതിദായകര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിദേശത്തുള്ളവരെയടക്കം ആദായ നികുതി വകുപ്പ് കത്തുകളും ഫോണ്‍കോളുകളും മുഖേന ബന്ധപ്പെട്ടുവരുന്നു.

ആദായ നികുതി അപ്പീല്‍ ട്രിബ്യൂണല്‍ (ഐറ്റിഎറ്റി), ഹൈക്കോടതികള്‍, സുപ്രീം കോടതി എന്നിവിടങ്ങളില്‍ വിദേശ ബാങ്കുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പടെ നല്‍കിയ അപ്പീലുകളാണ് ഇവയിലേറെയും. 1,730 കക്ഷികള്‍ ഈ പദ്ധതിയുടെ ഭാഗമാകാന്‍ സമ്മതിച്ചതായി ഐ-ടി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം 1, 578 കോടി രൂപയുടെ കേസുകളാണിവ.

വിവിധ ഫോറങ്ങള്‍ക്ക് മുന്നില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന അപ്പീലുകളുടെ എണ്ണം 80,332 ആണ്. 4.5 ലക്ഷം കോടി രൂപ വരും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള മൊത്തം തുക. 'വിവാദ് സേ വിശ്വാസ് '(വിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്) പദ്ധതി പ്രകാരം ഈ മാസം അവസാനത്തോടെ കുറഞ്ഞത് 2 ലക്ഷം കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കിയിട്ടില്ല. ഔദ്യോഗികമായി യാഥാര്‍ത്ഥ്യമാവാത്ത നിയമമനുസരിച്ച് ഒത്തുതീര്‍പ്പിലെത്തുന്നതിനായി നികുതി ദായകരെ വകുപ്പ് നിര്‍ബന്ധിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. അപ്പീല്‍ കമ്മീഷണര്‍മാര്‍ തീരുമാനങ്ങള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയും, പദ്ധതി പ്രകാരം തര്‍ക്കം തീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി എക്കൗണ്ടിംഗ് രംഗത്തുള്ളവര്‍ പറയുന്നു.

അതേസമയം, യാതൊരുവിധ സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നാണ് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന നികുതി തര്‍ക്കങ്ങള്‍ 4,83,000 ആണെന്നും ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട തുക 9 ലക്ഷം കോടി രൂപയാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന കണക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News