ഇന്‍കം ടാക്‌സ് ഇ-ഫയലിംഗ് വേരിഫിക്കേഷന്‍; ഫെബ്രുവരി വരെ സമയം നീട്ടിനല്‍കി ആദായനികുതി വകുപ്പ്
അവസാന തീയതിയും വിശദാംശങ്ങളും അറിയാം.
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഇ-വെരിഫൈ ചെയ്യാത്ത നികുതിദായകര്‍ക്ക് സമയം നീട്ടി നല്‍കി ഇന്‍കം ടാക്‌സ് വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 28-നകം വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയും. ആദായനികുതി മൂല്യനിര്‍ണ്ണയക്കാര്‍ക്ക് ഒറ്റത്തവണ ഇളവ് ലഭ്യമാകും.
നിയമപ്രകാരം, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലാതെ ഇലക്ട്രോണിക് ആയി ഫയല്‍ ചെയ്യുന്ന ആദായനികുതി റിട്ടേണ്‍ (ITR), ആധാര്‍ OTP, അല്ലെങ്കില്‍ നെറ്റ്-ബാങ്കിംഗ് അല്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റെ 120 ദിവസത്തിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ട്, പ്രീ-വാലിഡേറ്റഡ് ബാങ്ക് അക്കൗണ്ട്, എടിഎം എന്നിവ ഉപയോഗിച്ച് അയച്ച കോഡ് വഴി ഇലക്ട്രോണിക് ആയി പരിശോധിച്ചുറപ്പിക്കണം.
ഇത്തരത്തില്‍ അല്ലാത്ത പക്ഷം, നികുതിദായകര്‍ തങ്ങള്‍ സമര്‍പ്പിച്ച ഐടിആറിന്റെ ഫിസിക്കല്‍ കോപ്പി ബെംഗളൂരുവിലെ സെന്‍ട്രലൈസ്ഡ് പ്രോസസ്സിംഗ് സെന്റര്‍ (സിപിസി) ഓഫീസിലേക്ക് അയയ്ക്കാം. ഐടിആര്‍-വി ഫോമിലൂടെ നടത്തുന്ന വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയായില്ലെങ്കില്‍, റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ ഇടയ്ക്ക് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറുമൂലം പലര്‍ക്കും ഫയലിംഗും വേരിഫിക്കേഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് ധാരാളം പരാതികളും വകുപ്പിന് ലഭിച്ചിരുന്നു.
ഡിസംബര്‍ 28-ലെ സര്‍ക്കുലറില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (CBDT) പറയുന്നത് 2020-21 ലെ അസസ്മെന്റ് വര്‍ഷത്തേക്ക് ധാരാളം ഇലക്ട്രോണിക് ആയി ഫയല്‍ ചെയ്ത ITR-കള്‍ സാധുവായ ITR-Vയുടെ രസീത് ലഭിക്കാത്തതിനാല്‍ ആദായനികുതി വകുപ്പില്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ്. ബംഗളൂരുവിലെ CPCയിലെ ഫോം അല്ലെങ്കില്‍ ബന്ധപ്പെട്ട നികുതിദായകരില്‍ നിന്നുള്ള ഇ-വെരിഫിക്കേഷന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുമില്ല. ഇത് പൂര്‍ത്തിയാകാനാണ് വകുപ്പ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.
ആര്‍ക്കാണ് ഇളവ് ലഭിക്കാത്തത്
'2020-21 (സാമ്പത്തിക വര്‍ഷം 2019-20) ലെ എല്ലാ lTR- കളും നികുതിദായകര്‍ അനുവദനീയമായ സമയത്തിനുള്ളില്‍ ഇലക്ട്രോണിക് ആയി അപ്ലോഡ് ചെയ്തതും ITR-V ഫോം വേരിഫിക്കേഷന്‍ നടക്കാത്തതിനാല്‍ അപൂര്‍ണമായി തുടരുന്നതുമായ ഫോമുകള്‍ക്ക്... ബോര്‍ഡ് ഇളവുകള്‍ക്ക്... ഇതിനാല്‍ അനുമതി നല്‍കുന്നു.' എന്നാണ് വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
ഐടിആര്‍-വിയുടെ യഥാവിധി ഒപ്പിട്ട ഫിസിക്കല്‍ കോപ്പി ബംഗളൂരുവിലെ സിപിസിയിലേക്ക് സ്പീഡ് പോസ്റ്റ് വഴിയോ EVC/OTP മോഡുകള്‍ വഴിയോ അയച്ചുകൊണ്ട് അത്തരം റിട്ടേണുകളുടെ സ്ഥിരീകരണം ഇക്കാലയളവില്‍ (ഫെബ്രുവരി 28) നടത്തണം.
റിട്ടേണ്‍ ഫയല്‍ ചെയ്യലില്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ തടസ്സം നേരിട്ടവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല.