ജി.എസ്.ടി നെറ്റ്‌വര്‍ക്ക് പൊതുമേഖലയാകും

Update: 2019-10-28 10:06 GMT

ജി.എസ്.ടിയുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ ശൃഖലാ സംവിധാനത്തിന്റെ ഉടമസ്ഥതയും കൈകാര്യവും നിക്ഷിപ്തമായുള്ള ജി.എസ്.ടി നെറ്റ്‌വര്‍ക്ക് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുന്നതിന്റെ മുന്നോടിയായി ജി.എസ്.ടി.എന്നിലെ ഓഹരികള്‍ വില്‍ക്കാന്‍ ഐ.സി.ഐ.സി.ഐ ബാങ്ക് നീക്കം തുടങ്ങി. നിലവില്‍ ജി.എസ്.ടി.എന്നിന്റെ 51 % ഓഹരി സ്വകാര്യ മേഖലയുടേതാണ്. ഇതു പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.

ജി.എസ.്ടി നെറ്റ്‌വര്‍ക്കിലുളള 10 ശതമാനം ഓഹരിയാണ് 13 സംസ്ഥാന സര്‍ക്കാരുകള്‍ക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് വില്‍ക്കുന്നത്. ഒരു കോടി രൂപയുടെ മൊത്ത പരിഗണനയ്ക്കാണ് ഓഹരി വില്‍പ്പനയെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് അറിയിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകളിലേക്കുളള ഓഹരി കൈമാറ്റം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകും. അസം സര്‍ക്കാരിന് 0.14 ശതമാനവും തെലുങ്കാന സര്‍ക്കാരിന് 0.81 ശതമാനം ഓഹരിയും ഐ.സി.ഐ.സി.ഐ ബാങ്ക് കൈമാറും.

കേരളം, ഗോവ, മണിപ്പൂര്‍, ത്രിപുര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സര്‍ക്കാരുകള്‍ക്ക് 0.82 ശതമാനം വീതം ഓഹരിയും വില്‍ക്കും. ഐ.സി.ഐ.സി.ഐ ബാങ്കിനു പിന്നാലെ മറ്റ് സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങളും ഓഹരി കൈമാറ്റം ചെയ്യും.പുതിയ ക്രമ പ്രകാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 50% വീതം  ഓഹരിയവകാശം ലഭിക്കണമെന്നാണ് ധാരണയായിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്കുള്ള ഓഹരി അവകാശത്തെ ജി.എസ്.ടി അനുപാതമനുസരിച്ച് വീതിക്കും.

ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനഘടനയാണ് ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റേത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമായി ജി.എസ്.ടി.എന്നില്‍ ഭൂരിപക്ഷ ഓഹരികള്‍ നല്‍കിയതിലുള്ള  വിമര്‍ശനത്തിന് പൊതുമേഖലാ സംരംഭമാകുന്നതോടെ വിരാമമാകും. 2013 മാര്‍ച്ച് 28 നാണ് ജി.എസ.്ടി.എന്നിനെ അന്നത്തെ യു.പി.എ സര്‍ക്കാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപീകരിച്ചത്.

പുതിയ തീരുമാനപ്രകാരം നെറ്റ്‌വര്‍ക്കിന്റെ 50 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിനും ശേഷിക്കുന്ന ഓഹരികള്‍ സംസ്ഥാനങ്ങള്‍ക്കുമായിരിക്കും. നിലവില്‍ നെറ്റ്‌വര്‍ക്കിലെ 49 ശതമാനം ഓഹരി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ശേഷിക്കുന്ന 51 ശതമാനം ഓഹരികള്‍ അഞ്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.എസ്.ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയാണ് ഓഹരി ഉടമകള്‍.

Similar News