130 കോടി ജനസംഖ്യയില്‍ ആദായ നികുതി നല്‍കുന്ന ഇന്ത്യാക്കാര്‍ ഒന്നര കോടി

Update: 2020-02-14 10:56 GMT

രാജ്യത്ത് പ്രൊഫഷണല്‍സ് വിഭാഗത്തില്‍ ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണം 2,200 മാത്രമെന്ന് വ്യക്തമാക്കുന്ന 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ കണക്ക് ഐടി വകുപ്പ് പുറത്തുവിട്ടു. ഡോക്ടര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അഭിഭാഷകരും മറ്റ് പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന വിഭാഗമാണിത്. വാടക, പലിശ, മൂലധന നേട്ടം മുതലായവ ഒഴിവാക്കിയുള്ള വരുമാനമാണ് ആദായ നികുതിക്കായി കണക്കാക്കുന്നത്.

ഇത്രയും പേര്‍ മാത്രമേ കോടിപതികളായുള്ളൂ എന്ന കണക്ക് എങ്ങനെ വിശ്വസിക്കാനാകും എന്ന് ടൈംസ് നൗ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തുടക്കമിട്ട ചര്‍ച്ചയുടെ അനുബന്ധമായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) കണക്കുകള്‍ ട്വീറ്റ് ചെയ്തത്. 2018-19 വര്‍ഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായ നികുതി റിട്ടേണ്‍ നല്‍കിയത് 5.78 കോടി പേരാണ്.

റിട്ടേണ്‍ നല്‍കിയവരുടെ കണക്കനുസരിച്ച് 5.78 കോടി നികുതിദായകരില്‍ അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ മൊത്തം 4.32 കോടി പേരാണ്.5 മുതല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ എണ്ണം ഒരു കോടിയോളം. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരാകട്ടെ 46 ലക്ഷവും.50 ലക്ഷത്തിന് മുകളില്‍ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയത് 3.16 ലക്ഷം പേരാണ്.

അഞ്ചു കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുണ്ടെന്ന് വ്യക്തമാക്കിയത് വെറും 8,600 പേര്‍. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കുറവുള്ളവര്‍ 1.03 കോടി പേരുണ്ട്. 2.5 - 5 ലക്ഷം വരുമാനമുള്ളവര്‍ 3.29 കോടി പേരും.വ്യക്തിഗത റിട്ടേണ്‍ ഫയലിംഗുമായി ബന്ധപ്പെട്ട് ചില തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് സിബിഡിടി വ്യക്തമാക്കി.

മൊത്തം 130 കോടി ജനസംഖ്യയുള്ള രാജ്യത്ത് 1.5 കോടി ആളുകള്‍ മാത്രമാണ് ആദായ നികുതി അടയ്ക്കുന്നതെന്ന് ടൈംസ് നൗ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 'കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 1.5 കോടിയിലധികം കാറുകള്‍ ഇന്ത്യയില്‍ വിറ്റു, അതും ചെലവേറിയവ. മൂന്ന് കോടിയിലധികം ഇന്ത്യക്കാര്‍ ബിസിനസ് അല്ലെങ്കില്‍ ടൂറിസത്തിനായി വിദേശത്തേക്ക് പോയി.'ആദായ നികുതി അടയ്ക്കുന്നതിലെ ഉദാസീനതയെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News