രേഖകള്‍ യഥാസമയം നല്‍കാം, തലവേദനയൊഴിവാക്കാം

Update: 2019-02-11 05:57 GMT

നികുതി ദായകരായ ജീവനക്കാരില്‍ നിന്ന് സ്ഥാപനത്തിലെ എക്കൗണ്ട്‌സ് വിഭാഗം നികുതിയിളവിനുള്ള രേഖകള്‍ ആവശ്യപ്പെടുന്ന സമയമാണിത്. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കേണ്ട സമയമാണിത്.

നിങ്ങള്‍ നേരത്തെ നല്‍കിയിട്ടുള്ള നിക്ഷേപ രേഖകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ തന്നെ നിങ്ങളുടെ ശമ്പളത്തിന് ആനുപാതികമായി എത്ര നികുതി അടയ്‌ക്കേണ്ടിവരുമെന്ന് അവര്‍ കണക്കു കൂട്ടിയിട്ടുണ്ടാകും. ആദായ നികുതി വകുപ്പിലെ 192 സെക്ഷന്‍ പ്രകാരം സോഴ്‌സില്‍ നിന്നു തന്നെ നികുതി (ടിഡിഎസ്)പിരിക്കുന്നതിന്റെ ഭാഗമായി, ശമ്പളം നല്‍കുമ്പോള്‍ തന്നെ ആനുപാതികമായി നികുതി കിഴിക്കുന്നത് 1961 മുതല്‍ നിയമപരമാക്കിയിട്ടുണ്ട്.

ശരിയായ രേഖകള്‍ ഹാജരാക്കിയ ശേഷം നിങ്ങള്‍ നടത്തിയ നിക്ഷേപത്തിനനുസരിച്ചുള്ള നികുതി എക്കൗണ്ട്‌സ് വിഭാഗം കണക്കു കൂട്ടുന്നു. രേഖകള്‍ നല്‍കാനുള്ള അവസാന തിയതി സ്ഥാപനങ്ങള്‍ക്കനുസരിച്ച് മാറിയേക്കാം. എങ്കിലും മിക്ക കമ്പനികളും മാര്‍ച്ച് പത്തിനു മുമ്പ് തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെടാറുണ്ട്.

എന്തായാലും മാര്‍ച്ചിന് മുമ്പു തന്നെ രേഖകളെല്ലാം നല്‍കുന്നതാണ് ബുദ്ധി. അവസാനനിമിഷം രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നാല്‍ ഏറെ നഷ്ടം നേരിടും. എന്തൊക്കെയാണ് സമര്‍പ്പിക്കാവുന്ന രേഖകള്‍?

സെക്ഷന്‍ 80 സി പ്രകാരമുള്ള നിക്ഷേപങ്ങള്‍

ലൈഫ് ഇന്‍ഷുറന്‍സ് സ്റ്റേറ്റ്‌മെന്റ്, പ്രീമിയം അടച്ചതിന്റെ രശീത് തുടങ്ങിയവ ഇതില്‍പെടുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് എന്നിവയിലൂടെ കൈകാര്യം ചെയ്യുന്നതാണെങ്കില്‍ എക്കൗണ്ട് വിവരങ്ങളും ക്രയവിക്രയങ്ങളും കാണിക്കുന്ന പാസ് ബുക്കിന്റെ കോപ്പിയെടുത്ത് നല്‍കണം.

ഓണ്‍ലൈനായി ആണ് പിഎഫില്‍ അടക്കുന്നതെങ്കില്‍ ഇ-റസീപ്റ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് സമര്‍പ്പിക്കാം. സുകന്യ സമൃദ്ധി സ്‌കീം, അഞ്ചു വര്‍ഷത്തെ സ്ഥിര നിക്ഷേപം എന്നിവയുടെ വിവരങ്ങളും ബാങ്കില്‍ നിന്ന് ശേഖരിച്ച് നല്‍കണം.

ന്യൂ പെന്‍ഷന്‍ സ്‌കീം (എന്‍ പി എസ്)

എംപ്ലോയീ മോഡല്‍ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് മോഡല്‍ ആയാണ് നിക്ഷേപമെങ്കില്‍ കമ്പനി തന്നെ നിക്ഷേപിച്ചതായതിനാല്‍ തെളിവിനായി രേഖ ഹാജരാക്കേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ തന്നെ എന്‍പിഎസിനു കീഴില്‍ നിക്ഷേപിച്ചതാണെങ്കില്‍ രേഖകള്‍ നല്‍കേണ്ടതുണ്ട്. പെര്‍മനന്റ് റിട്ടയര്‍മെന്റ് എക്കൗണ്ട് നമ്പര്‍ കാര്‍ഡ്, ട്രാന്‍സാക്ഷന്‍ സ്റ്റേറ്റ് മെന്റ് തുടങ്ങിയവ നല്‍കണം.

മെഡിക്ലെയിം പ്രീമിയം

ഇന്‍ഷുറന്‍സ് ആരില്‍ നിന്നാണോ എടുത്തിരിക്കുന്നത് അവരെ വിളിച്ച് സ്‌റ്റേറ്റ്മെന്റ് നല്‍കാന്‍ ആവശ്യപ്പെടാം. സെക്ഷന്‍ 80 ഡി പ്രകാരമാണ് ഇളവ് ലഭിക്കുക. എന്നാല്‍ പ്രീമിയം അടയ്ക്കുന്നത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ആയോ ചെക്ക് നല്‍കിയോ ആവണമെന്ന് നിര്‍ബന്ധമാണ്. എല്ലാറ്റിനുമുപരി കമ്പനിയുടെ എക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് ആദ്യം നോക്കുക.

ആദ്യമായി വീട് വെക്കുന്നവര്‍ക്ക്

2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31 നും ഇടയില്‍ വീടുവെക്കാനായി വായ്പയെടുത്തവരുടെ പലിശയിന്മേല്‍ സെക്ഷന്‍ 80 ഇഇ പ്രകാരം നികുതിയിളവ് ഉണ്ട്. ഇതിനുള്ള തെളിവുകള്‍ രേഖാമൂലം നല്‍കാം. വായ്പ തിരിച്ചടച്ചു തീരുന്നതു വരെ 50,000 രൂപ വരെ ഇങ്ങനെ ഇളവ് നേടാനാകും.

വീട്ടുവാടക അലവന്‍സ്

വീട്ട് വാടകയുടെ അലവന്‍സിന്മേല്‍ നികുതിയിളവ് നേടാനാണെങ്കില്‍ വീട്ടുടമയുടെ പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ താഴെയാണ് വാടക നല്‍കുന്നതെങ്കില്‍ ഇത് നിര്‍ബന്ധമല്ല. വാടക കരാറിന്റെ കോപ്പിയും നിശ്ചിത ഫോര്‍മാറ്റില്‍ തയാറാക്കിയ കെട്ടിട ഉടമയുടെ ഡിക്ലറേഷനും വേണം. അത്, കെട്ടിടത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖയും കെട്ടിട നികുതി രശീതോ ഇലക്ട്രിസിറ്റി ബില്ലോ തുടങ്ങി എന്തുമാകാം. 2018 ഏപ്രില്‍ മുതലുള്ള രശീതുകള്‍ എല്ലാം സമര്‍പ്പിക്കേണ്ടതുണ്ട്.

ഭവന വായ്പ തിരിച്ചടവ്

ഏപ്രില്‍ 2018 മുതല്‍ മാര്‍ച്ച് 2019 വരെയുള്ള കാലയളവിനുള്ളില്‍ തിരിച്ചടച്ച ഭവനവായ്പയിന്മേല്‍ ഇളവ് ലഭിക്കും. ഇതിനായി വായ്പയെടുത്ത സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ട്യൂഷന്‍ ഫീസ്

ട്യൂഷന്‍ ഫീസിന്റെ കാര്യത്തില്‍ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന റസീപ്റ്റ് നല്‍കാം. അതില്‍ സ്‌കൂളിന്റെ സീലും വാങ്ങിയ ആളുടെ ഒപ്പും ഉണ്ടായിരിക്കണം.

Similar News