ആദായനികുതിയില്‍ ഇളവ്: ഓപ്ഷന്‍ അവസരവും

Update:2020-02-01 16:31 IST

പൊതുജനങ്ങളുടെ വാങ്ങല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബജറ്റില്‍ ആദായ നികുതിയില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷകള്‍ പാഴായില്ല. ശമ്പള വരുമാനക്കാര്‍ക്ക് ആശ്വാസം പകരുന്ന വിധമുള്ള നികുതി ഇളവുകളാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആദായ നികുതി നിരക്കിലെ നിലവിലുള്ള സ്‌കീമും പുതിയ സ്‌കീമും നിലനില്‍ക്കും. നികുതി ദായകന് ഇവയില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. നികുതിദായകര്‍ക്ക് അവരുടെ വരുമാനവും നിക്ഷേപവുമെല്ലാം പരിഗണിച്ച് അനുയോജ്യമായത് തെരഞ്ഞെടുക്കാം.

''നഗരത്തിലെ മധ്യവര്‍ഗ്ഗത്തിന് ഗുണകരമാകുന്ന ഒരു ബജറ്റായാണ് എനിക്ക് തോന്നുന്നത്. ജനങ്ങളുടെ കൈയില്‍ പണം വരുന്നതിന് സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. ആദായനികുതി പരിധി ഉയര്‍ത്തിയത് വളരെ ഗുണകരമാകും. അതുപോലെ ഡിവിഡന്റിന് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് വേണ്ടെന്നുവെച്ചത് ഒരു നല്ല നിര്‍ദ്ദേശമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ ഡിവിഡന്റ് ഉള്‍പ്പടെയുള്ള വരുമാനം ലഭിക്കുന്നവര്‍ക്ക് നികുതി കൊടുക്കേണ്ടതില്ല.

പുതിയതും പഴയതുമായ രണ്ട് തരം ടാക്‌സ് സ്ട്രക്ചറില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കാമെന്നത് അനുകൂലമായ തീരുമാനമാണ്. ഇതുവഴി തങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാന്‍ നികുതിദായകന് സാധിക്കുന്നു. എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പ്രകാരം ഓഹരി ലഭിക്കുമ്പോള്‍ തന്നെ നികുതി കൊടുക്കേണ്ടതില്ലെന്നത് ജീവനക്കാരുടെ ഭാരം കുറയ്ക്കും,'' പ്രോഗ്നോ അഡൈ്വസര്‍ ഡോട്ട് കോം ഫൗണ്ടര്‍ സഞ്ജീവ് കുമാര്‍ സിഎഫ്പി അഭിപ്രായപ്പെട്ടു.

അഞ്ചു മുതല്‍ 7.5 ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനമായി ആദായനികുതി കുറച്ചു. 7.5 മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനമാണ് പരിഷ്‌കരിച്ച നികുതി. 10 മുതല്‍ 12.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് 20 ശതമാനമാണ് പരിഷ്‌കരിച്ച നികുതി. 12.5 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ 25 ശതമാനം. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനമായിരിക്കും.

2019 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതിയില്‍ മാറ്റം വരുത്തിയതു മുതല്‍ ആദായ നികുതി നിരക്കിലും മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News