ആദായ നികുതി: പഴയ വ്യവസ്ഥ തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ടോ?

കേന്ദ്രബജറ്റിലെ പുതിയ പ്രഖ്യാപനം, നിലവില്‍ ഇളവുകള്‍ ഉള്ളവര്‍ക്ക് എങ്ങനെ ബാധകമാകും

Update:2023-02-06 16:57 IST

ആദായ നികുതി തിരിച്ചടവിലെ പുതിയ നികുതി വ്യവസ്ഥയും മാറ്റങ്ങളും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ പലര്‍ക്കുമുണ്ടായ സംശയം ഏത് നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നതാകും നല്ലത് എന്നതായിരുന്നു. കാരണം റിബേറ്റിലൂടെ പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരുമാനമുള്ള, നികുതി ഇളവുകളുള്ള ഒരാള്‍ക്ക് പുതിയ വ്യവസ്ഥയിലേക്ക് മാറേണ്ടതുണ്ടോ? ഏതാണ് ലാഭം?

പഴയ നികുതി വ്യവസ്ഥ

5 ലക്ഷം രൂപയ്ക്കും 7 ലക്ഷം രൂപയ്ക്കും ഇടയില്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തി പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുത്താല്‍, ഇളവുകള്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ 20 ശതമാനം നികുതി നല്‍കേണ്ടി വരും. എന്നാല്‍ പഴയ നികുതി വ്യവസ്ഥയില്‍ നിരവധി ആദായ നികുതി ഇളവുകള്‍ ലഭിക്കുന്നുണ്ട്. പഴയ വ്യവസ്ഥയനുസരിച്ച്  വാടക (എച്ച് ആര്‍ എ) ഇളവുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് ഇനങ്ങള്‍, ഭവനവായ്പ, എന്‍പിഎസ് നിക്ഷേപം തുടങ്ങി നിരവധി ഇനങ്ങള്‍ ഇളവുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ 5-7 ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും (50,000രൂപ) 80സി നിക്ഷേപം വഴിയുള്ള കിഴിവും (1.50 ലക്ഷം രൂപ) അടക്കമുള്ള ഇളവുകള്‍ ഉണ്ടെങ്കില്‍ പഴയ വ്യവസ്ഥയിലും നികുതി നല്‍കേണ്ടി വരുന്നില്ല.

പുതിയ നികുതി വ്യവസ്ഥ

പുതിയ നികുതി വ്യവസ്ഥയില്‍ നികുതി നിരക്കുകള്‍ കുറവാണെങ്കിലും സെക്ഷന്‍ 80സി പ്രകാരമുള്ള കിഴിവുകള്‍, എച്ച്ആര്‍എ ഇളവ് ആരോഗ്യ ഇന്‍ഷൂറന്‍സ് കിഴിവ് തുടങ്ങിയവയ്ക്ക് അര്‍ഹതയുണ്ടാകില്ല. പുതിയ നികുതി വ്യവസ്ഥയില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 25,000 രൂപയുടെ റിബേറ്റാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ 7 ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ പുതിയ വ്യവസ്ഥ തെരഞ്ഞെടുക്കുമ്പോള്‍ നികുതി ബാധ്യതയില്ലാതായി.




 


റിബേറ്റ് ലഭിക്കാന്‍

പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുത്താലും ഇളവുകള്‍ ലഭിക്കണമെന്നില്ല. റിബേറ്റ് ലഭിക്കാന്‍ തീര്‍ച്ചയായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നേരത്തെ രണ്ട് നികുതി വ്യവസ്ഥയ്ക്ക് കീഴിലും 5 ലക്ഷം രൂപ വരെയള്ള വരുമാനക്കാര്‍ക്ക് 12,500 രൂപയാണ് റിബേറ്റ് നല്‍കിയിരുന്നത്. ഈ രീതിയാണ് ഇല്ലാതായത്.

ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂള്‍ഫീസ്, വീട്ടുവാടക, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയുള്ള, നിലവില്‍ നികുതിയടയ്ക്കുന്നവര്‍ക്ക് സാധരണ പോലെ തന്നെ റിട്ടേണ്‍ സമര്‍പ്പിച്ച് കിഴിവ് നേടാം. അല്ലാത്തവര്‍ക്ക് നികുതി കുറയ്ക്കാന്‍ പുതിയ സമ്പ്രദായത്തിലേക്ക് മാറാം.

വരുന്ന സാമ്പത്തികവര്‍ഷത്തിനുമുമ്പ് തന്നെ ഇത്തരത്തില്‍ നിങ്ങളുടെ വരുമാനം, ഇളവുകള്‍ ലഭിക്കാനുള്ള മേഖലകള്‍, എത്ര ഇളവ് ലഭിക്കും എന്നിവ കണക്കാക്കി പഴയ വ്യവസ്ഥയോ പുതിയ വ്യവസ്ഥയോ എന്നു തീരുമാനിക്കുന്നത് ഉചിതമായിരിക്കും.

Tags:    

Similar News