പ്രവാസികള്‍ക്ക് നേരെയും വടിയെടുത്ത് കേന്ദ്രം; ആദായനികുതി വെട്ടിപ്പ് തടയുക ലക്ഷ്യം

സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികള്‍ക്ക് നോട്ടീസ്

Update:2024-01-10 14:49 IST

Image : Canva

ആദായനികുതി വെട്ടിപ്പ് തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി പ്രവാസി ഇന്ത്യക്കാര്‍ക്ക് നേരെയും വടിയെടുത്ത് കേന്ദ്രം. ഒരു സാമ്പത്തിക വര്‍ഷം 181 ദിവസത്തിന് താഴെ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് പ്രവാസി (NRI) സ്റ്റാറ്റസ് നല്‍കുന്നത്.

എന്‍.ആര്‍.ഐ സ്റ്റാറ്റസ് ലഭിച്ചവര്‍ വിദേശത്ത് സമ്പാദിക്കുന്ന ആസ്തി വെളിപ്പെടുത്തുകയോ ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുകയോ വേണ്ട. എന്നാല്‍, 181 ദിവസത്തിലേറെ ഇന്ത്യയില്‍ തന്നെ ചെലവിടുകയും ആദായനികുതി അടയ്‌ക്കേണ്ട വേളയില്‍ പ്രവാസിയാണെന്ന് ചൂണ്ടിക്കാട്ടി നികുതിബാധ്യത ഒഴിവാക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ ആരംഭിച്ചത്.
നോട്ടീസ് അയച്ചുതുടങ്ങി
ഇന്ത്യയില്‍ താമസിച്ചതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങിയിട്ടുണ്ട്.
2014-15 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് തേടുന്നത്. 181 ദിവസത്തിലധികം ഇന്ത്യയില്‍ തന്നെയാണ് തങ്ങിയതെങ്കില്‍ വരുമാനത്തിനുള്ള ആദായനികുതി അടയ്ക്കണം. 181 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ പ്രവാസി (NRI) സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നതാണ് കാരണം.
കൊവിഡ് പശ്ചാത്തലത്തിലും തുടര്‍ന്നും ഇന്ത്യയിലെത്തിയ നിരവധി പ്രവാസികള്‍ 181 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുകയും പ്രവാസിയെന്ന പേരില്‍ ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് കേന്ദ്രം വാദിക്കുന്നത്.
വലിയ തിരിച്ചടി
2014-15 മുതലുള്ള വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കണമെന്ന് പറയുന്നത് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് നികുതി വിദഗ്ദ്ധരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ചൂണ്ടിക്കാട്ടുന്നു. പാസ്‌പോര്‍ട്ടിലെ സ്റ്റാംപിംഗ് പ്രവാസികള്‍ക്ക് വിദേശത്ത് കഴിഞ്ഞതിന്റെ തെളിവായി കാട്ടാവുന്നതാണ്. എന്നാല്‍, നിരവധി രാജ്യങ്ങളില്‍ സ്റ്റാംപിംഗ് ആവശ്യമില്ലെന്നത് ഈ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
Tags:    

Similar News