2023-2024 അസെസ്മെന്റ് ഇയറിലെ ആദായനികുതി റിട്ടേണ്‍; ചില സംശയങ്ങളും, അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളും

ആദായനികുതി അടയ്ക്കാനുള്ള ബാധ്യതയില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യണോ? വായിക്കാം

Update:2023-07-13 19:17 IST

2023-2024 അസെസ്‌മെന്റ് ഇയറിലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വരുന്ന ചില സംശയങ്ങളുടെ മറുപടികള്‍ താഴെ ചേര്‍ക്കുന്നു.


(1) ആദായനികുതി അടയ്ക്കാനുള്ള ബാധ്യതയില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യണോ?

സാധാരണയായി വ്യക്തികളുടെ മൊത്ത വരുമാനം താഴെ ചേര്‍ക്കുന്ന തുകയില്‍ കൂടുതലാണെങ്കില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

(a) 60 വയസ്സില്‍ താഴെയുള്ള വ്യക്തികള്‍ - 2,50,000 രൂപ

(b) 60 വയസ്സിനും 80 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - 3,00,000 രൂപ

(c) 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍- 5,00,000 രൂപ

കൂടാതെ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 139(1)അനുസരിച്ച് ബാധ്യതയുള്ളവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

(2) 10 E ഫോറം എപ്പോഴാണ് ഫയല്‍ ചെയ്യുക?

ശമ്പള കുടിശ്ശിക/ പെന്‍ഷന്‍ കുടിശ്ശിക എന്നിവ ലഭിച്ചിട്ടുണ്ടെങ്കില്‍ '10E' ഫോറം പൂരിപ്പിച്ച് വകുപ്പ് 89 അനുസരിച്ചിട്ടുള്ള റിലീഫ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. '10E' ഫോറം ആദ്യം ഫയല്‍ ചെയ്തതിന് ശേഷമാണ്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ തെറ്റ് വരുന്നതാണ്.

(3) Are you opting for new tax regime U/S115BAC ?എന്ന ചോദ്യത്തിന് എന്താണ് ഉത്തരം നല്‍കുക?

പുതിയ regime അനുസരിച്ചിട്ടുണ്ടെങ്കില്‍ 'yes' എന്നത് കൊടുക്കണം. അല്ലെങ്കില്‍ 'No' എന്നത് കൊടുക്കണം.

(4) പുതിയ രീതിയോ, പഴയ രീതിയോ എന്ന തീരുമാനം പരമാവധി ഏത് തീയതി വരെയാണ് എടുക്കുവാന്‍ കഴിയുന്നത്?

ജൂലായ് 31, 2023 വരെയാണ്. അതിനുശേഷം സാധ്യമല്ല.

(5) ITR-V ന്റെ കോപ്പി അയച്ചു കൊടുത്തിട്ടുള്ള വേരിഫിക്കേഷന്‍ സാധ്യമാണോ?

സാധ്യമാണ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ട് '30' ദിവസത്തിനുള്ളില്‍ കോപ്പി അയച്ചുകൊടുക്കണം.

(6) ബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ ടിഡിഎസ് (TDS) വരുമോ?

ഇല്ല. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം ബാധകമായിട്ടുള്ള ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന പക്ഷം പലിശ കൊടുക്കുമ്പോള്‍ വകുപ്പ് 194 A (ആദായ നികുതി നിയമത്തിലെ) അനുസരിച്ച് ടി.ഡി.എസ് (TDS) ഈടാക്കുവാന്‍ പാടില്ല.

(7) കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഈ വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ബാധകമാണോ?

അല്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഈ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ബാധകമല്ല. അടുത്ത വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഇത് ബാധകമാകുന്നത്.

(8) 'കാര്‍' (Car) വാങ്ങുമ്പോള്‍ (TCS) വരുമോ?

ആദായ നികുതി നിയമത്തിലെ വകുപ്പ് '206 C(IF)' അനുസരിച്ച് '10 ലക്ഷം' രൂപയില്‍ കൂടുതല്‍ വിലയ്ക്ക് കാര്‍ വില്‍ക്കുമ്പോള്‍ വില്‍ക്കുന്ന വ്യക്തി ആ തുക കൈപ്പറ്റുന്ന സമയത്ത് 1% (വില്‍പ്പനവിലയുടെ) 'TCS' ആയി ഈടാക്കണം. വില്‍പ്പന വില കൂടാതെയാണ് കൈപ്പറ്റുന്നത്.

(9) ഇങ്ങനെയുള്ള 'TCS' ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്ലെയിം ചെയ്യുവാന്‍ സാധിക്കുമോ?

TDS, TCS എന്നിവ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.

(10)വകുപ്പ് 234A, 234B, 234C,234F എന്നിവ അനുസരിച്ചുള്ള പലിശ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അടയ്ക്കണോ?

Advance Tax, റിട്ടേണ്‍ ഫയലിംഗ് എന്നിവ സംബന്ധിച്ച വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ വകുപ്പ് 234A, 234B, 234C,234F എന്നിവ അുസരിച്ചുള്ള പലിശ അടയ്‌ക്കേണ്ടി വരുന്നതാണ്.

(11) റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് AIS (Annual Information Statement) പരിശോധിക്കണോ?

വേണം. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമുമ്പ് AIS (Annual Information Statement) പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

( ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനെക്കുറിച്ച ഇപ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ടോ? ഇ-മെയിൽ ചെയ്യാം. mail@dhanam.in )

Similar News