അടുത്ത അവലോകന വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തുടങ്ങാം, മനസിലാക്കാം ചില കാര്യങ്ങള്‍
ആദായനികുതി റിട്ടേണ്‍ സുഗമമായി ഫയല്‍ ചെയ്യുവാന്‍ അറിയാം ഇക്കാര്യങ്ങള്‍
2022-23 അസെസ്‌മെന്റ് ഇയറിലെ ബാധകമല്ലാത്ത വ്യക്തികളുടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി ജുലൈ 31ന് അവസാനിച്ചിരിക്കുന്നു. മേല്‍സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കണം. എങ്കില്‍ മാത്രമേ അടുത്തവര്‍ഷം ജുലൈ 31ന് അടുത്തവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സുഗമമായി ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു
(1) എത്രയും പെട്ടെന്ന് നിങ്ങളുടെ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തുക. 10E പോലുള്ള പല ഫോറങ്ങളുടയും വെരിഫിക്കേഷന്‍ ഇലക്ട്രോണിക് രീതിയില്‍ മാത്രമാണ്. ഇലക്ട്രോണിക് വെരിഫിക്കേഷന് പല മാര്‍ഗങ്ങളുണ്ടെങ്കിലും ഏറ്റവും നല്ല മാര്‍ഗം ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷനാണ്.
(2) ആഗസ്റ്റ് ഒന്നാം തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ITR V സ്പീഡ് പോസ്റ്റില്‍ ബംഗളൂരുവിലെ ഓഫീസിലേക്ക് അയച്ചിരിക്കണം (ഇലക്ട്രോണിക് വെരിഫിക്കേഷന്‍ തെരഞ്ഞെടുക്കാത്തവര്‍). നേരത്തെ 120 ദിവസത്തിനുള്ളില്‍ അയച്ചാല്‍ മതിയായിരുന്നു.
(3) ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ ഹോം ലോണ്‍ 2022-23 സാമ്പത്തിക വര്‍ഷം എടുത്താല്‍ വകുപ്പ് 80EEA അനുസരിച്ചുള്ള കിഴിവ് 1.5 ലക്ഷം രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കില്ല. വീട് വാങ്ങിക്കുന്നതിനുള്ള പലിശയാണ് പരമാവധി 1.5 ലക്ഷം രൂപ കിഴിവായി അനുവദിച്ചിരിക്കുന്നത്.
(4) വകുപ്പ് 80 D അനുസരിച്ചുള്ള കിഴിവ് ലഭിക്കുന്നതിന് വേണ്ടി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചോ ബാങ്ക് മുഖാന്തിരമോ അടച്ചിരിക്കണം. എന്നാല്‍ പ്രതിരോധ മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ പരമാവധി 5,000 രൂപ കിഴിവായി ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ആ തുക ക്യാഷായി അടച്ചാല്‍ മതി. എന്നാലും കിഴിവ് ലഭിക്കുന്നതാണ്.
സീനിയര്‍ പൗരന്മാര്‍ അല്ലെങ്കില്‍ രക്ഷാകര്‍ത്താക്കളായ പൗരന്മാര്‍ തുടങ്ങിയവരുടെ ചികിത്സാ ചെലവായി അവര്‍ക്കോ അവരുട മക്കള്‍ക്കോ (ആരാണ് അടച്ചത് അവര്‍ക്ക്) ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ് (വകുപ്പ് 80D). ഇങ്ങനെ ക്ലെയിം ചെയ്യുന്നതിനും ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചോ ബാങ്ക് മുഖാന്തിരമോ ചെലവാക്കിയിരിക്കണം. മെഡിക്കല്‍ ഇന്‍ഷുറന്‍സുണ്ടെങ്കില്‍ ഇപ്രകാരമുള്ള 50,000 രൂപ വകുപ്പ് 80D അനുസരിച്ച് ക്ലെയിം ചെയ്യുവാന്‍ സാധിക്കില്ല.
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആരംഭിച്ച് മെഡിസെപ് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയാണ് എന്ന കാര്യം മനസിലാക്കുക.
(5) 10E ഫയല്‍ ചെയ്ത് വകുപ്പ് 89(1) അനുസരിച്ചുള്ള റിലീഫ് ക്ലെയിം ചെയ്യണമെങ്കില്‍ കാര്യമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക.
(6) 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി ഈ വര്‍ഷം തന്നെ അടച്ച് വകുപ്പ് 234B, വകുപ്പ് 234C എന്നിവ പ്രകാരമുള്ള പലിശ ഒഴിവാക്കുക.
(7) വകുപ്പ് 80TTA അനുസരിച്ച് പരമാവധി 10,000 രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശയ്ക്ക് മേല്‍ ഇത്തരത്തില്‍ 80TTA ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(8) കേരള ട്രഷറി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80TTA ബാധകമല്ല.
(9) മുതിര്‍ന്ന പൗരന്മാര്‍ക്ക് വകുപ്പ് 80TTB അനുസരിച്ച് പരമാവധി 50,000 രൂപ ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(10) കേരള ട്രഷറി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80TTB ബാധകമല്ല.