ജിഎസ്ടി കുറച്ചതിന്റെ ലാഭം സ്വന്തമാക്കി: ജോണ്‍സണ്‍ & ജോണ്‍സണ് പിഴ ശിക്ഷ

Update: 2019-12-26 10:41 GMT

കേന്ദ്ര ജിഎസ്ടി പ്രകാരം ഉപഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട വിലക്കുറവ് ലഭ്യമാക്കാത്തതിന്റെ പേരില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് നാഷണല്‍ ആന്റി-പ്രോഫിറ്ററിംഗ് അതോറിറ്റി (എന്‍എഎ) 230.4 കോടി രൂപ പിഴയിട്ടു. തുക ഉപഭോക്തൃ ക്ഷേമനിധിയില്‍ അടയ്ക്കണം എന്നാണ് വിധി.

2017 നവംബര്‍ 15 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ച്, വിശദമായി വാദം കേട്ടശേഷമാണ് ശിക്ഷ വിധിച്ചത്. 18 ശതമാനം പലിശ സഹിതം തുക നിക്ഷേപിക്കാന്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനിക്ക് മൂന്ന് മാസത്തെ സമയമാണ് എന്‍എഎ ചെയര്‍മാന്‍ ബിഎന്‍ ശര്‍മ്മ ഒപ്പിട്ട ഉത്തരവില്‍ നല്‍കിയിട്ടുള്ളത്. കമ്പനി വീഴ്ച വരുത്തിയാല്‍ കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് പണം ഈടാക്കാന്‍ അനുമതിയുണ്ട്.

ഷാംപൂ, കോസ്‌മെറ്റിക്‌സ്, ഹെയര്‍ ഓയില്‍, കണ്ണട, ഷേവിങ് ഉപകരണങ്ങള്‍ തുടങ്ങിയ 178 ഉല്‍പ്പന്നങ്ങളുടെ നികുതിയാണ് 2017 നവംബറില്‍ ജിഎസ്ടി കൗണ്‍സില്‍ പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ആവശ്യമായ കുറവ് കമ്പനി വരുത്തിയില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ആന്റി പ്രോഫിറ്റിയറിങ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നികുതി കുറച്ച സമയത്ത് കമ്പനി പല ഉല്‍പ്പന്നങ്ങളുടെയും അടിസ്ഥാന വില ഉയര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ജി.എസ്.ടി നിരക്ക് ആദ്യം 28 ശതമാനമായിരുന്നത് പിന്നീട് 18 ശതമാനമാക്കി കുറച്ചിരുന്നു. ഈ ഘട്ടത്തില്‍ കമ്പനി ഉല്‍പ്പന്നങ്ങളുടെ വില കുറച്ചിരുന്നില്ല.വിഷയത്തില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മുന്‍പ് നെസ്ലെ കമ്പനിക്കും ഇതുപോലെ എന്‍എഎ പിഴ ശിക്ഷ വിധിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News