500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ കേരളം

നിലവില്‍ 1076 ചതുരശ്രയടിക്ക് മുകളിലുള്ള വീടുകള്‍ക്കാണ് നികുതി

Update:2022-06-07 14:40 IST

500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒറ്റത്തവണയായി ആണ് കെട്ടിട നികുതി ഏര്‍പ്പെടുത്തുക. നിലവില്‍ 1076 ചതുരശ്രയടിക്ക് മുകളിലുള്ള വീടുകള്‍ക്കാണ് നികുതി അടയ്‌ക്കേണ്ടത്.

എന്നാല്‍ നികുതി നിരക്കിനെ സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. 500 -600 ചതുരശ്രയടി, 600-1000 ചതുരശ്രയടി എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ ആയിരിക്കും വരുക. ആദ്യത്തെ സ്ലാബിന്റെ ഇരട്ടിയായിരിക്കും രണ്ടാമത്തെ സ്ലാബിലെ നികുതി നിരക്ക്.

300 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനായിരുന്നു സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭ പരിധി ഉയര്‍ത്തുകയായിരുന്നു. നിലവില്‍ 1076 -1614 ചതുരശ്രയടിയുള്ള വീടുകള്‍ക്ക് പഞ്ചായത്ത് തലത്തില്‍ 1950 രൂപയും നഗരസഭയില്‍ 3500 രൂപയും കോര്‍പറേഷന്‍ പരിധിയില്‍ 5200 രൂപയുമാണ് നികുതി അടയ്‌ക്കേണ്ടത്.

വീടുകളുടെ ആഡംബര നികുതി പിരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശവും ധനകാര്യ കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളാവും ഒറ്റത്തവണയായി അടക്കുന്ന ആഡംബര നികുതിയും ഇടാക്കുക. 3000-10000 ചതുരശ്രയടിയുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി ഈടാക്കുന്നത്.

Tags:    

Similar News