കേരളത്തിലെ പ്രത്യക്ഷ നികുതി പിരിവ് ദേശീയ ശരാശരിയിലും താഴെ
കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളത്തിന്റെ വളര്‍ച്ച 42%, ദേശീയ ശരാശരി 74%; കേരളം 12-ാം സ്ഥാനത്ത്
കേരളത്തില്‍ നിന്നുള്ള പ്രത്യക്ഷ നികുതി സമാഹരണം (ഡയറക്ട് ടാക്‌സ് കളക്ഷന്‍/Direct Tax Collection) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത് 42 ശതമാനം വളര്‍ച്ച. 2016-17ലെ 13,779.42 കോടി രൂപയില്‍ നിന്ന് 2021-22ല്‍ 19,562.02 കോടി രൂപയായാണ് വര്‍ദ്ധന. ഇക്കാലയളവില്‍ ദേശീയ ശരാശരി വളര്‍ച്ച 74 ശതമാനമാണ്.
2016-17ല്‍ മൊത്തം പ്രത്യക്ഷ നികുതി സമാഹരണത്തില്‍ കേരളത്തിന്റെ പങ്ക് 1.62 ശതമാനമായിരുന്നത് 2021-22ല്‍ 1.38 ശതമാനവുമായും കുറഞ്ഞു. ദേശീയതല പ്രത്യക്ഷ നികുതി പിരിവില്‍ 12-ാംസ്ഥാനമാണ് കേരളത്തിന്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയിലെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം 8.49 ലക്ഷം കോടി രൂപയില്‍ നിന്നുയര്‍ന്ന് 14.12 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു.
എന്താണ് പ്രത്യക്ഷ നികുതി?
ഒരു വ്യക്തിയോ സ്ഥാപനമോ നേരിട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി (Direct Tax). ഇന്ത്യയില്‍ വിവിധതരം പ്രത്യക്ഷ നികുതികള്‍ നിലവിലുണ്ട്: വ്യക്തിഗത ആദായനികുതി (Personal Income Tax), സ്വത്ത് നികുതി (Wealth Tax), എസ്‌റ്റേറ്റ് നികുതി (Estate Tax), കോര്‍പ്പറേറ്റ് നികുതി (Corporate Tax), മൂലധന നേട്ട നികുതി (Capital Gain Tax) എന്നിവയാണവ.
ചരക്ക്-സേവന നികുതി (ജി.എസ്.ടി), എക്‌സൈസ് നികുതി, കസ്റ്റംസ് നികുതി തുടങ്ങിയവ പരോക്ഷ നികുതികളാണ് (Indirect Tax).
വരുമാനത്തില്‍ വലിയ വളര്‍ച്ച
ദേശീയതലത്തില്‍ പ്രത്യക്ഷ നികുതി സമാഹരണം വലിയ വളര്‍ച്ചയാണ് കുറിക്കുന്നത്. 2013-14ലെ 6.38 ലക്ഷം കോടി രൂപയില്‍ നിന്ന് അറ്റ പ്രത്യക്ഷ നികുതി പിരിവ് (Net Direct Tax Collection) 2022-23ല്‍ 160.17 ശതമാനം വര്‍ദ്ധിച്ച് 16.61 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 14.12 ലക്ഷം കോടി രൂപയായിരുന്നു 2021-22ല്‍ ലഭിച്ചത്.
മുന്നില്‍ മഹാരാഷ്ട്ര
കഴിഞ്ഞ 5 വര്‍ഷത്തിനിടെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്നതില്‍ ഒന്നാംസ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 37.13 ശതമാനമാണ് മഹാരാഷ്ട്രയുടെ പങ്ക്. സമാഹരണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ മഹാരാഷ്ട്ര കുറിച്ച വളര്‍ച്ച 67 ശതമാനം. 5.24 ലക്ഷം കോടി രൂപയാണ് 2021-22ല്‍ മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചത്.
5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് തെലങ്കാനയാണ്; 687 ശതമാനം. 2016-17ലെ 3,452 കോടി രൂപയില്‍ നിന്ന് 27,184 കോടി രൂപയിലേക്കാണ് തെലങ്കാനയില്‍ നിന്നുള്ള സമാഹരണം കൂടിയത്. മിസോറമാണ് ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത്, 0.01 ശതമാനം മാത്രം. 2021-22ല്‍ മിസോറമില്‍ നിന്ന് ലഭിച്ചത് 90.14 കോടി രൂപ മാത്രമാണ്.