വ്യാപാരികൾക്ക് ആശ്വസിക്കാം; നികുതിയ്ക്ക് മേൽ നികുതി ചുമത്തില്ല

Update: 2019-03-09 07:05 GMT

Representational image

വ്യാപാരികൾക്ക് ആശ്വാസമായി ധനമന്ത്രാലയത്തിന്റെ പുതിയ സർക്കുലർ. ഉൽപന്നം വാങ്ങുമ്പോൾ തന്നെ ഉപഭോക്താവിൽ നിന്ന് പിരിക്കുന്ന നികുതി അഥവാ ടാക്സ് കളക്ടഡ് അറ്റ് സോഴ്സിന് (ടിസിഎസ്) ജിഎസ്ടി ഈടാക്കേണ്ടെന്നാണ് സർക്കുലർ പറയുന്നത്.

കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ സർക്കുലറിൽ ജിഎസ്ടി ഈടാക്കേണ്ടത് ടിസിഎസ് കൂടി ഉൾപെടുത്തിയാണെന്ന നിർദേശം വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. വൻ പർച്ചേസുകൾ നടത്തുന്ന ഉപഭോക്താക്കൾ നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ് ആദായനികുതി വകുപ്പ് ടിസിഎസ് സംവിധാനം ഏർപ്പെടുത്തിയത്.

ഇതനുസരിച്ച് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനം എന്ന നിരക്കിൽ ടിസിഎസ് ഈടാക്കിയിരുന്നു. ഈ ടിസിഎസിന് ജിഎസ്ടി നൽകണം എന്ന നിബന്ധന നികുതിയ്ക്ക് മേൽ നികുതിയെന്ന അധിക ഭാരമായി.

പ്രത്യക്ഷ നികുതി ബോർഡ് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലർ ഈ ആശയക്കുഴപ്പം പരിഹരിക്കുന്നതായിരുന്നു. ഇനിമുതൽ ടിസിഎസിന് ജിഎസ്ടി നൽകേണ്ടതില്ല. ടിസിഎസ് എന്നാൽ നികുതി സ്വഭാവമില്ലാത്ത ഒരു ഇടക്കാല ലെവിയാണെന്ന് സർക്കുലർ വിശദീകരിക്കുന്നു.

ഏകദേശം പത്തോളം ഉൽപന്നങ്ങൾക്ക് ടിസിഎസ് ഈടാക്കുന്നുണ്ട്.

Similar News