കേന്ദ്രസര്‍ക്കാരിന്റെ ഇളവുകള്‍ നികുതി ദായകരെ എങ്ങനെ ബാധിക്കും?

Update: 2020-04-21 10:31 GMT

പൊതുവേ വ്യക്തികള്‍ അവരുടെ നികുതി ബാധ്യതകളെ കുറിച്ച്് ആലോിക്കുന്നത് ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോഴുമാണ്.ലോക്ക് ഡൗണ്‍ മൂലം ഇത്തവണ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. നികുതി ലാഭ നിക്ഷേപങ്ങള്‍, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, 2020-21 വര്‍ഷത്തേക്കുള്ള ബജറ്റിംഗ് തുടങ്ങിയ വ്യക്തിഗത നികുതി ദായകരെ ബാധിക്കുന്ന പല കാര്യങ്ങളിലും മാറ്റം വന്നിരിക്കുകയാണ് ഗവണ്‍മെന്റിന്റെ പുതിയ ഇളവ് പ്രഖ്യാപനങ്ങള്‍.
ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചതാണ് ആശ്വാസകരമായ പ്രധാന നടപടി. കൂടാതെ നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നതിനുള്ള സമയവും നീട്ടിയിട്ടുണ്ട്. 2020 ജൂണ്‍ ആണ് പുതുക്കിയ തീയതി.

പുതിയ പ്രഖ്യാപനങ്ങള്‍ നിക്ഷേപകരെ എങ്ങനെയാണ് ബാധിക്കുക എന്ന് നോക്കാം.

നികുതിലാഭ നിക്ഷേപങ്ങള്‍

പിപിഎഫ്, എന്‍എസ് സി തുടങ്ങി  ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നു. അതേപോലെ സ്വന്തം പേരിലോ കുടുംബത്തിന്റേയോ അല്ലെങ്കില്‍ 60 വയസിനു മുകൡ പ്രായമുള്ള മാതാപിതാക്കളുടെ പേരിലോ  ജൂണ്‍ 30 നു മുന്‍പ് എടുക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയവും നികുതിയില്‍ നിന്ന് ഒഴിവാക്കാം. എന്‍പിഎസി(നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം)ലേക്ക് മാര്‍ച്ച് 31 ന് മുന്‍പ് പ്രീമിയം അടയ്ക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും ദീര്‍ഘിപ്പിച്ച കാലാവധിയുടെ പ്രയോജനം നേടാം.

മൂലധന നേട്ട നികുതി കുറയ്ക്കാന്‍ നിക്ഷേപം

മൂലധന നേട്ടത്തിനുള്ള നികുതി ലാഭം ലക്ഷ്യമിട്ട നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന നികുതി ദായകര്‍ക്കും കാലാവധി ദീര്‍ഘിപ്പിച്ചത് ഗുണകരമാകും. 2020 മാര്‍ച്ച് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി. ഇത് ജൂണ്‍ 29 വരെയാക്കിയിരിക്കുന്നു. വീട് വില്‍പ്പന പോലുള്ള ആസ്തികളുടെ വില്‍പ്പന വഴി ദീര്‍ഘകാല മൂലധന നേട്ടം നേടുന്ന നികുതി ദായകര്‍ക്ക് ഗുണകരമാണ് ഈ പ്രഖ്യാപനം.

പിഎം കെയേര്‍സ്

കോവിഡ് ബാധിത പ്രദേശങ്ങള്‍ക്കും ആളുകള്‍ക്കുമായി പ്രൈം മിനിസ്‌ട്രേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടി(പിഎം കെയേഴ്‌സ്)ന് രൂപം കൊടുത്തിട്ടുണ്ട്. ഈ പൊതു ചാരിറ്റബ്ള്‍ ട്രസ്റ്റിലേക്ക് വ്യക്തികള്‍ നല്‍കുന്ന സംഭാവന 100 ശതമാനം നികുതി മുക്തമാക്കിയിട്ടുണ്ട്. നികുതി ആനുകൂല്യം നേടിക്കൊണ്ട് രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് ഇത് വ്യക്തികള്‍ക്ക് നല്‍കുന്നത്. കാലയളവ് ദീര്‍ഘിപ്പിച്ചതു വഴി നികുതി ദായകര്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തിലോ 2020-21 സാമ്പത്തിക വര്‍ഷത്തിലോ ഈ അനുകൂല്യം പ്രയോജനപ്പെടുത്താം.

വായ്പാ/ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്

അടിയന്തര സാഹര്യങ്ങള്‍ നേരിടാന്‍ പണം ആവശ്യമായി വരുന്നതിനാല്‍ വ്യക്തികള്‍ക്ക് അവരുടെ ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ തുടങ്ങിയ എല്ലാത്തരം വായ്പകളുടേയും തിരിച്ചടവില്‍ അടുത്ത മൂന്നു മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച്് ഒന്ന് മുതല്‍ മെയ് 31 വരെയാണ് ഈ ആനുകൂല്യം. ഇക്കാലയളവില്‍ തിരിച്ചടവില്‍ വരുന്ന വീഴ്ച വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍ ഇക്കാലയളിവിലെ പലിശ ഒഴിവാക്കിയിട്ടില്ല.

റിവൈസ്ഡ് റിട്ടേണ്‍

റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി 2020 മാര്‍ച്ച് 31 ല്‍ നിന്ന് ജൂണ്‍ 30 ആക്കിയിട്ടുണ്ട്. കാഷ് ഫ്‌ളോയ്ക്കനുസരിച്ച് നികുതി അടയ്ക്കാന്‍ ഇത് വ്യക്തികളെ സഹായിക്കും. എന്നാല്‍ വൈകുന്ന മാസത്തിന് പലിശ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ഇത് 0.75 ശതമാനം മാത്രമാണ്. അല്ലാത്ത സമയത്ത് ഇത് മാസം ഒരു ശതമാനമായിരുന്നു.

ആധാര്‍ പാന്‍ ലിങ്കിംഗ്്

ഗവണ്‍മെന്റ് ഇതിനകം തന്നെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി പലതവണ നീട്ടിയിട്ടുണ്ട്. 2020 മാര്‍ച്ച് 31 ആയിരുന്നു പുതിയ കാലാവധി. എന്നാല്‍ കോവിഡ് 19 സാഹര്യം കണക്കിലെടുത്ത് ഇതും ജൂണ്‍ 30 ആക്കിയിട്ടുണ്ട്. അതിനു ശേഷവും ആധാര്‍ ലിങ്ക് ചെയ്യാത്തവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാകും.

ടാക്‌സ് റിട്ടേണ്‍, ടാക്‌സ് സേവിംഗ് ഇന്‍വെസ്റ്റ്‌മെന്റ്, ടാക്‌സ് ബാധ്യതകള്‍ എന്നിവയെ കുറിച്ച് വീണ്ടും ചിന്തിക്കാനുള്ള അവസരമാണ് പുതിയ ഇളവുകളിലൂടെ ലഭിച്ചിരിക്കുന്നത്. അതേ പോലെ അടുത്ത വര്‍ഷത്തേക്കുള്ള നികുതി പ്ലാന്‍ ചെയ്യാനും ഏതു നികുതി സ്‌കീം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുമുള്ള നല്ല സമയമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News